Saturday, October 24, 2009

ഇലകളുടെ ഭുപടം

നഗരത്തിലെ ഓഫീസില്‍
ചില്ലുടുപ്പിട്ട
ചതുരമുറിയിലിരുന്ന്
നട്ടപ്പാതിരയ്ക്ക്
ഇലകളുടെ ഭുപടത്തില്‍
ഞാനെന്റെ ഗ്രാമത്തിലെ
വീടുതിരയുന്നു

വീടിനോടുചേര്‍ന്ന
റബര്‍തോട്ടം തിരയുന്നു
തേക്കിലയുമായിവന്ന്
കൂക്കിവിളിക്കുന്ന
മീന്‍കാരന്‍
മൊയ്തീനെത്തിരയുന്നു
പട്ടിയുടെ വരിയെടുക്കാന്‍
പാത്തുപതുങ്ങിയെത്തുന്ന
മത്തായിച്ചേട്ടനെത്തിരയുന്നു
നായിക്കമ്പറമ്പില്‍കാരുടെ
ചായക്കടതിരയുന്നു
ഇരുതുടകളിലും കൈവെച്ച്
ഇടക്കുള്ളവനെ ഉണര്‍ത്തുന്ന
ഇട്ടൂപ്പുചേട്ടന്റെ
ബാര്‍ബര്‍ഷോപ്പ് തിരയുന്നു
പത്തുമണി പെണ്കുട്ടിയേയും കൊണ്ട്
പറന്നുപോകുന്ന
ഫാത്തിമ ബസ്സുതിരയുന്നു

മലാന്‍ വന്നടിഞ്ഞ
കടവുതിരയുന്നു
മലാന്‍കടവ് ആര്‍ട്സ് ആന്‍റ്‌
സ്പോര്‍ട്സ് ക്ലബ് തിരയുന്നു
മുച്ചീട്ടുകളിക്കാരുടെ
മെഴുകുതിരി വെളിച്ചത്തില്‍
മെഴുവേലിബാബുജിയുടെ
മഞ്ഞപ്പുസ്തകം തിരയുന്നു

കുട്ടിക്കുപ്പായമിട്ട്
കുളിച്ചുകേറുന്ന
കുഞ്ഞമ്മായിയെ തിരയുന്നു
ഈറ്റക്കാടുകള്‍ക്കിടയില്‍ വീണ
വാണത്തിന്റെ
വിത്തുതിരയുന്നു

നഗരത്തിലെ ഓഫീസില്‍
ചില്ലുടുപ്പിട്ട
ചതുരമുറിയിലിരുന്ന്
നട്ടപ്പാതിരയ്ക്ക്
ഇലകളുടെ ഭുപടത്തില്‍ ഞാനെന്നെത്തിരയുന്നു


ആഴങ്ങളിലേക്കോ
ആരോഹണങ്ങളിലേക്കൊപോകാതെ
അലഞ്ഞുതിരിയുന്ന
ഈ പച്ചഞരമ്പുകള്‍
എന്റെതന്നെ വേരുകളാണ്‌
എന്നൊക്കെ പറഞ്ഞവസാനിപ്പിക്കും മുമ്പൊരുചോദ്യം
നട്ടപ്പാതിരയ്ക്ക്
പോണ്‍ സൈറ്റില്‍
പെണ്ണുടലുകള്‍
പരതുന്നവന്റെ
പെടാപ്പാട് നിനക്കറിയുമോ വായനക്കാരീ[രാ]

Tuesday, October 20, 2009

ഏകാന്ധത

ഏകാന്തത ഏകാന്തത എന്ന്
കേട്ടുകേട്ടു ചടച്ച്
ഇറങ്ങിനടന്നൂ ഏകാന്തത
ഏകാന്തത എന്ന വാക്കിന്റെ
വീട്ടില്‍നിന്നും

Wednesday, October 14, 2009

ഫ്രെയ്മില്‍ ഒരില

സ്ഖലനത്തിനു തൊട്ടുമുന്‍പുള്ള നിമിഷത്തിന്റെ
അനിശ്ചിതത്വം പോലെ

ഫ്രെയ്മില്‍ ,

അകത്തേക്കും
പുറത്തേക്കും
ഇളകിയാടിക്കൊണ്ടിരുന്നു
വെളിച്ചത്തിന്റെ പലനിലകള്‍
നിറങ്ങളെ
സവിശേഷമായി സന്നിവേശിപ്പിച്ച
ഒരില

കൈകള്‍ കുഴഞ്ഞുതുടങ്ങി
ശ്വസം നിലച്ചുതുടങ്ങി
ശരീരം കിതച്ചുതുടങ്ങി
അവസാനമായി ഉയര്‍ന്നുതാഴേണ്ട വിരലുകള്‍
വിറച്ചുതുടങ്ങി

പിന്‍വാങ്ങിയാലോ എന്നതോന്നല്‍
പിന്നില്‍നിന്ന് പിടിച്ചുവലിച്ചുതുടങ്ങി

അനങ്ങരുതേ
അനങ്ങരുതേ
അനങ്ങരുതേ

ഒരനക്കം മതി
അപാരതയെ അനുഭവി[പ്പി]ക്കേണ്ടിയിരുന്ന
ഒരു നിമിഷം
സ്ഖലിച്ചില്ലാതാവാന്‍