Thursday, October 30, 2008

വിശ്വാസം-നിശ്വാസം


നെല്ലിയാമ്പതിയില്‍
സീതാര്‍കുണ്ടിന്റെ നിറുകയില്‍
മഞ്ഞ് മാറിമാറി വന്ന്
മുഖം മറയ്ക്കുന്ന മധ്യാഹ്നത്തില്‍
കുരങ്ങുകള്‍ കുണ്ടില്‍ നിന്ന് കയറിവന്ന്

എട്ടാം ക്ളാസ്സിലെ

ബയോളജി പുസ്തകം

ഓര്‍മിപ്പിക്കുമ്പോള്‍

മോളേ അറ്റത്തേക്കുപോകല്ലേ എന്ന്
ഒരച്ഛനുമമ്മയും

മാറിനിന്ന് നിലവിളിക്കുമ്പോള്‍ ‍

അഞ്ചുവിരലുകളുടെ വിശ്വാസത്തില്‍
അല്പംകൂടി വിശാലമായ ലോകംകാണാന്‍

കാമുകി മുന്നോട്ടായുമ്പോള്‍

അവളുടെ വിശ്വാസം ഒന്നുമാത്രം

അസാധ്യമാക്കിയ

ഇതരവാഴ്വുകളെക്കുറിച്ചോര്‍ത്തു

അതിനടിയില്‍

കാണാതെപോയ ലോകങ്ങള്‍ പിടഞ്ഞു

ആ വിരലൊന്നയച്ച്
അവളൊടൊപ്പമുള്ള അസഹ്യമായ ജീവിതം
അവസാനിപ്പിച്ചാലോ എന്ന

ചിന്ത മതിയായിരുന്നു
എല്ലാം സഹനീയമാക്കുവാന്‍


ആവിഷ്കരിക്കപ്പെടുന്നിടത്തോളമേ
ഭയങ്ങള്‍ ഭയങ്ങളായിരിക്കുന്നുള്ളൂ

Monday, October 27, 2008

ഗൃഹാതുരം


ല്ലി

കുത്തി
വിരല്‍
മണത്തപ്പോള്‍
കി
ട്ടി
കുട്ടിക്കാലത്തിന്റെ
സു

ന്ധം

മുറിവ്
പഴുത്തതിന്റെ

ന്ധം

Thursday, October 23, 2008

മോശം കവിതകള്‍ എഴുതുന്നതിനെക്കുറിച്ച്

മരവിപ്പിന്റെ കാലങ്ങളില്‍
പെണ്‍കുട്ടികള്‍ വന്ന്
ചില കവിതകള്‍ പറഞ്ഞുതരും

മരവിപ്പുമാറുമ്പോള്‍
ആ കവിതകളും കുട്ടികളും
അനാവശ്യമായി തോന്നും

മരവിപ്പിന്റെ കാലം
വീണ്ടും വീണ്ടും വരുമല്ലോ
മരവിപ്പിന്റെ കാലം
വീണ്ടും വീണ്ടും പോകുമല്ലോ

മരിച്ചിരിക്കുവോളം
മരച്ചിരിക്കാനാവില്ലല്ലോ