Tuesday, May 29, 2012

ആര്‍ത്തിക്കാരന്‍


തിന്നു തിന്നു തിന്ന്
താനിരുന്ന ഇലയും തിന്ന്
തണ്ടിലേക്കുകടക്കുമ്പോള്‍
താഴ്ന്നിറങ്ങി
ഒരു തുന്നാരന്‍ കിളി


അപ്പൊഴേക്കും

ചീര്‍ത്തു ചീര്‍ത്തു ചീര്‍ത്ത്
ചീങ്കണ്ണിയോളം ചീര്‍ത്ത്
ഇപ്പോള്‍ പുറപ്പെടും മട്ടില്‍
ഒരൊറ്റക്കണ്ണന്‍ മെമു വണ്ടിയായി
മാറിക്കഴിഞ്ഞിരുന്നു
ആ ശലഭപ്പുഴു

ഒന്നു ചുറ്റും കണ്ണോടിച്ചിരുന്നെങ്കില്‍
ഒരിലയെങ്കിലും കാത്തുവെച്ചിരുന്നെങ്കില്‍
ബാക്കിയാവുമായിരുന്നല്ലോ
ഒരു ചെടിയും
ചിറകനക്കവും

Friday, May 25, 2012

51

51 അക്ഷരങ്ങള്‍കൊണ്ട്
ഒരു ഭാഷ
51 വെട്ടുകള്‍കൊണ്ട്
അതിന്റെ ജീവന്‍

വെട്ടിനും വെട്ടിനുമിടയില്‍
അ... ആ...എന്ന്
അക്ഷരമാല
ആദിയിലേപ്പോലെ
ആവര്‍ത്തിച്ചിട്ടുണ്ടാകണം
അല്ലെങ്കില്‍
അതിനു ശ്രമിച്ചിട്ടുണ്ടാകണം

വെട്ടിയവര്‍ പോയി
വെട്ടുകൊണ്ടവനും പോയി

അ എന്ന അക്ഷരം
അരുതേ എന്ന് പൂരിപ്പിക്കാന്‍
മടിച്ച്,
പേടിച്ച്
ഭാഷ മരിച്ചവരെപ്പോലെ
ആള്‍ക്കൂട്ടത്തില്‍
നാം