Saturday, August 23, 2008

വിന്യാസം

ഒരിക്കല്‍

എല്ലാവരേയുംപോലെ

നിന്നെ

കാണുന്നതിനുവേണ്ടിമാത്രം

ഞാന്‍

നിന്റെ
കണ്ണുകളിലേക്കു

നോക്കിക്കൊണ്ടിരുന്നുമറ്റൊരിക്കല്‍

എല്ലാവര്‍ക്കും

സംഭവിക്കുന്നതുപോലെ

എന്നെ

കാണുന്നതിനുവേണ്ടിമാത്രം

ഞാന്‍

നിന്റെ

കണ്ണുകളിലേക്കു

നോക്കിക്കൊണ്ടിരുന്നുഎത്ര കണ്ണാടികള്‍

ചേര്‍ത്തുവെച്ചാലും

എത്ര ചേര്‍ന്ന്

നാം നിന്നാലും

എന്നെയും നിന്നെയും

ഇതേ താളത്തില്‍

ഇതേ അളവില്‍

മറ്റെവിടെയും

കാണാനാവില്ലെന്നതുകൊണ്ട്

ഞാന്‍

വീണ്ടും

വീണ്ടും

നിന്റെ കണ്ണുകളിലേക്കുതന്നെ

നോക്കിക്കൊണ്ടേയിരിക്കുന്നു

നോ

ക്കി

ക്കൊ

ണ്ടേ

യി

രി

ക്കു

ന്നു

Tuesday, August 19, 2008

പകലുകളുടെ രാത്രികള്‍

നീ അടുത്തില്ലാത്ത
പകലുകളുടെ രാത്രികളില്‍

വെളിച്ചം
നിഴലായിമാത്രം
വീണിട്ടുള്ള
വഴികളിലൂടെ
നിന്നെ ഓര്‍മിച്ച്
നടക്കുമ്പോള്‍

ഒരു കാറ്റ്
എതിരെ വന്ന്
എന്നെ പൊതിഞ്ഞ്
ഒന്നുതണുപ്പിച്ച്
കടന്നുപോകുമ്പോള്‍

വഴിയരികിലെ
ഒറ്റമരം
തനിച്ചാണെന്നുകരുതി
തലകുലുക്കി
വെറുതെ
കുശലം പറയാനൊരുങ്ങുമ്പോള്‍

ഒരു പട്ടി
വന്ന്‌
നിന്ന്
കുരച്ച്
മണത്ത്
സംശയം മാറാതെ
പോകാനൊരുങ്ങുമ്പോള്‍

ചീവീടുകളുടെ
നീട്ടിനീട്ടിയുള്ള
നിലയ്ക്കാത്ത
നിലവിളിക്ക്
ഒരുനിമിഷം നിന്ന്
ചെവികൊടുക്കുമ്പോള്‍

ഒരു പോലീസുവണ്ടി
ചവിട്ടിനിര്‍ത്തി
ആരാ
എന്താ
ഈനേരത്ത് തനിച്ച്
എങ്ങോട്ടാ
എന്നൊക്കെ
ചോദ്യം ചെയ്ത്
കണ്ണുരുട്ടി
വിറപ്പിച്ച്
ഇരപ്പിച്ച്
പോകുമ്പോള്‍

നിന്റെ
കളി
ചിരി
വിഷാദം
ചിലനേരങ്ങളിലെ
കരച്ചില്‍
മുഷിച്ചില്‍
ദേഷ്യം
ഇങ്ങനെ
ഒന്നൊന്നായി
എന്റെ
ശരീരത്തിലൂടെ
കടന്നുപോകുമ്പോള്‍

നീ അടുത്തില്ലാത്ത
പകലുകളുടെ രാത്രികളില്‍
നിന്നെ ഓര്‍മിച്ച് നടക്കുമ്പോള്‍ .....

Monday, August 11, 2008

കാമുകി

എന്റെ
പേടികള്‍കൊണ്ട്
ഊതിവീര്‍പ്പിച്ച
ഒരു ബലൂണ്‍മാത്രമാണ്‌
നീ യെന്നറിയാഞ്ഞിട്ടല്ല

പക്ഷെ

നീ പൊട്ടുമ്പോള്‍
ചിതറുന്നത്
ഞാനാണല്ലോ

Thursday, August 7, 2008

ഒരു വാക്ക്

പ്രിയപ്പെട്ട ഒരാളോട്

പ്രിയമുള്ള നിമിഷങ്ങളില്‍

ആരും ഒരിക്കലും

പറഞ്ഞിട്ടില്ലാത്ത

ഒരു വാക്ക്

നിന്നോടുപറയണമെന്ന്

ഈദിവസങ്ങളില്‍

ചിലപ്പോഴെങ്കിലും

ഞാന്‍ ആഗ്രഹിക്കാറുണ്ട്.

മുന്‍വിധികളാല്‍ മലിനമാകാത്ത

ആദര്‍ശങ്ങളാലോ വികാരങ്ങളാലോ വഴിതെറ്റാത്ത

അര്‍ഥങ്ങളിലേക്കോ അനര്‍ഥങ്ങളിലേക്കോ നയിക്കാത്ത

വ്യവസ്ഥയോ അവ്യവസ്ഥയോ ഉണ്ടാക്കാത്ത

ഒരു പുഴപോലെ

എനിക്കും നിനക്കുമിടയില്‍

നിശ്ശബ്ധമായി ഒഴുകിക്കൊണ്ടിരിക്കുന്ന

ഒരു പാലം പോലെ

എന്നിലേക്കും നിന്നിലേക്കും

വരാനും പോകാനും കഴിയുന്ന

ഒരു വാക്ക്.

പച്ചിലകള്‍ക്കുനടുവില്‍

ഒരുപൂമാത്രം ചൂടി നില്ക്കുന്ന

കുന്നിന്ചെരുവിലെ

ഏകാകിയായ

ഒറ്റമരംപോലെ

ആഒരു വാക്കുകൊണ്ട്

എനിക്ക്

നിന്റെ മുമ്പില്‍ വെളിപ്പെടണം.

എന്റെ പ്രേമം പറയുന്നതിനോ

നിന്റെ പ്രേമം നേടുന്നതിനോ അല്ല

അത്രയും ആഴത്തിലുള്ളൊരു അനുഭവത്തിനും

വിനിമയം സാധ്യമാണെന്ന്

തെളിയിക്കുന്നതിനുവേണ്ടിമാത്രം

Monday, August 4, 2008

പടപേടിച്ച്...

തലയ്ക്കുപിടിച്ച

പ്രേമവുമായി

പാതിരയ്ക്ക്

പുരയിലേക്കുപോയവന്റെ

കാലില്‍ കടിച്ച

പാമ്പിനെക്കുറിച്ച്

എന്തുപറയാന്‍!

വിഷം

കാലില്‍നിന്ന് തലയിലേക്കുകേറിയിട്ടുണ്ടാകുമോ

തലയില്‍നിന്ന് കാലിലേക്കിറങ്ങിയിട്ടുണ്ടാകുമോ?

കടികൊണ്ടവനിപ്പോഴും ജീവിച്ചിരിക്കുന്നു

കടിച്ച പാമ്പ് ചത്തിട്ടുണ്ടാകുമോ?

Friday, August 1, 2008

വചനം മാംസമായി...

പണി തീരാത്ത
കവിതയുമായി
ഉറങ്ങാന്‍
കിടക്കരുത്

അടഞ്ഞ കണ്ണുകള്‍ക്കുകീഴെ
പുകഞ്ഞുകൊണ്ടേയിരിക്കും
പകലിന്റെ
പലതരം
പുകിലുകള്‍

ഉറക്കത്തിലും
ഉണര്‍ന്നുകൊണ്ടേയിരിക്കും
വാക്കുകളും
വരികളും

പെണ്‍വാണിഭത്തിലെ
പ്രതികളെ
പിടികൂടാന്‍
വൈകീട്ട്
മുതലക്കുളത്തുകൂടിയ
സാംസ്കാരിക
സംഗമത്തില്‍നിന്ന്
വാണിഭം ചെയ്യപ്പെട്ട
പെണ്‍കുട്ടിമാത്രം
കയറിവന്നെന്നിരിക്കും
അവള്‍ക്ക്
ഒരിക്കല്‍കൂടി
പിഴച്ചെന്നുമിരിക്കും

ഉറക്കം
ഒരു വല്ലാത്ത
സംഗതിയാണ്‌
അതിന്‌ നെരോ
നെറിവോ
ഇല്ല
സദാചാരം തീരെയില്ല
സെന്‍സര്‍ബോര്‍ഡോ
സൈന്‍ബോര്‍ഡോ
ഇല്ല
അജിതയോ
അന്വേഷിയോ
ഇല്ല
അകത്തുള്ളതെല്ലാം
അതെടുത്തു
പുറത്തിടും
കുഴിച്ചിട്ടതെല്ലാം
കിളിര്‍ത്തുപൊന്തും
കാടടച്ച വെടിയെല്ലാം
കുഴലിലേക്ക്
കിതച്ചെത്തും

രാവിലെ
ഉറക്കമെണീക്കുമ്പോള്‍
ഉടുമുണ്ടിനകത്ത്
കുഴഞ്ഞരൂപത്തില്‍
കിടക്കുന്നുണ്ടാകും
കവിതയുടെ
കോടി ബീജങ്ങള്‍