Wednesday, May 28, 2008

ബാഷ്പീകരണം

എഴുത്ത്
ഉരുകലാണ്‌
ഉള്ളുരുകല്‍
മഞ്ഞുരുകല്‍

മൌനം
മടക്കമാണ്‌
ഉള്ളിലേക്ക്
മഞ്ഞിലേക്ക്

എഴുത്തിലോ
മൌനത്തിലോ
സംഭവിക്കാത്ത
ചിലതുണ്ട്

Thursday, May 22, 2008

അടുപ്പ മടുപ്പ...

നാമിങ്ങനെ
എപ്പോഴും
ചേര്‍ന്നുനിന്നാല്‍
ഞനെങ്ങനെയാണ്‌
നിന്നെ വായിക്കുക
നീയെങ്ങനെയാണ്‌
എന്നെ വായിക്കുക

നീയല്ലാത്തലോകം
നീയില്ലാത്തലോകം
ഞാനെങ്ങനെ അറിയും
ഞാനല്ലാത്ത ലോകം
ഞാനില്ലാത്ത ലോകം
നീയെങ്ങനെ അറിയും


അടുപ്പത്തിലെത്രയനിവാര്യമകലം
[മടുക്കുമ്പോള്‍ മാത്രമുദിക്കും വിവേകം]

Monday, May 19, 2008

പുതുചൊല്ല്

താന്‍ പാതി
ദൈവം പൂതി

Monday, May 12, 2008

ശബ്ദിക്കരുത്! കവി കുപ്പായത്തിന്റെ അളവെടുക്കുകയാണ്

എഴുതാനിരിക്കാറുള്ള മുറിയിലാണ്‌
കുട്ടിയുണ്ടായപ്പോള്‍
തൊട്ടില്‍ കെട്ടിയത്

അവളുടെ അമ്മ
അടുക്കളയിലേക്കോ
അയലത്തേക്കോ
അലക്കിലേക്കോ
തിരിയുമ്പോള്‍
കുട്ടിയെനോട്ടമെന്നവ്യാജേനയാണ്‌
ഇപ്പോള്‍ എഴുത്ത്

ഒരുകയ്യില്‍ തൊട്ടില്‍ക്കയറുപിടിച്ച്
മറുകയ്യില്‍ പേനയുറപ്പിച്ച്
ശബ്ദമുണ്ടാക്കാതെയാണിരിപ്പ്

പേനയുടെ അടപ്പൂരുന്ന
പേജുമറിക്കുന്ന
എഴുത്തുപലക മേശയിലേക്കുചാരുന്ന
ചെറിയശബ്ദം മതി
കുട്ടിയുണര്‍ന്ന്‌
വലിയ ശബ്ദമുണ്ടാക്കാന്‍
എഴുത്തിന്റെ ഏകാഗ്രത
തകിടം മറിയാന്‍

കുട്ടിയേയും തൊട്ടിലിനേയും പ്രതീകങ്ങളാക്കി
ഉറക്കുന്നതോ ഉണര്‍ത്തുന്നതോ കവിത എന്ന
പണ്ടേ തര്‍ക്കിച്ചുപോരുന്ന
വലിയതെന്നൊക്കെ പറയുന്ന
ചോദ്യത്തിലേക്കാണ്‌
ഈ കവിത പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന്
കാവ്യാനുശീലനമുള്ള വായനക്കാര്‍
മനസ്സിലാക്കിക്കാണും

നമ്മുടെ കവിതയുടെ ഏകതാനതയില്‍ മടുത്ത്
അതിന്ടെ പതിവുരൂപങ്ങളിലകപ്പെട്ട്
ബിംബകല്‍പ്പനകളെ ഭയന്ന്
ആദര്‍ശവത്കരണങ്ങളില്‍ ആണ്ട്,
മുഷിഞ്ഞ്
ഈ കവിത
ഇവിടെ
അവസാനിപ്പിച്ചിരുന്നു മുന്‍പ്

മലയാളം മാഷമ്മാര്‍
ഉപമയോ ഉത്പ്രേക്ഷയോ പഠിപ്പിക്കുന്നതിലല്ല
കവികള്‍
രൂപകങ്ങള്‍ ചമയ്ക്കുന്നതിലല്ല

കുപ്പായത്തിന്റെ നിറം മാറിയവനെ
മുടിനീട്ടിവളര്‍ത്തിയവനെ
ഓച്ഛാനിച്ചു നില്‍ക്കാത്തവനെ
കമന്റടിച്ചവനെ
എഴുത്തച്ചന്‍ ആരുടെ അച്ഛനാണെന്ന് ചോദിച്ചവനെ
ആര്‍ത്തവചക്രം എന്തുചക്രമാണെന്നു സംശയിച്ചവനെ
പുറത്തുനിര്‍ത്തി
ആ തൊഴുത്തില്‍
കവിക്ക് പുല്ലിട്ടുകൊടുക്കുന്നതിലാണ്‌
എന്റെ അമര്‍ഷം

Saturday, May 10, 2008

ധിം

ജീവിതം
ഈവിധം
ഒരുവിധം

ധിം

Thursday, May 8, 2008

വിശ്വാസം

വിശ്വാസം
മനുഷ്യനിലായാലും
ദൈവത്തിലായാലും
എല്ലാവര്‍ക്കും
നല്ലതാണ്‌
വിഡ്ഡികള്‍ക്ക്
സ്വയം ആശ്വസിക്കുന്നതിനും
വിവേകികള്‍ക്ക്
വിവരദോഷികളെ
സമാശ്വസിപ്പിക്കുന്നതിനും

Tuesday, May 6, 2008

മാറ്റം

കുപ്പായം മാറ്റുന്നതിനൊപ്പം
കുപ്പിവളയും കമ്മലും
മാറ്റിക്കൊണ്ടിരുന്ന പെണ്‍കുട്ടി
ഒരുദിവസം നോക്കുമ്പോള്‍
കുപ്പിവളക്കാരനെ കണ്ടില്ല
ഒരുതിര അവനും അവനിരുന്ന കല്ലും
എടുത്തുമാറ്റിയിരുന്നു

Saturday, May 3, 2008

പല്ലുകള്‍

പുലര്ച്ചക്കെണീറ്റ്
പല്ലുതേക്കാന്‍ പരതുമ്പോഴാണ്‌
കഴുത്തിനുമീതെ
തലയില്ലന്ന് മനസ്സിലായത്

വിഷമിക്കേണ്ടിവന്നില്ല
ഉടലിനുമേലെയുള്ള
വലിയ ദ്വാരത്തിന്‍മേല്‍
നിരതെറ്റാതെ നിന്നിരുന്നു പല്ലുകള്‍