Friday, December 23, 2011

മുല്ലപ്പെരിയാര്‍

മഹാനഗരത്തില്‍
നാലുംകൂടിയ കവലയില്‍
ട്രാഫിക് ഐലന്‍ഡിലെ
ഗാന്ധിപ്രതിമയ്ക്കൂ മുന്നില്‍നിന്ന്
ഒരു തെരുവുപട്ടി
തലയില്‍ ചാക്കുകെട്ടുമായി
നടന്നുപോകുന്ന
തമിഴനെ നോക്കി കുരയ്ക്കുന്നു

കുരയുടെ കാരണമറിയണം തമിഴന്‌

അയാള്‍ ചാക്കുകെട്ട് താഴെയിട്ട്
പട്ടിക്കുനേരെ നടക്കുന്നു
പട്ടി
കുരച്ച് കുരച്ച്
കുറച്ചുകുരച്ച്
കുരമറന്ന്
ഗാന്ധിക്കുപിന്നിലൊളിക്കുന്നു

Sunday, August 28, 2011

tea4travel

പുതിയ ട്രാവല്‍ ബ്ലോഗ് ലിങ്ക് ചുവടെ

സാംസ്കാരിക നായ

കൂടുതുറന്നാലുടനെ
കുതിച്ചുപായാറുള്ള
വളര്‍ത്തുനായക്ക്
ഒരെല്ലിന്‍ കഷണമിട്ടുകൊടുത്തു ഇന്ന്

കാളയുടേയോ (കാളനുമാവാം )
കോഴിയുടെയോ
എല്ലല്ല
കെന്നല്‍ കടയില്നിന്ന്
കവറില്‍ വാങ്ങിയ
ഒരു പ്ലാസ്റ്റിക് എല്ല്

കാലത്ത്
കോഴി ( മൂന്നുവട്ടം ) കൂവുന്നതുവരെ
കുരയോ
കുറുകലോ കൂത്താട്ടമോ ഇല്ലാതെ
കടിച്ചതില്‍ തന്നെ കടിച്ചുകിടന്നു അത്‌

Friday, August 19, 2011

എന്റെ രാഷ്ട്രീയം

കവിതക്കോ
ഇനി എഴുതാന്‍ പോകുന്ന കവിതകള്‍ക്കോ

ഞാഞ്ഞൂലുകള്‍ തലപൊക്കുമ്പോള്‍ എന്ന്

തലക്കെട്ടിടില്ല,
പരാമര്‍ശിക്കുകയുമില്ല


മനുഷ്യന്‍ അല്പനല്ലാത്തതുകൊണ്ടല്ല

അതിന്‌

ഞാഞ്ഞൂലുകള്‍

വിലകൊടുക്കേണ്ടതില്ലാത്തതുകൊണ്ടാണ്‌

Thursday, August 11, 2011

മഴപെയ്യുന്നത്‌ ...

മഴപെയ്യുന്നത്‌ പൊറുക്കാം
മരം പെയ്യുന്നതോ..?

Monday, July 25, 2011

വേരുകളിലേക്ക് തിരികെയെത്തുന്ന ഇലകള്‍ ...

ഓരോ കാല്‍ പറിക്കുമ്പൊഴും
വേരുപൊട്ടുന്ന

ഒച്ച കേള്ക്കുന്നു


ഓരോ കാല്‍ പതിയുമ്പൊഴും

നനവുള്ള

മണ്ണ്‌ പരതുന്നു


ആറടി താഴ്ചക്കുതാഴെ

പാതാളത്തോളമെത്തുന്ന വേരുകള്‍


ആറടി ഉയരത്തിനുമുയരെ

ആകാശത്തോളമെത്തുന്ന വേരുകള്‍


എനിക്കുമടുത്തു ആഴത്തിലാഴത്തിലീ

ആരായലുകള്‍

ആളാകലുകള്‍


എനിക്കുമടുത്തു

നിന്നനില്പില്‍ നിന്നുള്ള കാഴ്ചകള്‍

നിന്നിടം കുഴിക്കുന്ന വിദ്യകള്‍


ഇനി വേരുകള്‍ വേണ്ട

ഇലയായാല്‍ മതി


വെയിലോ മഞ്ഞോ മഴയോ

എത്രവേണമെങ്കിലും പെയ്തോട്ടെ

ഋതുക്കള്‍ മാറുന്നതിനനുസരിച്ച്

ഏതുടുപ്പുമണിഞ്ഞോട്ടേ

ഒരു കാറ്റുവന്ന് ചുറ്റിപ്പിടിച്ച്

ഏതിരുട്ടിലേക്കും

കൂട്ടട്ടേ


ഒടുവിലൊടുവില്‍

അലിഞ്ഞലിഞ്ഞവസാനമെത്തുമ്പോള്‍

നിറങ്ങളും നിധാനങ്ങളും നഷ്ടമാകുമ്പോള്‍

കൈനോട്ടക്കാരന്റെ കണ്ണാടിയിലെന്നപോലെ

തെളിഞ്ഞുവരുമോ

എന്റെ ഇലകള്ക്കുള്ളിലെ

വേരുകള്‍

Thursday, June 30, 2011

ഉണര്‍വുകള്‍

ഉയര്‍ന്നുപൊങ്ങുന്ന ഒരു ബലൂണിനെ നോക്കി
നമുക്ക് സ്വാതന്ത്ര്യദാഹി എന്ന് വിളിക്കാം
അതിന്‌ ഉറച്ചിരിക്കാനുള്ള
ത്രാണിയില്ലെന്നും പറയാം

ഉയര്‍ന്നുപൊങ്ങുന്നത്‌ തെറ്റല്ല
ഉറച്ചിരിക്കുന്നതും

അത്‌
അതതിന്റെ
പ്രകൃതം

Tuesday, May 17, 2011

നാടുവിട്ടവന്റെ വേവലാതികള്‍

പണ്ട്
ഇവിടം കാടായിരുന്നു

കാടുതീരുന്നിടം

പുഴയായിരുന്നു


ഇവിടെ നിന്നു നോക്കിയാല്‍

പുഴ കാണുമായിരുന്നില്ല

ഒഴുകുന്ന ഇരമ്പം കേള്‍ക്കാം


ഇന്ന്

വരിവരിയായി

വളര്‍ന്നുനില്‍ക്കുന്ന

റബര്‍ മരങ്ങള്‍ക്കിടയിലൂടെ

പുഴ കാണാം

പുഴ ഒഴുകിയിരുന്നിടത്തെ

വഴി കാണാം


അവിടേക്കു പോകേണ്ടായെന്ന്

കൂട്ടുകാരന്‍ പറഞ്ഞു

തേനീച്ചകൃഷിക്കുവന്ന

തമിഴന്‍മാര്‍

തൂറുന്നതവിടെയാണ്‌പ്രത്യക്ഷത്തില്‍

കവിത

റബറിനും തമിഴനും എതിരാണ്‌


എന്റെ അപ്പന്‍

ഒരു റബറുവെട്ടുകാരനും കൂടിയായിരുന്നു

പാലെടുത്ത് ഒറയൊഴിച്ചിട്ടാണ്‌

ഞാന്‍ സ്കൂളില്‍പൊയ്ക്കൊണ്ടിരുന്നത്‌

[ചാക്കോമാഷ്ടെ കണക്കുക്ലാസ്സ്

രോമങ്ങള്‍ക്കിടയിലെ ഒട്ടിയ പാല്‍

പൊളിച്ചുകളയാനുള്ളതായിരുന്നു]

നമ്മുടെ നാട്ടില്‍വന്ന്

തേനീച്ചകൃഷിചെയ്യുന്ന

തമിഴന്മാരോട്

എനിക്ക് ബഹുമാനമേയുള്ളൂ

പിന്നെ ഞാന്‍

കേള്‍ക്കാതെ പോയ

ഒരിരമ്പത്തെ

ഓര്‍മിച്ചുവെന്നേയുള്ളൂ

Wednesday, January 12, 2011

വൈകുന്നേരത്തെ നടത്തം

വൈകുന്നേരം നടക്കാനിറങ്ങുമ്പോള്‍
പൊണ്ടാട്ടി

പിന്നില്നിന്ന് വിളിക്കും

ഉള്ളി
ഉരുളക്കിഴങ്ങ്

ഉണക്കമീന്‍ ...

വൈകുന്നേരത്തെ നടത്തം

തിരിച്ച് വീട്ടിലെത്തുമ്പോള്‍

നിരോധിച്ചിട്ടും നിലയ്ക്കാത്ത

അമ്പതു മൈക്രോണില്‍ കുറഞ്ഞ കവറില്‍

ഒന്നിനൊന്ന്

വിലകൂടുന്ന

ഉള്ളിക്കും

ഉണക്കമീനിനുമൊപ്പം

പത്തുരൂപയുടെ
സ്റ്റാമ്പുപതിച്ച്
പ്രസാധകനയച്ചുകൊടുത്താല്‍

പത്തുപൈസപോലും തിരിച്ചുകിട്ടാത്ത

പഞ്ഞം പിടിച്ച കവിത

Saturday, January 8, 2011

രൂപഭദ്രതാവാദം


പത്തിരുപത്തഞ്ചു വയസ്സുവരെ

ഒരു പെണ്ണിന്റെ

മൂടും മുലയുമല്ലാതെ

മറ്റൊന്നും കണ്ടിട്ടില്ല


സുന്ദരിയാണോയെന്നറിയാന്‍

മുഖത്തേക്കൊന്നു

നോക്കില്ലെന്നല്ല


പിന്നീടെപ്പെഴോ ആണ്‌

അവളുടെ

വളവുകളില്‍

ശ്രദ്ധിച്ചുതുടങ്ങിയത്‌


അപ്പഴെപ്പഴോ ആണ്‌

ഞാനൊരു രൂപഭദ്രതാവാദിയായി തീര്‍ന്നത്‌

'വിവരവും വിദ്യാഭ്യാസ'വും ഉണ്ടായാല്‍ പോരാ എന്ന്

കാര്‍ന്നോമ്മാര്‍ പറയുന്നതില്‍

കാര്യമുണ്ടെന്ന് മനസ്സിലായത്‌

Tuesday, January 4, 2011

അ വ ധാ ന തധാ


ഒരു വാക്കല്ല
അതിന്റെ അര്‍ഥമല്ല
നൂറുനൂറു വിവക്ഷകളല്ലധാ


കവിതയാണ്‌

വേഗം വേഗം എന്ന്
വിറളിപിടിക്കുന്നവന്‌
മനസ്സിലാവില്ല


ധാ


എന്ന
കവിത

അവനറിയുന്നുണ്ടാകുമോ
വേഗത്തിന്റെ കവിത...?

Sunday, January 2, 2011

രണ്ടു മനുഷ്യരുടെ ഏകാന്തത

കാല്പനികമായൊരു ദൃശ്യഭംഗിയെങ്കിലുമുണ്ട്
ഒരു മനുഷ്യന്റെ ഏകാന്തതയ്ക്ക്
ആത്മധൈര്യമായി അത് ആഘോഷിക്കപ്പെട്ടേക്കാം

അങ്ങനെയല്ലാ രണ്ടു മനുഷ്യരുടെ ഏകാന്തത

അവനവനല്ലാതെ ആരറിയും
അതിന്റെ അലോസരപ്പെടുത്തുന്ന ആഴം