Saturday, October 24, 2009

ഇലകളുടെ ഭുപടം

നഗരത്തിലെ ഓഫീസില്‍
ചില്ലുടുപ്പിട്ട
ചതുരമുറിയിലിരുന്ന്
നട്ടപ്പാതിരയ്ക്ക്
ഇലകളുടെ ഭുപടത്തില്‍
ഞാനെന്റെ ഗ്രാമത്തിലെ
വീടുതിരയുന്നു

വീടിനോടുചേര്‍ന്ന
റബര്‍തോട്ടം തിരയുന്നു
തേക്കിലയുമായിവന്ന്
കൂക്കിവിളിക്കുന്ന
മീന്‍കാരന്‍
മൊയ്തീനെത്തിരയുന്നു
പട്ടിയുടെ വരിയെടുക്കാന്‍
പാത്തുപതുങ്ങിയെത്തുന്ന
മത്തായിച്ചേട്ടനെത്തിരയുന്നു
നായിക്കമ്പറമ്പില്‍കാരുടെ
ചായക്കടതിരയുന്നു
ഇരുതുടകളിലും കൈവെച്ച്
ഇടക്കുള്ളവനെ ഉണര്‍ത്തുന്ന
ഇട്ടൂപ്പുചേട്ടന്റെ
ബാര്‍ബര്‍ഷോപ്പ് തിരയുന്നു
പത്തുമണി പെണ്കുട്ടിയേയും കൊണ്ട്
പറന്നുപോകുന്ന
ഫാത്തിമ ബസ്സുതിരയുന്നു

മലാന്‍ വന്നടിഞ്ഞ
കടവുതിരയുന്നു
മലാന്‍കടവ് ആര്‍ട്സ് ആന്‍റ്‌
സ്പോര്‍ട്സ് ക്ലബ് തിരയുന്നു
മുച്ചീട്ടുകളിക്കാരുടെ
മെഴുകുതിരി വെളിച്ചത്തില്‍
മെഴുവേലിബാബുജിയുടെ
മഞ്ഞപ്പുസ്തകം തിരയുന്നു

കുട്ടിക്കുപ്പായമിട്ട്
കുളിച്ചുകേറുന്ന
കുഞ്ഞമ്മായിയെ തിരയുന്നു
ഈറ്റക്കാടുകള്‍ക്കിടയില്‍ വീണ
വാണത്തിന്റെ
വിത്തുതിരയുന്നു

നഗരത്തിലെ ഓഫീസില്‍
ചില്ലുടുപ്പിട്ട
ചതുരമുറിയിലിരുന്ന്
നട്ടപ്പാതിരയ്ക്ക്
ഇലകളുടെ ഭുപടത്തില്‍ ഞാനെന്നെത്തിരയുന്നു


ആഴങ്ങളിലേക്കോ
ആരോഹണങ്ങളിലേക്കൊപോകാതെ
അലഞ്ഞുതിരിയുന്ന
ഈ പച്ചഞരമ്പുകള്‍
എന്റെതന്നെ വേരുകളാണ്‌
എന്നൊക്കെ പറഞ്ഞവസാനിപ്പിക്കും മുമ്പൊരുചോദ്യം
നട്ടപ്പാതിരയ്ക്ക്
പോണ്‍ സൈറ്റില്‍
പെണ്ണുടലുകള്‍
പരതുന്നവന്റെ
പെടാപ്പാട് നിനക്കറിയുമോ വായനക്കാരീ[രാ]

Tuesday, October 20, 2009

ഏകാന്ധത

ഏകാന്തത ഏകാന്തത എന്ന്
കേട്ടുകേട്ടു ചടച്ച്
ഇറങ്ങിനടന്നൂ ഏകാന്തത
ഏകാന്തത എന്ന വാക്കിന്റെ
വീട്ടില്‍നിന്നും

Wednesday, October 14, 2009

ഫ്രെയ്മില്‍ ഒരില

സ്ഖലനത്തിനു തൊട്ടുമുന്‍പുള്ള നിമിഷത്തിന്റെ
അനിശ്ചിതത്വം പോലെ

ഫ്രെയ്മില്‍ ,

അകത്തേക്കും
പുറത്തേക്കും
ഇളകിയാടിക്കൊണ്ടിരുന്നു
വെളിച്ചത്തിന്റെ പലനിലകള്‍
നിറങ്ങളെ
സവിശേഷമായി സന്നിവേശിപ്പിച്ച
ഒരില

കൈകള്‍ കുഴഞ്ഞുതുടങ്ങി
ശ്വസം നിലച്ചുതുടങ്ങി
ശരീരം കിതച്ചുതുടങ്ങി
അവസാനമായി ഉയര്‍ന്നുതാഴേണ്ട വിരലുകള്‍
വിറച്ചുതുടങ്ങി

പിന്‍വാങ്ങിയാലോ എന്നതോന്നല്‍
പിന്നില്‍നിന്ന് പിടിച്ചുവലിച്ചുതുടങ്ങി

അനങ്ങരുതേ
അനങ്ങരുതേ
അനങ്ങരുതേ

ഒരനക്കം മതി
അപാരതയെ അനുഭവി[പ്പി]ക്കേണ്ടിയിരുന്ന
ഒരു നിമിഷം
സ്ഖലിച്ചില്ലാതാവാന്‍

Wednesday, September 30, 2009

മണ്ണാങ്കട്ടയും കരിയിലയും

മണ്ണാങ്കട്ടയും കരിയിലയും

കാശിക്കുപോയി

കാശിയിലേക്കുമാത്രമല്ല

ഹരിദ്വാറിലേക്കും ഗയയിലേക്കും

അയോധ്യയിലേക്കും നൈമിഷാരണ്യത്തിലേക്കും പോയി

വിവേകാനന്ദ ട്രാവല്‍സിന്റെ

ടൂര്‍പാക്കേജിലാണു പോയത്‌

ഗംഗയില്‍ മുങ്ങിനിവര്‍ന്നു

കൈലാസനാഥനെ തൊഴുതുനിവര്‍ന്നു

ഉറക്കച്ചടവില്‍ മൂരിനിവര്‍ന്നു

കാറ്റുവീശാതിരുന്നില്ല

മഴ പെയ്യാതെയുമിരുന്നില്ല

സ്വറ്ററിട്ടിട്ടുണ്ടായിരുന്നു

ഷട്ടറുതാഴ്ത്തിയിരുന്നു

ഒരു ചുക്കും സംഭവിച്ചില്ല

Friday, September 25, 2009

ജീവിതമേ

ഗൃഹാതുരമായൊന്ന്

പല്ലുതേക്കാമെന്നുകരുതി

നീണ്ടതാണ്‌

വെളിച്ചത്തിനെതിരേ നില്‍ക്കുന്ന

മാവിലക്കുനേരെ

ഒരു കൈ

പച്ചയുടെ വരമ്പിലെ

വേരുകളുടെ വെപ്രാളംകണ്ട്

ഓ ജീവിതമേ എന്ന്

ആര്‍ത്തലച്ച്

ഉള്‍വലിഞ്ഞു അത്‌

Tuesday, September 22, 2009

ഇലകളുടെ ബൈബിള്‍

കൈയ്യാലപ്പുറത്തുവീണ ഒരില
ഏതുപറമ്പിലെ വളമാകണമെന്ന്
ഒരുനിമിഷം ശങ്കിച്ച്
കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌ എന്ന
ഇലകളുടെ ബൈബിളിലെ ഒന്നാം പ്രമാണം
ആവര്‍ത്തിച്ചുരുവിട്ടുകൊണ്ട്
താഴേക്കുതുഴഞ്ഞു

Wednesday, September 16, 2009

പ്രതി സന്ധി


വെളുക്കുവോളം

വെള്ളംകോരി

വിലോഭിപ്പിച്ചതെന്തിനായിരുന്നൂ

വിലാസിനീ ...

നിന്നെ സന്ധിക്കുന്നതിനായിമാത്രം

വാങ്ങിവെച്ച

വി.ഐ.പി. ഫ്രെഞ്ചി

വെറുതെയായല്ലോ

Saturday, September 5, 2009

വെളിച്ചം

വെളിച്ചം വീണതിന്റെ
ഉല്ലാസം
പുരപ്പുറത്തുനിന്ന്
ഉദ്ഘോഷിക്കുന്നു
പൂവന്‍കോഴി

വെളിവുപോണതിന്റെ
ഉന്മാദം
പൂരപ്പറമ്പില്‍ കിടന്ന്
ആഘോഷിക്കുന്നവരുടെ
നാട്ടില്‍

Wednesday, August 12, 2009

ഋതു

പ്രണയിക്കുന്നവന്റെ ശരീരം
ഒരേസമയം
ഒരുപാടു ഋതുക്കളെ
കൊണ്ടുനടക്കുന്നു

ഒരൊറ്റനോട്ടംകൊണ്ട്
പൂമരമാകാനും
നോട്ടക്കുറവുകൊണ്ട്
പുഴുമരമാകാനും
അതിനു കഴിയും

മഴയോ മഞ്ഞോ വെയിലോ
ഇതുപോലെ
മറ്റെവിടെയും പെയ്യുന്നില്ല
കരച്ചിലോ എരിച്ചിലോ പുകച്ചിലോ
ഇതുപോലെ മറ്റാരുമറിയുന്നില്ല

ഉദയാസ്തമയങ്ങള്‍
അവനില്‍ ഏശുന്നതേയില്ല

കാമുകിയെ
കാത്തിരിക്കുമ്പോഴല്ലാതെ
വാച്ചുനോക്കാറില്ല
.....

ഒരുനാള്‍
ഓടവെള്ളത്തില്‍
ചീര്‍ത്തുപൊന്തിയനിലയില്‍
കാമുകന്റെ ജഡം കണ്ടെത്തി

പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍
രൂപകങ്ങളുടെ ആധിക്യത്താല്‍
പോക്കുവരവുകള്‍ നിലച്ച
ഒരു ഹൃദയം
ഡോക്ടര്‍ കണ്ടെത്തി

ഒരു മഞ്ഞുകട്ട
ഒരു വെയില്‍ച്ചീള്‍
നിലാവിന്റെ ഒരു കഷണം
ഒറ്റമരം
കൊഴിഞ്ഞ ഇല
അന്തിമാനം
ലോകാവസാനം വരേക്കും
ടാറ്റ ടു ടാറ്റ ഫ്രീയായിട്ടുള്ള സിം
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ
പ്രണയകവിതകളുടെ
പൊട്ടിയ സീഡി
എന്നിങ്ങനെ ടേബിളില്‍ നിരന്നു

പരിശോധനാമുറിയില്‍നിന്നിറങ്ങുമ്പോള്‍
നിലതെറ്റാത്ത
നാലുപെഗ്ഗില്‍
നാളിതുവരെ
താന്‍ അലിയിച്ചുകളഞ്ഞുകൊണ്ടേയിരുന്ന
രൂപകങ്ങളേക്കുറിച്ചായി
ഡോക്ടറുടെ ചിന്ത

Tuesday, July 7, 2009

മരണത്തെക്കുറിച്ച് ഒരു മധുരഗീതം

ഈ രാത്രി
അവളോടൊത്ത് ചിലവഴിക്കാമെന്ന്
വാക്കുകൊടുത്തതാണ്‌

പത്തുകൊല്ലം
പള്ളിയില്‍പ്പോയതിന്റെ
പാപബോധംകൊണ്ടാകണം
പോകുന്നകാര്യം മാത്രം
മറ്റവളോടു പറഞ്ഞു

പോയാല്‍
ചത്തുകളയുമെന്ന്
അവള്‍ പറഞ്ഞു
അടുപ്പില്‍നിന്ന്
ഒരുതീക്കൊള്ളിയെടുത്ത്
കൈയില്‍ വെച്ച് ഉദാഹരിച്ചു

വെന്ത മാംസത്തിന്റെ
മണം വന്നപ്പോള്‍
ഉണര്‍ന്ന ലിംഗം
അതുപോലെ ഉറങ്ങി

ഉണര്‍ന്നപ്പോള്‍
ചാകുന്നെങ്കില്‍ ചാക്
പോ പുല്ലെ എന്നുപറഞ്ഞിറങ്ങി

പോകുന്നപോക്കില്‍
പോക്കറ്റിലെ ഫോണ്‍ വിറച്ചു
അവള്‍ മറ്റവന്റെ കട്ടിലിലാണെന്നുമാത്രം
ഒരു മെസ്സേജ്

...
ഒരു രാത്രിമുഴുവന്‍
ഉറങ്ങാതിരുന്നതിന്റെ പക
അവളുടെ കണ്ണില്‍
അനുനയിപ്പിക്കാന്‍
മണിക്കൂറുകളെടുത്തു

ഒടുവില്‍ ആ കൈ കഴുത്തില്‍ ചുറ്റിയപ്പോള്‍
ഒരുപാടുകാലത്തെ ഋതുക്കള്‍
ഒരുമിച്ചുണര്‍ന്നു
സ്വയംഭോഗത്തിന്റെ പാതിരകളില്‍
നട്ടുച്ചയുടെ വെയില്‍പൂത്തു
രോമങ്ങള്‍
ഉണര്‍ന്ന്
കോട്ടുവായിട്ട്
ഇത്രകാലവും
ചെരിഞ്ഞ്,
ചൊറിഞ്ഞ്
കിടന്നതിന്റെ
ക്ഷീണം മാറ്റി

എത്ര വൈകി വൈകി വൈകിയാണ്‌
ആ കൈ
അരക്കെട്ടോളമെത്തിയത്
എത്ര വൈകി വൈകി വൈകിയാണ്‌
അരക്കെട്ടിലെ ചെരിഞ്ഞ ഗോപുരത്തില്‍
മിനുക്കുപണികള്‍ തുടങ്ങിയത്‌

അപ്പൊഴാണ്‌
അവളുടെ മറ്റവന്റെ
ബുള്ളറ്റിന്റെ
കടകട ശബ്ദം
മുറ്റത്തുവന്ന് നിന്നത്‌

.
.
.
.
ഞാനിതാ
ആടയാഭരണങ്ങളില്ലാതെ
ആധിവ്യാധികളില്ലാതെ
ആദിമധ്യാന്തങ്ങളില്ലാതെ
വടിയായി
നില്‍ക്കുന്നു
എന്നെങ്കിലും
വരുന്നെങ്കില്‍
ഇതുപോലെ വരണം
മൈരുമരണമേ

Tuesday, April 21, 2009

നട്ടെല്ലോ? അതേതെല്ല്? അതില്ലേലെന്ത്?


നട്ടെല്ലിലൂടെ ഒരു പുഴ ഒഴുകുന്നു


പുഴയില്‍നിന്ന് കരയിലേക്കും
കരയില്‍നിന്ന് പുഴയിലേക്കും
ചില കുഴലുകള്‍ തുറക്കുന്നു


വെയില്‍കൊണ്ട് വലഞ്ഞ മണല്‍
ലോറിയില്‍ക്കയറി
നഗരംകാണാനിറങ്ങുന്നു

ഊണുമേശയിലെ
ഉദ്യാനത്തില്‍
ഉടുത്തൊരുങ്ങിക്കിടക്കാന്‍ കൊതിച്ച്
മീനുകള്‍
പഴുതില്ലാത്ത വലയോ
ചൂണ്ടയോ തേടി നടക്കുന്നു

ഇരു വശങ്ങളിലെയും മതിലുകള്‍

കൃത്യമായ ഇടവേളകളില്‍
പുഴയിലേക്കിറങ്ങുന്നു

ഒരു കുടം
ഒരു ജഡം
തെന്നിച്ചുവിട്ട ഒരു കല്ല്‌
ഊരിപ്പിഴിയുന്ന ഒരുടുമുണ്ട്
ഉണക്കമരത്തിലെ
ഒഴുക്കുമോഹിച്ച ഒരുചില്ല
എന്നിങ്ങനെ
ഓര്‍ക്കാപ്പുറത്ത്
ഓരോന്ന്
വന്നുവീഴുന്നു


പുല്ലുതേടിയിറങ്ങിയ ഒരു പയ്യ്
ഒന്നുമുഖംനോക്കി
ഒന്നു മാനം നോക്കി
ഒരിറക്കില്‍ ദാഹം തീര്‍ത്ത്
യാത്രതുടരുന്നു

നട്ടെല്ലിലെ പുഴ മെലിയുന്നു

പുഴ വെറുമൊരു കുഴിയാകുന്നു
കുളിതെറ്റിയൊരു പെണ്‍കുട്ടി
കുഴിയില്‍ച്ചാടുന്നു
-കുഴിയില്‍ച്ചാടിയൊരു
പെണ്‍കുട്ടിയുടെ കുളിതെറ്റുന്നു-

കുഴി
കടല്‍
കിനാവുകാണുന്നു

കണ്ണാടി കളവുപോയതറിയാതെ
കരയിലൊരു മരം
കുന്തിച്ചുനില്‍ക്കുന്നു

Wednesday, April 1, 2009

നോക്കിനോക്കിയിരിക്കെ

നോക്കിനോക്കിയിരിക്കെ

വെണ്മേഘങ്ങള്‍

ചുവന്നു

പിന്നെ മാഞ്ഞു

നോക്കിനോക്കിയിരിക്കെ ...

Wednesday, March 25, 2009

കരയാതെ കരയേ


ഓരോരോ തിരയായി വന്നുവന്ന്

നുരയുള്ള തലോടലില്‍ അലിഞ്ഞലിഞ്ഞ്

അടിവേരുനിന്ന നിലമാകെ പോയല്ലോ

അടിതൊട്ട് മുടിവരെ

ഉടലാകെ ഉലഞ്ഞല്ലോ

പത്രക്കാരെ

പടം പിടിക്കുന്നോരെ

ഓടിവരണെ

ഞാനിതാ

കടപുഴകി വീഴുന്നേ

കടല്‍ തഴുകി വീഴ്ത്തുന്നേ

Saturday, March 21, 2009

അതേ പഴയ പ്രഭാതം

വിനോദിനീ
ഒരു പ്രഭാതം കണ്ടിട്ട്
എത്രനാളായി

പോയവര്‍ഷം
ഇതുപോലൊരു ദിനത്തില്‍
ഇതുപോലൊരു വെളുപ്പിന്‌
ഇതുപോലെ ഉറക്കച്ചടവോടെ
ഉണര്‍ന്നതാണ്

പ്രണയദിനമാണ്‌
ഇന്നെങ്കിലും നേരത്തെ ഉണര്‍ന്നേപറ്റൂ
എന്നു നീ പറഞ്ഞിട്ടാണ്‌
എന്റെ
എസ്സെമ്മസിന്റെ മണിനാദം
കേട്ടുണരണമെന്നു ശഠിച്ചിട്ടാണ്

ഉറക്കത്തിലേക്കുള്ള പേച്ചുകള്‍ക്കിടയില്‍
ബാലന്‍സ് തീര്‍ന്നതറിയാതെ
ഉണര്‍ന്നതാണ്

മഞ്ഞ് ചുറ്റുന്ന മലകളെ നോക്കീട്ട്
പൂക്കള്‍ വീണുകിടക്കുന്ന ഇടവഴികള്‍ പിന്നിട്ട്
ഉലയുന്ന മുലയുമായ്
പെണ്‌കുട്ടികള്‍ ഉലാത്തുന്നത്‌ കണ്ടിട്ട്
മഴചാറുന്ന വഴിയില്‍
കുടയേതുമില്ലാതെ
റീചാര്‍ജ് കൂപ്പണ്‍ തേടി
അലഞ്ഞതാണ്‌

ഒന്നിനും ഒരു മാറ്റവുമില്ല
എല്ലാം പഴയതുപോലെതന്നെ

മലകളെ ചുറ്റാതെ
മഞ്ഞ് മാറിനില്‌ക്കുന്നുണ്ടാകാം
ഇടവഴിയില്‍ പൂക്കള്‍ വീഴ്ത്തുന്ന ചില മരങ്ങള്‍
വീണുപോയിട്ടുണ്ടാവാം
പെറ്റിക്കോട്ടിനുള്ളില്‍
ഇളകിയാടിക്കൊണ്ടിരുന്ന മുലകള്‍
സ്ഥാനക്കയറ്റം കിട്ടി
ഒന്നൊതുങ്ങി ഉറച്ചിട്ടുണ്ടാവാം

ഒന്നിനും ഒരു മാറ്റവുമില്ല
എല്ലാം പഴയതുപോലെതന്നെ

വിനോദിനീ
എനിക്കും നിനക്കുമിടയിലെ ശൂന്യതയില്‍
ഒഴുകിപ്പരന്ന വാക്കുകള്‍
വാക്കുകളുടെ വിലയിടിച്ചതല്ലാതെ
വിനിമയനിരക്ക് കുത്തനെ കൂട്ടിയതല്ലാതെ
വിനോദവ്യവസായത്തിന്‌
വെളുക്കുവോളം
വെള്ളംകോരിയതല്ലാതെ
ഒരുപാടു കലഹിച്ചതല്ലാതെ
ഒരുപാടു വിലോഭിച്ചതല്ലാതെ
ഒരിടത്തും നമ്മെ എത്തിച്ചില്ലല്ലോ
ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ

വിനോദിനീ
മുഷിഞ്ഞുമുഷിഞ്ഞു നാറിയ
ഈ പ്രണയത്തിന്റെ കുടുക്കുകളഴിച്ച്
നാമെന്നാണ്‌
നമ്മുടെ
സ്വന്തം
ശരീരത്തിലേക്കുണരുക ?

നാമെന്നാണ്‌
നമ്മുടെ
സ്വന്തം
ശരീരത്തില്‍
ശരിക്കൊന്നുറങ്ങുക ?

Wednesday, March 11, 2009

പുതുമഴ

ഉണക്കച്ചുള്ളികള്‍
കെട്ടിപ്പുണര്‍ന്നൊഴുകുന്ന
കലക്കവെള്ളത്തില്‍
വേനല്‍ബുദ്ധന്‍
ചീര്‍ത്തുകിടക്കുന്നു

Monday, March 2, 2009

മാങ്ങ പ്രണയത്തിന്റെ പ്രതീകമായതെങ്ങനെ?

പ്രണയത്തില്‍ വീഴുമ്പോള്‍

എല്ലാ വീഴ്ചകളിലുമെന്നതുപോലെ

പൊടുന്നനെ

ഒരുവന്‍

ഒറ്റക്കാകുന്നു



അവനോ ലോകമോ അറിയാതെ

അവന്‍ ലോകത്തെയും

ലോകം അവനെയും

വിട്ടുപോകുന്നു



ഒരുവള്‍ അവന്റെ കൈപിടിച്ച്

അസ്തിത്വത്തിന്റെ

അങ്ങാടിയിലൂടെ നടക്കുന്നു

ഭയം ,ഉത്കണ്ഠ, ഏകാകിത്വം

ഉണര്‍വ്വ്,ഉല്ലാസം , ഉന്മാദം

കരച്ചില്‍ ,എരിച്ചില്‍ ,പുകച്ചില്‍

അധികാരം ,അടിമത്തം ,അല്‍പത്തം

നാളിതുവരെ നിലനില്‍ക്കാത്തതോ

നിരീക്ഷിക്കപ്പെടാത്തതോ

നിര്‍വചിക്കപ്പെടാത്തതോ ആയ

നാനാജാതി നാറിത്തരങ്ങള്‍

എല്ലാം ഒന്നൊന്നായി

അവന്‌ കാണിച്ചുകൊടുക്കുന്നു


ഇത്രനാളും അവ എവിടെയായിരുന്നു,

അവളെവിടെയായിരുന്നു

താനെവിടെയായിരുന്നു

എന്നെല്ലാം

അവന്‍ അമ്പരക്കുന്നു


കണ്ണാടിയില്‍

തന്റെതന്നെ

പ്രതിബിംബങ്ങള്‍ കണ്ട്

പ്രതിച്ഛായകള്‍ കണ്ട്

പരാധീനതകള്‍ കണ്ട്

വിട്ടുപോകരുതേയെന്ന്

അവളെ കെട്ടിപ്പിടിച്ച്

പട്ടിയേപ്പോലെ കേഴുന്നു


അടഞ്ഞ മുറിയിലോ

ഇരുട്ടിലോ

ഇടനാഴിയിലോവെച്ച്

മുലകുടിച്ചോ

മടിയില്‍ തലചായ്ച്ചോ

മൂഡ്സിന്റെ മൂടുപൊട്ടിച്ചോ

അവളുടെ മാതൃത്വത്തെ ഉണര്‍ത്തി

തളര്‍ത്താന്‍ ശ്രമിക്കുന്നു


പ്രണയത്തില്‍ വീഴുമ്പോള്‍

എല്ലാ വീഴ്ചകളിലുമെന്നതുപോലെ

പൊടുന്നനെ

ഒരുവന്‍

ഒറ്റക്കാകുന്നു

ഉണരാന്‍

ഒരുപാടു വൈകിപ്പോകുന്നു

കൂട്ടിനോ

കുട്ടിക്കോ

കുമ്പസാരത്തിനോ

അവള്‍ പോരാതെയാകുന്നു

പരാതിയാകുന്നു

പരിഭവമാകുന്നു

പിണക്കമാകുന്നു

പിരിയലാകുന്നു

.........

ഒരു മാങ്ങ തലയില്‍ വീഴുമ്പോള്‍

മറ്റൊരുവന്‍ കണ്ടെത്തിയതുകൊണ്ടുമാത്രം

ഭൂഗുരുത്വം നിങ്ങള്‍ കണ്ടെത്തിയെന്നുവരില്ല

തരിപ്പിറങ്ങുമ്പൊഴെങ്കിലും

മാഞ്ചോട്ടില്‍നിന്ന്

മാറിനിന്നാലോയെന്നു

മനസ്സ്

മന്ത്രിച്ചുതുടങ്ങുന്നു

ഒന്നും കണ്ടെത്താത്തവര്‍

അടുത്തടുത്ത വീഴ്ച്ചകള്ക്കായി

അവിടെത്തന്നെ തുടരുന്നു

Monday, February 9, 2009

.....

സിനിമാനടിയുടെ പിന്‍ഭാഗത്ത്

വിശാലമായ എസി ഷോറൂം

എന്ന പരസ്യവാചകം കണ്ട്

തിയേറ്ററില്‍

തലതല്ലിച്ചിരിച്ചവനാണു ഞാന്‍

ഇന്നിതാ

പുലര്‍ച്ചയ്ക്ക്

കൊടുംതണുപ്പത്ത്

കടത്തിണ്ണയില്‍

തൂക്കിവില്‍പ്പന എന്നെഴുതിയ

കീറത്തുണിയും പുതച്ച്

കുരച്ചുകിടക്കുകയാണ്

എല്ലും തോലും മാത്രമായ മനുഷ്യരൂപം

Tuesday, January 20, 2009

ഭോഗം

മരിച്ചവനെ ഉയിര്‍പ്പിക്കും
രണ്ടപ്പം
രണ്ടായിരമായി തോന്നും
ക[ഉ]ടലിനുമീതെ നടക്കും , പറക്കും
വെള്ളം പാലാകും

Sunday, January 4, 2009

പാവം കവി വാക്കുകള്‍ കൊണ്ട് വെറുതെ അവന്‍ എന്തുചെയ്യാനാണ്?

ഈ കവിതയുടെ ആദ്യത്തെ വരികള്‍

ഒരുപക്ഷെ മറ്റേതെങ്കിലുമൊരു കാലത്ത്

എനിക്ക് എഴുതാന്‍ കഴിഞ്ഞേക്കാം

കഴിഞ്ഞില്ലെന്നും വരാം

അതവസാനിക്കുന്നത് ഇങ്ങനെയാണ്

ജീവിതമേ

ജീവിതമേ ജീവിതമേ...

ശരീരത്തേക്കാള്‍ വിനിമയശേഷികുറഞ്ഞ

വാക്കുകള്‍ തന്ന്

നീ എന്നെ ശിക്ഷിച്ചതെന്തിന് ?