Wednesday, February 3, 2010

ഭാഷയും പാഷാണവും

1.വിശ്വാസം

വിശ്വാസം എന്ന വാക്കിനെക്കുറിച്ച്
ഉപന്യാസമെഴുതാനിരിക്കുകയാണ്‌

മനുഷ്യരിലുള്ള വിശ്വാസം
നഷ്ടപ്പെട്ടുവെന്ന്
പലരോടും
പറഞ്ഞുനടന്നതാണ്‌

ദൈവത്തിലുള്ള വിശ്വാസം
അതിനുമെത്രയോ മുമ്പെ
നഷ്ടപ്പെട്ടതാണ്‌

നിഘണ്ടു
എങ്ങനെ നിര്‍വചിക്കുന്നു എന്നറിയാന്‍
വെറുതെ പരതിനോക്കി

ആരോ
ആ പുറം
പറിച്ചു കളഞ്ഞിരുന്നു

ആശ്വാസം

2.കവിത

ചിലപ്പോള്‍
അക്ഷരങ്ങളോ
ആംഗ്യങ്ങളോ മാത്രമുള്ള
നിശ്ശബ്ധതകളാകും
കവിത

ചിലപ്പോള്‍
വാക്കുകളും
നിയതമായ അര്‍ഥങ്ങളും മാത്രമുള്ള
നിഘണ്ടുവാണ്‌ കവിത

അപ്പോള്‍ രീതി, ധ്വനി, അലങ്കാരം ???
ആ...ആര്‍ക്കറിയാം

അടുത്ത മുറിയിലിരുന്ന്
അഞ്ചുവയസ്സുകാരി
അ ആ ഇ ഈ .. എന്ന്
ആവര്‍ത്തിച്ചുരുവിടുന്നുണ്ട്

ഒ...ഓ..
അര്‍ഥങ്ങളുടെ പെരുങ്കാട്ടില്‍
അവളെങ്ങനെ പുലരും ...
വളരും ...

മോളെ
ഇക്കാണുന്ന വാക്കുകള്‍ക്കൊന്നും
ഒരര്‍ഥവുമില്ല
ഈ തടിച്ച പുസ്തകം
നീ കയറിയിറങ്ങേണ്ട
കൊടുമുടിയുമല്ല


വാക്കുകള്‍ക്കു നീ ചെവികൊടുക്കരുതേ

വ്യാഖ്യാനങ്ങളൊക്കെയും
വിഡ്ഡികളുടെ വെപ്രാളങ്ങളാണ്‌