Showing posts with label സ്വത്വം. Show all posts
Showing posts with label സ്വത്വം. Show all posts

Tuesday, April 21, 2009

നട്ടെല്ലോ? അതേതെല്ല്? അതില്ലേലെന്ത്?


നട്ടെല്ലിലൂടെ ഒരു പുഴ ഒഴുകുന്നു


പുഴയില്‍നിന്ന് കരയിലേക്കും
കരയില്‍നിന്ന് പുഴയിലേക്കും
ചില കുഴലുകള്‍ തുറക്കുന്നു


വെയില്‍കൊണ്ട് വലഞ്ഞ മണല്‍
ലോറിയില്‍ക്കയറി
നഗരംകാണാനിറങ്ങുന്നു

ഊണുമേശയിലെ
ഉദ്യാനത്തില്‍
ഉടുത്തൊരുങ്ങിക്കിടക്കാന്‍ കൊതിച്ച്
മീനുകള്‍
പഴുതില്ലാത്ത വലയോ
ചൂണ്ടയോ തേടി നടക്കുന്നു

ഇരു വശങ്ങളിലെയും മതിലുകള്‍

കൃത്യമായ ഇടവേളകളില്‍
പുഴയിലേക്കിറങ്ങുന്നു

ഒരു കുടം
ഒരു ജഡം
തെന്നിച്ചുവിട്ട ഒരു കല്ല്‌
ഊരിപ്പിഴിയുന്ന ഒരുടുമുണ്ട്
ഉണക്കമരത്തിലെ
ഒഴുക്കുമോഹിച്ച ഒരുചില്ല
എന്നിങ്ങനെ
ഓര്‍ക്കാപ്പുറത്ത്
ഓരോന്ന്
വന്നുവീഴുന്നു


പുല്ലുതേടിയിറങ്ങിയ ഒരു പയ്യ്
ഒന്നുമുഖംനോക്കി
ഒന്നു മാനം നോക്കി
ഒരിറക്കില്‍ ദാഹം തീര്‍ത്ത്
യാത്രതുടരുന്നു

നട്ടെല്ലിലെ പുഴ മെലിയുന്നു

പുഴ വെറുമൊരു കുഴിയാകുന്നു
കുളിതെറ്റിയൊരു പെണ്‍കുട്ടി
കുഴിയില്‍ച്ചാടുന്നു
-കുഴിയില്‍ച്ചാടിയൊരു
പെണ്‍കുട്ടിയുടെ കുളിതെറ്റുന്നു-

കുഴി
കടല്‍
കിനാവുകാണുന്നു

കണ്ണാടി കളവുപോയതറിയാതെ
കരയിലൊരു മരം
കുന്തിച്ചുനില്‍ക്കുന്നു

Wednesday, April 1, 2009

നോക്കിനോക്കിയിരിക്കെ

നോക്കിനോക്കിയിരിക്കെ

വെണ്മേഘങ്ങള്‍

ചുവന്നു

പിന്നെ മാഞ്ഞു

നോക്കിനോക്കിയിരിക്കെ ...

Wednesday, March 25, 2009

കരയാതെ കരയേ


ഓരോരോ തിരയായി വന്നുവന്ന്

നുരയുള്ള തലോടലില്‍ അലിഞ്ഞലിഞ്ഞ്

അടിവേരുനിന്ന നിലമാകെ പോയല്ലോ

അടിതൊട്ട് മുടിവരെ

ഉടലാകെ ഉലഞ്ഞല്ലോ

പത്രക്കാരെ

പടം പിടിക്കുന്നോരെ

ഓടിവരണെ

ഞാനിതാ

കടപുഴകി വീഴുന്നേ

കടല്‍ തഴുകി വീഴ്ത്തുന്നേ