Showing posts with label ഉണര്‍വുകള്‍. Show all posts
Showing posts with label ഉണര്‍വുകള്‍. Show all posts

Thursday, June 30, 2011

ഉണര്‍വുകള്‍

ഉയര്‍ന്നുപൊങ്ങുന്ന ഒരു ബലൂണിനെ നോക്കി
നമുക്ക് സ്വാതന്ത്ര്യദാഹി എന്ന് വിളിക്കാം
അതിന്‌ ഉറച്ചിരിക്കാനുള്ള
ത്രാണിയില്ലെന്നും പറയാം

ഉയര്‍ന്നുപൊങ്ങുന്നത്‌ തെറ്റല്ല
ഉറച്ചിരിക്കുന്നതും

അത്‌
അതതിന്റെ
പ്രകൃതം

Wednesday, January 12, 2011

വൈകുന്നേരത്തെ നടത്തം

വൈകുന്നേരം നടക്കാനിറങ്ങുമ്പോള്‍
പൊണ്ടാട്ടി

പിന്നില്നിന്ന് വിളിക്കും

ഉള്ളി
ഉരുളക്കിഴങ്ങ്

ഉണക്കമീന്‍ ...

വൈകുന്നേരത്തെ നടത്തം

തിരിച്ച് വീട്ടിലെത്തുമ്പോള്‍

നിരോധിച്ചിട്ടും നിലയ്ക്കാത്ത

അമ്പതു മൈക്രോണില്‍ കുറഞ്ഞ കവറില്‍

ഒന്നിനൊന്ന്

വിലകൂടുന്ന

ഉള്ളിക്കും

ഉണക്കമീനിനുമൊപ്പം

പത്തുരൂപയുടെ
സ്റ്റാമ്പുപതിച്ച്
പ്രസാധകനയച്ചുകൊടുത്താല്‍

പത്തുപൈസപോലും തിരിച്ചുകിട്ടാത്ത

പഞ്ഞം പിടിച്ച കവിത

Tuesday, January 4, 2011

അ വ ധാ ന ത



ധാ


ഒരു വാക്കല്ല
അതിന്റെ അര്‍ഥമല്ല
നൂറുനൂറു വിവക്ഷകളല്ല



ധാ


കവിതയാണ്‌

വേഗം വേഗം എന്ന്
വിറളിപിടിക്കുന്നവന്‌
മനസ്സിലാവില്ല


ധാ


എന്ന
കവിത

അവനറിയുന്നുണ്ടാകുമോ
വേഗത്തിന്റെ കവിത...?

Saturday, September 5, 2009

വെളിച്ചം

വെളിച്ചം വീണതിന്റെ
ഉല്ലാസം
പുരപ്പുറത്തുനിന്ന്
ഉദ്ഘോഷിക്കുന്നു
പൂവന്‍കോഴി

വെളിവുപോണതിന്റെ
ഉന്മാദം
പൂരപ്പറമ്പില്‍ കിടന്ന്
ആഘോഷിക്കുന്നവരുടെ
നാട്ടില്‍