Friday, December 31, 2010

പുതുവത്സര പ്രതിജ്ഞ

കടന്നുപോയ പെണ്ണിനെ
പിന്തിരിഞ്ഞുനോക്കില്ല

അവളെത്ര
പിന്നഴകിയായിരുന്നാലും

Sunday, December 5, 2010

കവിതയുടെ വഴികള്‍ വിചിത്രം തന്നെ എന്ന് തെളിയിക്കുന്ന വിധം

ഒരു കവിത എഴുതണമെന്ന് കുറേക്കാലമായി വിചാരിക്കുന്നു
ആരാധകര്‍ നിരന്തരം വിളിച്ച് ബുദ്ധിമുട്ടിച്ചുകൊണ്ടേയിരിക്കുന്നു

കവിത വന്ന വഴികളെക്കുറിച്ചൊക്കെ ആലോചിച്ചുനോക്കി

മുടിയിഴകളില്‍ കുടുങ്ങിക്കിടന്ന മണ്ണിരയെ കണ്ടപ്പോഴാണ്‌
ഒരു മണ്ണിര നൂറുറുമ്പുകള്‍ ഞാന്‍ എന്ന കവിത തോന്നിയത്‌
നമ്മുടെ കാലത്തെ ആദരണീയനായ എഴുത്തുകാരന്‍ എന്ന്
ഒരു ലേഖനത്തില്‍ വായിച്ചപ്പോഴാണ്‌
പ്രസ്തുത കവിത പൊട്ടിപ്പുറപ്പെട്ടത്‌
മഞ്ഞുതുള്ളിയുടെ ഫോട്ടോ എടുത്തുകൊണ്ടിരുന്നപ്പോഴാണ്‌
ഒറ്റ സ്നാപ്പ് എന്ന കവിത
മനോമുകുരത്തില്‍ അങ്കുരിച്ചത്‌

മണ്ണിരയെ അന്വേഷിച്ചിറങ്ങി
പുസ്തകം വായിച്ചു നോക്കി
പല പല സ്നാപ്പുകളെടുത്തു

ഒരു രക്ഷയുമില്ല
കവിതയുടെ വഴികള്‍ വിചിത്രം തന്നെ എന്ന് ഉപസംഹരിക്കാമെന്നു തോന്നി

അതിരിക്കട്ടെ
എപ്പോഴാണ്‌
ഇങ്ങനെ ഒന്ന് ...?

തൂറാനിരുന്നപ്പോഴാണ്‌
അങ്ങനെ ഒന്ന് !!

ഇപ്പോള്‍ മനസ്സിലായില്ലേ
കവിതയുടെ വഴികള്‍ വിചിത്രം തന്നെ

ഇതില്‍ അതിശയോക്തി തോന്നുന്നവര്‍
ഒരു വട്ടംകൂടി കവിത വായിച്ച്
അതിശയോക്തി ദൂരീകരിക്കേണ്ടതാണ്‌
വായിക്കുന്നവര്‍ക്കുതോന്നുന്ന അതിശയോക്തികളുടെ കാര്യത്തില്‍
കവിക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല

Tuesday, November 30, 2010

ഒരു മണ്ണിര, നൂറുറുമ്പുകള്‍, ഞാന്‍ ...

മുറ്റത്ത്
മുടിയിഴകളില്‍
കുടുങ്ങിക്കിടക്കുന്നു
ഒരു മണ്ണിര

മണ്ണിരയില്‍
കുടുങ്ങിക്കിടക്കുന്നു
നൂറുറുമ്പുകള്‍

നൂറുറുമ്പുകളില്‍
കുടുങ്ങിക്കിടക്കുന്നു
കുറേനേരമായി
ഞാന്‍

അതൊരു
പെണ്ണിന്റെ
മുടിയായിരിക്കണം
മുടി നീണ്ട
ഒരാണും
അടുത്തൊന്നും
ഇതുവഴി വന്നിട്ടില്ല

ഒരു പെണ്ണിന്റെ
മുടിയിഴകളില്‍
കുടുങ്ങിക്കിടക്കുന്നു
ഒരു മണ്ണിര

ഒരു പെണ്ണിന്റെ
മുടിയിഴകളില്‍
കുടുങ്ങിക്കിടക്കുന്നു
നൂറുറുമ്പുകള്‍

ഒരു പെണ്ണിന്റെ
മുടിയിഴകളില്‍
കുടുങ്ങിക്കിടക്കുന്നു
ഞാന്‍

എത്ര ആണധികാര വ്യവസ്ഥകള്‍
എത്ര കൊടികുത്തിയ കൊമ്പന്‍മാര്‍
എത്ര മെയില്‍ ഷോവനിസ്റ്റിക് പന്നികള്‍
വീണുപോയിരിക്കുന്നു
ഒരു പെണ്ണിന്റെ അടിമുടിയിഴകളില്‍
പിന്നെയല്ലേ
ഒരു മണ്ണിര
നൂറുറുമ്പുകള്‍
ഞാന്‍

Wednesday, November 24, 2010

നമ്മുടെ കാലത്തെ ആദരണീയനായ എഴുത്തുകാരന്‍

നമ്മുടെ കാലത്തെ
ആദരണീയനായ എഴുത്തുകാരനെ
ഒരു വായനക്കാരനെന്ന നിലയില്‍
ഒരിക്കല്‍ പരിചയപ്പെട്ടു

എഴുപതുകളുടെ മധ്യാഹ്നത്തില്‍നിന്ന്
എണ്‍പതുകളും
തൊണ്ണൂറുകളും താണ്ടി
രണ്ടായിരത്തിപ്പത്തില്‍ എത്തിയതായിരുന്നു അയാള്‍

സര്‍ ,
എന്റെ പേരിതാണ്‌
ഇന്നതു ചെയ്യുന്നു
ഇവിടെനിന്നാണ്‌ വരുന്നത്‌
ഇങ്ങനെ..
ഇങ്ങനെ...

എത്ര നല്ല മനുഷ്യന്‍...
ക്ഷമയോടെ കേട്ടു,
ചിരിച്ചു ,
ഹസ്തദാനം ചെയ്തു

നമ്മുടെ കാലത്തെ
ആദരണീയനായ എഴുത്തുകാരനെ
ഞാന്‍ വീണ്ടും കണ്ടുമുട്ടി

സര്‍ എന്റെ പേരിതാണ്‌
ഇന്നതു ചെയ്യുന്നു
ഇന്നയിടത്തുവെച്ച് പരിചയപ്പെട്ടിട്ടുണ്ട്
ഇങ്ങനെ...
ഇങ്ങനെ....

നമ്മുടെ കാലത്തെ
ആദരണീയനായ എഴുത്തുകാരനെ
ഞാന്‍ മൂന്നാമതും
നാലാമതും പരിചയപ്പെട്ടു...

നമ്മുടെ കാലത്തെ
ആദരണീയനായ എഴുത്തുകാരനെ
ഞാന്‍ പതിനൊന്നാമത് പരിചയപ്പെട്ടു
സര്‍ ..
ഇങ്ങനെ...
ഇങ്ങനെ...

നമ്മുടെ കാലത്തെ
ആദരണീയനായ എഴുത്തുകാരനെ
തടിച്ച് കൊഴുത്ത്
അല്‍പം വായാടിയായ
എന്റെ സഹപ്രവര്‍ത്തക
ഒരിക്കല്‍
പരിചയപ്പെട്ടു

സര്‍,
എന്റെ പേരിതാണ്‌
ഇന്നതു ചെയ്യുന്നു
ഭര്‍ത്താവ്...
ഇങ്ങനെ...
ഇങ്ങനെ....

നമ്മുടെ കാലത്തെ
ആദരണീയനായ എഴുത്തുകാരന്‍
അന്നു രാത്രിതന്നെ
തിരിച്ചു വിളിച്ചു

അവളുടെ ഹലോട്യൂണിനെക്കുറിച്ചായി
പിന്നെ സംസാരം
ആ വരികളുടെ മഹത്വത്തെക്കുറിച്ച്
നമ്മുടെ കാലത്തെ
ആദരണീയനായ എഴുത്തുകാരന്‍
ആ [അ] സമയത്ത് ഒരുപന്യാസം തന്നെ പറയുകയുണ്ടായി

അടുത്ത ദിവസവും
അതിനടുത്ത ദിവസവും
നമ്മുടെ കാലത്തെ
ആദരണീയനായ എഴുത്തുകാരന്‍
അവളെ വിളിക്കുകയുണ്ടായി

നമ്മുടെ കാലത്തെ
ആദരണീയനായ എഴുത്തുകാരന്‍
തന്നെ വിളിക്കുന്നതിലുള്ള
ആത്മസന്തോഷം കൊണ്ട്
ഭര്‍ത്താവിന്‌ പരിചയപ്പെടുത്താനും
അവള്‍ മറന്നില്ല

നമ്മുടെ കാലത്തെ
ആദരണീയനായ എഴുത്തുകാരന്‍
ആറാമതും
ഏഴാമതും
അര്‍ധരാത്രി വിളിച്ചപ്പോള്‍
അവള്‍ ഫോണെടുത്തില്ല

പിറ്റേന്നു വിളിച്ചപ്പോള്‍
ഭര്‍ത്താവിന്‌ ഇഷ്ടമാകില്ല അതുകൊണ്ടാണ്‌
എന്നൊരു കള്ളം പറയാനും
അവള്‍ മറന്നില്ല

ഇത്തവണ
കുടുംബത്തെക്കുറിച്ചായിരുന്നു
നമ്മുടെ കാലത്തെ
ആദരണീയനായ എഴുത്തുകാരന്റെ
ഉപന്യാസം

നമ്മുടെ കാലത്തെ
ആദരണീയനായ എഴുത്തുകാരന്‍
പതിനൊന്നാമതും വിളിച്ചു

അവളുടെ ശബ്ധം കേള്‍ക്കാതെ
അയാള്‍ക്കുറങ്ങാനാവില്ല
എന്നൊരെസ്സെമ്മസ്സായിരുന്നു
അടുത്തത്‌

നമ്മുടെ കാലത്തെ
ആദരണീയനായ എഴുത്തുകാരന്‍
നൂറ്റിപ്പതിനൊന്നാമതും ...

Sunday, November 21, 2010

ഏകാന്തത

ഏകാന്ധത എന്ന്
തെറ്റിച്ചെഴുതിയാല്‍ കിട്ടും
ഏകാന്തത എന്ന വാക്കിന്റെ
യഥാര്‍ഥ അര്‍ത്ഥം

​അവനവനില്‍
[അവനവനെക്കുറിച്ചും]
അന്ധനായിരിക്കുന്നവന്റെ
അവസാനത്തെ
അഭയമല്ലാതെ
മറ്റൊന്നുമല്ല
അത്‌

Thursday, November 18, 2010

[മംഗലശ്ശേരി] നീലകണ്‌ഠന്‍

പറഞ്ഞുപോയ ഒരു വാക്കിന്റെ പേരില്‍
പത്തുദിവസം
പിണങ്ങിയിരുന്നു ഒരുവള്‍

പറഞ്ഞ വാക്കിന്റെ പേരിലല്ല
കേട്ട വാക്കിന്റെ പേരിലായിരുന്നു
ആ പിണക്കമെന്ന്
പതിനൊന്നാമത്തെ ദിവസം
മനസ്സിലായി

പറയുന്ന വാക്കുകളല്ല കേള്‍ക്കുന്ന വാക്കുകള്‍
പ്രത്യേകിച്ചും
പറയുന്ന ആളും
കേള്‍ക്കുന്ന ആളും
പല കാലങ്ങളില്‍
പല ലോകങ്ങളില്‍
പല ജീവിതങ്ങളില്‍
ജീവിക്കുമ്പോള്‍

"ആദിയില്‍ വചനമുണ്ടായി
വചനം ദൈവമായായിരുന്നു"

വീണ്ടുമൊരു വെറും വാക്കാണ്‌
അവളുടെ പിണക്കം മാറ്റിയത്‌

വാക്കുകളെ വെറുതെ വിടുക
അലഞ്ഞു നടന്നോ
അയവിറക്കിയോ
അസ്ഥാനത്ത്
അലങ്കരിച്ചോ
അതെങ്ങനെയെങ്കിലും
ജീവിച്ചുകൊള്ളട്ടേ

കഴുത്തില്‍
കുടുങ്ങിയ
കാളകൂടം
കവിതയിലെങ്കിലും
കക്കിയിട്ടേ പറ്റൂ

Tuesday, November 16, 2010

ഒറ്റ സ്നാപ്പ്

പെരുമഴയില്‍
ഓരോ തുള്ളിയും
ഒടുക്കത്തെ വെപ്രാളത്തോടെ
എവിടേക്കെന്നില്ലാതെ
ഒഴുകിപ്പോകും

എത്ര നിന്ന് കാലുകഴച്ചാലും
വെയിലുവീണ്‌ വരട്ടിക്കളഞ്ഞാലും
കാറ്റുവന്നു കുലുക്കി കൊഴിച്ചാലും
ആകെക്കുഴമറിഞ്ഞൊരു ലോകത്തിന്റെ
ഒറ്റ സ്നാപ്പെങ്കിലുമെടുക്കാതെ
ഒടുങ്ങില്ല
ഒടുക്കത്തെ
ഓരോ തുള്ളിയും

Thursday, November 11, 2010

ഒച്ചുകളുടെ ചരിത്രം

മരം മുറിച്ചതിനോ
മണ്ണുമാന്തിയതിനോ
ഒച്ചിഴയുന്നപോലെ എന്ന്
ഒച്ചവെച്ചതിനോ
ആയിരിക്കില്ല

വേഗങ്ങളുടെ
വിപരീതമായ
വിമാനത്തിന്‌
തങ്ങളുടെ രൂപംനല്‍കിയ
നെറികേടിനായിരിക്കും
ഒച്ചുകളുടെ ചരിത്രം
മനുഷ്യന്‌
മാപ്പുനല്‍കാതിരിക്കുക

Thursday, October 7, 2010

ഫോട്ടോ ബ്ലോഗ്

പുതിയ ഫോട്ടോ ബ്ലോഗ്. http://manushyar-mukhangngal.blogspot.com/

Monday, September 6, 2010

മാതംഗി

[കുമാരനാശാന്റെയും കല്പറ്റ നാരായണന്റെയും ലതീഷ് മോഹന്റെയും മാതംഗിമാരെ ഓര്‍മിച്ച്]

വെളുക്കുവോളം
വെള്ളം കോരിയിട്ടും
ആനന്ദന്‍ വന്നില്ല

വെളുക്കാന്‍ മാത്രം
അവള്‍ കറുത്തിട്ടൊന്നുമായിരുന്നില്ല

വെളുത്തു കഴിഞ്ഞപ്പോള്‍
ഒരു മിസ്സ്കോളുവന്നു
മിസ്സാകണ്ട എന്നുകരുതി
റോഡ്‌സൈഡിലേക്ക് മാറിനിന്നുവിളിച്ചു

പെണ്ണുകെട്ടി
പുരകെട്ടി
പൊറുക്കുകയാണെന്നും
പൊറുക്കണമെന്നും
ആനന്ദന്‍ പറഞ്ഞു
പെങ്ങളെ കെട്ടിക്കാനുള്ള
പണം തന്നത്‌ അവളാണ്‌
വേറെ വഴിയുണ്ടായിരുന്നില്ല

വഴികളെക്കുറിച്ചും
വിദ്യകളെക്കുറിച്ചും
മാതംഗി ചോദിച്ചില്ല
അവള്‍ സുന്ദരിയാണോ
എന്നുമാത്രം ചോദിച്ചു

നിന്റെയത്ര വരില്ല
ആനന്ദന്‍ പറഞ്ഞു

അവള്‍ മിടുക്കിയാണോ
നിനക്കു വേണ്ടതൊക്കെ
ചെയ്തുതരുന്നുണ്ടോ

അവളോരു പൊട്ടിയാണ്‌
ലജ്ജാവതിയുമാണ്‌
ആനന്ദന്‍ പറഞ്ഞു

കോളുകട്ടുചെയ്ത്‌
മാതംഗി
കിണറ്റിന്‍കരയിലേക്ക് നടന്നു

വെള്ളം കോരാനോ
വെള്ളത്തില്‍ ചാടാനോ അല്ല
കിണറിന്റെ ആഴമുള്ള കൂട്ട്
അവള്‍ കൊതിച്ചിരുന്നതുകൊണ്ട്

Sunday, March 7, 2010

ഒരു കാമുകന്റെ കുറ്റസമ്മതം [ അതേ കവിതയുടെ പുനരാഖ്യാനം ]

പ്രദോഷം മുതല്‍ പ്രഭാതം വരെ
മുടിമുതല്‍ അടിവരെ
കുറുകയും നെടുകയും
കുറുകിയും കുരച്ചും
കുഴങ്ങിയും മയങ്ങിയും
ഉണര്‍ന്നും തളര്‍ന്നും
എത്രവട്ടം
എത്ര വര്‍ഷം
കയറിയിറങ്ങിയതാണ്‌
എന്റെ വണ്ടി നിന്റെമേല്‍

നിന്റെ മുലകള്‍ക്കിടയിലെ
തുടിക്കുന്ന വിടവുകാണാന്‍
മറ്റൊരാള്‍ വന്നെന്റെ പാളം
മുറിച്ചിടേണ്ടിവന്നല്ലോ

Wednesday, March 3, 2010

ഒരു ചോദ്യം

മുന്നോട്ടുതള്ളിയ
രണ്ടു മുലകള്‍ക്കിടയിലായതിനാലാണോ
പെണ്ണേ
നിന്റെ പിന്നോട്ടുതള്ളിയ ഹൃദയം
ആരും കാണാതെപോകുന്നത്‌ ?

Wednesday, February 3, 2010

ഭാഷയും പാഷാണവും

1.വിശ്വാസം

വിശ്വാസം എന്ന വാക്കിനെക്കുറിച്ച്
ഉപന്യാസമെഴുതാനിരിക്കുകയാണ്‌

മനുഷ്യരിലുള്ള വിശ്വാസം
നഷ്ടപ്പെട്ടുവെന്ന്
പലരോടും
പറഞ്ഞുനടന്നതാണ്‌

ദൈവത്തിലുള്ള വിശ്വാസം
അതിനുമെത്രയോ മുമ്പെ
നഷ്ടപ്പെട്ടതാണ്‌

നിഘണ്ടു
എങ്ങനെ നിര്‍വചിക്കുന്നു എന്നറിയാന്‍
വെറുതെ പരതിനോക്കി

ആരോ
ആ പുറം
പറിച്ചു കളഞ്ഞിരുന്നു

ആശ്വാസം

2.കവിത

ചിലപ്പോള്‍
അക്ഷരങ്ങളോ
ആംഗ്യങ്ങളോ മാത്രമുള്ള
നിശ്ശബ്ധതകളാകും
കവിത

ചിലപ്പോള്‍
വാക്കുകളും
നിയതമായ അര്‍ഥങ്ങളും മാത്രമുള്ള
നിഘണ്ടുവാണ്‌ കവിത

അപ്പോള്‍ രീതി, ധ്വനി, അലങ്കാരം ???
ആ...ആര്‍ക്കറിയാം

അടുത്ത മുറിയിലിരുന്ന്
അഞ്ചുവയസ്സുകാരി
അ ആ ഇ ഈ .. എന്ന്
ആവര്‍ത്തിച്ചുരുവിടുന്നുണ്ട്

ഒ...ഓ..
അര്‍ഥങ്ങളുടെ പെരുങ്കാട്ടില്‍
അവളെങ്ങനെ പുലരും ...
വളരും ...

മോളെ
ഇക്കാണുന്ന വാക്കുകള്‍ക്കൊന്നും
ഒരര്‍ഥവുമില്ല
ഈ തടിച്ച പുസ്തകം
നീ കയറിയിറങ്ങേണ്ട
കൊടുമുടിയുമല്ല


വാക്കുകള്‍ക്കു നീ ചെവികൊടുക്കരുതേ

വ്യാഖ്യാനങ്ങളൊക്കെയും
വിഡ്ഡികളുടെ വെപ്രാളങ്ങളാണ്‌

Sunday, January 24, 2010

വേരുകള്‍ക്കുമിലകള്‍ക്കുമിടയിലെവിടെയോ...

കോഴിയാണോ
മുട്ടയാണോ
ആദ്യമുണ്ടായതെന്ന്
എല്ലാവരും ചോദിച്ചു

ദൈവമില്ലെന്നു പറഞ്ഞപ്പോഴൊക്കെ
ഉത്തരം മുട്ടിക്കാന്‍
ആവര്‍ത്തിച്ചു ചോദിച്ചു

വേരാണോ
ഇലയാണോ
ആദ്യമുണ്ടായതെന്ന്
ആരും ചോദിച്ചില്ല

കോഴികളെപ്പോലെയല്ല
ഇലകള്‍

നട്ടുച്ചയ്ക്ക്
ഉറങ്ങിയുണരുന്നവന്റെ കട്ടിലില്‍
മുട്ടയുടെ ചുടുഗന്ധമില്ല

സ്മരണകളിലുലാത്തുമ്പോള്‍
അയ്യേ എന്ന
ദുര്‍ഗന്ധമില്ല
കേബിള്‍ വയറില്‍നിന്ന്
ഫാന്‍ ചിറകിലേക്കും
ഉത്തരത്തിലേക്കും
ഊണുമേശയിലേക്കുമുള്ള
എടുത്തുചാട്ടങ്ങളില്ല

ഇരുപത്തിയൊന്നു ദിവസത്തെ
കാത്തിരിപ്പിന്റെ
കുഞ്ഞുകൌതുകങ്ങളില്ല

പൊരുന്നക്കോഴിയുടെ
പിടിവാശികളില്ല
അമ്മക്കോഴിയുടെ
അവസരവാദങ്ങളില്ല

കിണറ്റില്‍ച്ചാടുമോയെന്ന
ആധിയില്ല
പൂതബാധകളില്ല

കോഴികളെപ്പോലെയല്ല
ഇലകള്‍

വല്ലപ്പോഴുമൊരിക്കല്‍
ആകാംക്ഷകൊണ്ടുമാത്രം
ജനല്‍ച്ചില്ലില്‍
വന്നെത്തിനോക്കിയാലായി

കാറ്റിന്റെ
കൂട്ട് കൂടിയതുകൊണ്ടുമാത്രം
അടുത്ത പറമ്പിലെങ്ങാനുമെത്തിയാലായി

കോഴികളെപ്പോലെയല്ല
ഇലകള്‍

ഇലകളുടെ പുസ്തകം
മറിച്ചുനോക്കാതെ
ഒരുകോഴിയും
ഇന്നുവരെ
വളര്‍ന്നിട്ടില്ല

വേരുകളാണോ
ഇലകളാണോ
ആദ്യമുണ്ടായത്‌?

വേരുകളില്ലാത്ത
ഇലകളുണ്ടോ
ഇലകളില്ലാത്ത
വേരുകളുണ്ടോ?

ആറടി താഴ്ചയ്ക്കും താഴെ
പാതാളത്തോളമെത്തുന്ന
വേരുകള്‍

ആറടി ഉയരത്തിനുമുയരെ
ആകാശത്തോളമെത്തുന്ന
വേരുകള്‍

ഓരോ ചുവടുപറിയുമ്പോഴും
വേരുപറിയുന്ന ഒച്ച
ഓരോ ചുവടു പതിയുമ്പോഴും
വേരുപൊട്ടുന്ന ഒച്ച

വേരുകളില്‍നിന്ന്
ഇലകളിലേക്കും
ഇലകളില്‍നിന്ന്
വേരുകളിലേക്കുമുള്ള
നെട്ടോട്ടത്തിനിടയില്‍
ഒന്നു
നിന്നു
മുഖം നോക്കാന്‍
എന്റെ ട്രാഫിക് ഐലന്ട്
എവിടെയാണ്‌ ?