Saturday, October 24, 2009

ഇലകളുടെ ഭുപടം

നഗരത്തിലെ ഓഫീസില്‍
ചില്ലുടുപ്പിട്ട
ചതുരമുറിയിലിരുന്ന്
നട്ടപ്പാതിരയ്ക്ക്
ഇലകളുടെ ഭുപടത്തില്‍
ഞാനെന്റെ ഗ്രാമത്തിലെ
വീടുതിരയുന്നു

വീടിനോടുചേര്‍ന്ന
റബര്‍തോട്ടം തിരയുന്നു
തേക്കിലയുമായിവന്ന്
കൂക്കിവിളിക്കുന്ന
മീന്‍കാരന്‍
മൊയ്തീനെത്തിരയുന്നു
പട്ടിയുടെ വരിയെടുക്കാന്‍
പാത്തുപതുങ്ങിയെത്തുന്ന
മത്തായിച്ചേട്ടനെത്തിരയുന്നു
നായിക്കമ്പറമ്പില്‍കാരുടെ
ചായക്കടതിരയുന്നു
ഇരുതുടകളിലും കൈവെച്ച്
ഇടക്കുള്ളവനെ ഉണര്‍ത്തുന്ന
ഇട്ടൂപ്പുചേട്ടന്റെ
ബാര്‍ബര്‍ഷോപ്പ് തിരയുന്നു
പത്തുമണി പെണ്കുട്ടിയേയും കൊണ്ട്
പറന്നുപോകുന്ന
ഫാത്തിമ ബസ്സുതിരയുന്നു

മലാന്‍ വന്നടിഞ്ഞ
കടവുതിരയുന്നു
മലാന്‍കടവ് ആര്‍ട്സ് ആന്‍റ്‌
സ്പോര്‍ട്സ് ക്ലബ് തിരയുന്നു
മുച്ചീട്ടുകളിക്കാരുടെ
മെഴുകുതിരി വെളിച്ചത്തില്‍
മെഴുവേലിബാബുജിയുടെ
മഞ്ഞപ്പുസ്തകം തിരയുന്നു

കുട്ടിക്കുപ്പായമിട്ട്
കുളിച്ചുകേറുന്ന
കുഞ്ഞമ്മായിയെ തിരയുന്നു
ഈറ്റക്കാടുകള്‍ക്കിടയില്‍ വീണ
വാണത്തിന്റെ
വിത്തുതിരയുന്നു

നഗരത്തിലെ ഓഫീസില്‍
ചില്ലുടുപ്പിട്ട
ചതുരമുറിയിലിരുന്ന്
നട്ടപ്പാതിരയ്ക്ക്
ഇലകളുടെ ഭുപടത്തില്‍ ഞാനെന്നെത്തിരയുന്നു


ആഴങ്ങളിലേക്കോ
ആരോഹണങ്ങളിലേക്കൊപോകാതെ
അലഞ്ഞുതിരിയുന്ന
ഈ പച്ചഞരമ്പുകള്‍
എന്റെതന്നെ വേരുകളാണ്‌
എന്നൊക്കെ പറഞ്ഞവസാനിപ്പിക്കും മുമ്പൊരുചോദ്യം
നട്ടപ്പാതിരയ്ക്ക്
പോണ്‍ സൈറ്റില്‍
പെണ്ണുടലുകള്‍
പരതുന്നവന്റെ
പെടാപ്പാട് നിനക്കറിയുമോ വായനക്കാരീ[രാ]

15 comments:

keralainside.net said...

This post is being listed by keralainside.net . Please visit keralainside.net and add this post to the favourite blogs database.. Thank you..

വിഷ്ണു പ്രസാദ് said...

പ്രതാപിന്റെ കവിതകളില്‍ മുന്‍പ് കണ്ടിട്ടില്ലാത്തതും ബ്ലോഗ് കവിതകളില്‍ പൊതുവെ കാണപ്പെടുന്നതുമായ ഒരു ചടുലത ഈ കവിതയില്‍ കാണുന്നു.കവിതയുടെ അവസാന ഭാഗത്ത് സ്ഥിരമായുള്ള ശരീരോത്കണ്ഠകള്‍ കടന്നുവന്ന് ‘ഇത് പ്രതാപിന്റെ കവിത തന്നെ’ എന്ന് സ്ഥിരം ചട്ടത്തില്‍ ഒതുക്കാനും ശ്രമിക്കുന്നുണ്ട്...

ഗുപ്തന്‍ said...

ഉം .. അഡൊളഷന്‍സ് കഴിഞ്ഞാല്‍ വളരാത്ത അവയവങ്ങളില്‍ ഒന്നാണത്.

വളരെ ആഴങ്ങളിലേക്ക് തുറക്കുന്ന വായന. നന്നായി :)

ഓഫ്. അപ്പോള്‍ ഫ്രെയിമിലെ പച്ചിലയോട് അനങ്ങരുതെന്ന് പറഞ്ഞിട്ട് അനങ്ങി അല്ലേ.. വാണെന്നോ വീണെന്നോ ഒക്കെ ഇവിടെ :)) ഞാനോടി .....

ചാറ്റല്‍ said...

പോണ്‍ സൈറ്റിലേക്കുള്ള വേരുകള്‍ പരതുന്നവന്റെ
പെടാപ്പാട് നിനക്കറിയാമോ വായനക്കാരീ[രാ]

ഇഷ്ടമായി :)

ഭായി said...

കൊള്ളാം നന്നായി...
അഭിനന്ദനങള്‍!!

Aisibi said...

:)

Foodie@calicut said...

ആരും നിര്‍ബന്ധിക്കുന്നില്ലല്ലോ സാറേ!!! പണി രാജിവെച്ച് നാട്ടില്‍ തെണ്ടിനടന്നൂടേ.. കവിത തകര്‍ത്തു!!!!

വര്‍ഷണീ.............. said...

നന്നായിട്ടുണ്ട്.
എവിടൊക്കെയോ ചില പരത്തിപ്പറയലുകളില്ലേ എന്നൊരു സന്ദേഹം.
ആശംസകളോടെ
വര്‍ഷിണി...

കെ.പി റഷീദ് said...

കഥയില്‍ പടര്‍ന്നു
പന്തലിച്ച്...
ആഖ്യാനം തന്നെ
വിഷയം
ചങ്ങാതീ.

Jayakrishnan Kavalam said...

പ്രിയസുഹൃത്തേ...

ആരോ ഒരാള്‍ അല്ല താങ്കള്‍, ആരുടെയൊക്കെയോ ആരൊക്കെയോ ആണ്... അല്ലെങ്കിലെന്തിന് ഇങ്ങനെ തിരികെ വിളിക്കണം?

മഷിത്തണ്ട് said...

:)

njanum kandu chila kaazhchakal changaathi

Jayesh / ജ യേ ഷ് said...

പെണ്ണുടലുകളില്‍ തന്റെ വേരുകള്‍ തിരയുന്ന ആള്‍ ..ഭയങ്കരം !

aamrapaali said...

ithu oru kavithayayittuundu sammathichu.ennalum chettayi,ee shareeram ennaa valiyoru problema alle?athine kavithennu kodanhu kalayaan enna paada!!!

Sapna Anu B.George said...

ചതുരമുറിയിലിരുന്ന്
നട്ടപ്പാതിരയ്ക്ക്
ഇലകളുടെ ഭുപടത്തില്‍ ഞാനെന്നെത്തിരയുന്നു.....പണ്ടെങൊ ഞാൻ എന്നെത്തന്നെ തിരഞ്ഞു നടന്നതിന്റെ ഒരോർമ്മ.

prathap joseph said...

നന്ദി....