Wednesday, August 12, 2009

ഋതു

പ്രണയിക്കുന്നവന്റെ ശരീരം
ഒരേസമയം
ഒരുപാടു ഋതുക്കളെ
കൊണ്ടുനടക്കുന്നു

ഒരൊറ്റനോട്ടംകൊണ്ട്
പൂമരമാകാനും
നോട്ടക്കുറവുകൊണ്ട്
പുഴുമരമാകാനും
അതിനു കഴിയും

മഴയോ മഞ്ഞോ വെയിലോ
ഇതുപോലെ
മറ്റെവിടെയും പെയ്യുന്നില്ല
കരച്ചിലോ എരിച്ചിലോ പുകച്ചിലോ
ഇതുപോലെ മറ്റാരുമറിയുന്നില്ല

ഉദയാസ്തമയങ്ങള്‍
അവനില്‍ ഏശുന്നതേയില്ല

കാമുകിയെ
കാത്തിരിക്കുമ്പോഴല്ലാതെ
വാച്ചുനോക്കാറില്ല
.....

ഒരുനാള്‍
ഓടവെള്ളത്തില്‍
ചീര്‍ത്തുപൊന്തിയനിലയില്‍
കാമുകന്റെ ജഡം കണ്ടെത്തി

പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍
രൂപകങ്ങളുടെ ആധിക്യത്താല്‍
പോക്കുവരവുകള്‍ നിലച്ച
ഒരു ഹൃദയം
ഡോക്ടര്‍ കണ്ടെത്തി

ഒരു മഞ്ഞുകട്ട
ഒരു വെയില്‍ച്ചീള്‍
നിലാവിന്റെ ഒരു കഷണം
ഒറ്റമരം
കൊഴിഞ്ഞ ഇല
അന്തിമാനം
ലോകാവസാനം വരേക്കും
ടാറ്റ ടു ടാറ്റ ഫ്രീയായിട്ടുള്ള സിം
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ
പ്രണയകവിതകളുടെ
പൊട്ടിയ സീഡി
എന്നിങ്ങനെ ടേബിളില്‍ നിരന്നു

പരിശോധനാമുറിയില്‍നിന്നിറങ്ങുമ്പോള്‍
നിലതെറ്റാത്ത
നാലുപെഗ്ഗില്‍
നാളിതുവരെ
താന്‍ അലിയിച്ചുകളഞ്ഞുകൊണ്ടേയിരുന്ന
രൂപകങ്ങളേക്കുറിച്ചായി
ഡോക്ടറുടെ ചിന്ത

4 comments:

ജ്യോനവന്‍ said...

ആത്മാവില്‍ എഴുതുന്നത്...

Anonymous said...

ഗവിതയും സാഗിത്യവും വല്യ പിടിയില്ലെങ്കിലും താങ്കളുടെ ബ്ലോഗിന്റെ തലക്കെട്ടില്‍ ഇത്തിരി അപാകത ഇല്ലേ എന്നൊരു ചിന്ത.. "ശരീരം" ആരെ എങ്കിലും എന്തെങ്കിലും എഴുതിക്കാറുണ്ടോ? മനസ്സോ, ചിന്തയോ, വികാരമോ, വിവേകമോ ഒക്കെ 'ശരീരത്തെ'ക്കൊണ്ട് എഴുതിപ്പിക്കുകയല്ലേ ചെയ്യുന്നത്? സത്യം എന്തായാലും, അങ്ങനെ ഒക്കെയല്ലേ പറയപ്പെടുന്നത്‌?

the man to walk with said...

vaikiyethiyenkilum .. ishattyi

Ronald James said...

അതെ ആത്മാവുകൊണ്ടു ആത്മാവില്‍ എഴുതിയ കവിത