Monday, May 12, 2008

ശബ്ദിക്കരുത്! കവി കുപ്പായത്തിന്റെ അളവെടുക്കുകയാണ്

എഴുതാനിരിക്കാറുള്ള മുറിയിലാണ്‌
കുട്ടിയുണ്ടായപ്പോള്‍
തൊട്ടില്‍ കെട്ടിയത്

അവളുടെ അമ്മ
അടുക്കളയിലേക്കോ
അയലത്തേക്കോ
അലക്കിലേക്കോ
തിരിയുമ്പോള്‍
കുട്ടിയെനോട്ടമെന്നവ്യാജേനയാണ്‌
ഇപ്പോള്‍ എഴുത്ത്

ഒരുകയ്യില്‍ തൊട്ടില്‍ക്കയറുപിടിച്ച്
മറുകയ്യില്‍ പേനയുറപ്പിച്ച്
ശബ്ദമുണ്ടാക്കാതെയാണിരിപ്പ്

പേനയുടെ അടപ്പൂരുന്ന
പേജുമറിക്കുന്ന
എഴുത്തുപലക മേശയിലേക്കുചാരുന്ന
ചെറിയശബ്ദം മതി
കുട്ടിയുണര്‍ന്ന്‌
വലിയ ശബ്ദമുണ്ടാക്കാന്‍
എഴുത്തിന്റെ ഏകാഗ്രത
തകിടം മറിയാന്‍

കുട്ടിയേയും തൊട്ടിലിനേയും പ്രതീകങ്ങളാക്കി
ഉറക്കുന്നതോ ഉണര്‍ത്തുന്നതോ കവിത എന്ന
പണ്ടേ തര്‍ക്കിച്ചുപോരുന്ന
വലിയതെന്നൊക്കെ പറയുന്ന
ചോദ്യത്തിലേക്കാണ്‌
ഈ കവിത പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന്
കാവ്യാനുശീലനമുള്ള വായനക്കാര്‍
മനസ്സിലാക്കിക്കാണും

നമ്മുടെ കവിതയുടെ ഏകതാനതയില്‍ മടുത്ത്
അതിന്ടെ പതിവുരൂപങ്ങളിലകപ്പെട്ട്
ബിംബകല്‍പ്പനകളെ ഭയന്ന്
ആദര്‍ശവത്കരണങ്ങളില്‍ ആണ്ട്,
മുഷിഞ്ഞ്
ഈ കവിത
ഇവിടെ
അവസാനിപ്പിച്ചിരുന്നു മുന്‍പ്

മലയാളം മാഷമ്മാര്‍
ഉപമയോ ഉത്പ്രേക്ഷയോ പഠിപ്പിക്കുന്നതിലല്ല
കവികള്‍
രൂപകങ്ങള്‍ ചമയ്ക്കുന്നതിലല്ല

കുപ്പായത്തിന്റെ നിറം മാറിയവനെ
മുടിനീട്ടിവളര്‍ത്തിയവനെ
ഓച്ഛാനിച്ചു നില്‍ക്കാത്തവനെ
കമന്റടിച്ചവനെ
എഴുത്തച്ചന്‍ ആരുടെ അച്ഛനാണെന്ന് ചോദിച്ചവനെ
ആര്‍ത്തവചക്രം എന്തുചക്രമാണെന്നു സംശയിച്ചവനെ
പുറത്തുനിര്‍ത്തി
ആ തൊഴുത്തില്‍
കവിക്ക് പുല്ലിട്ടുകൊടുക്കുന്നതിലാണ്‌
എന്റെ അമര്‍ഷം

8 comments:

തണല്‍ said...

ഇതിപ്പൊ ആകെമൊത്തം കണ്‍ഫ്യൂഷനായല്ലോ വിമതാ?

Ranjith chemmad said...

വിട്ടു കള തണലേ
മനസ്സ് പ്രക്ഷുബ്ധമയാല്‍ പിന്നെ ചടുലമായി സംസാരിക്കാന്‍
കഴിയുന്ന ഭാഷ 'കവിത'യാണ്‌
ആയുഷ്മാന്‍ ഭവ:

വിമതാ,
കനമുണ്ട് കവിതയ്ക്ക്
കലപിലയും
നന്ദി......

നസീര്‍ കടിക്കാട്‌ said...

ഇടയ്ക്ക് ഏകാഗ്രത പോയോ..
കുട്ടിയുണര്‍ന്നോ...

നന്നായിരിക്കുന്നു.

latheesh mohan said...

ആ തൊഴുത്തില്‍ വിളയുന്ന പുല്ലിന് വളഞ്ഞു നില്‍ക്കുന്ന കവിത മാത്രമേ പാകമാകുള്ളൂ.

അച്ഛനെയും ചക്രങ്ങളെയും പറ്റി സംശയിക്കുന്നവര്‍ ആ തൊഴുത്തിന് പാകമാകില്ല

ആ പുല്ല് തിന്നു നോക്കൂ. നീ തിന്നാതിരിക്കുന്നു എന്നതു കൊണ്ട് അതു പുല്ലല്ലാതാകുകയോ, തിന്നുന്നവര്‍ കവികളല്ലാതാവുകയോ ചെയ്യില്ല

മോളെ ഉണര്‍ത്തരുത് :)

Dinkan-ഡിങ്കന്‍ said...

“പുല്ല്” തിന്നുക. അത് മാത്രമാണ് രക്ഷ :)

lakshmy said...

നാടോടുമ്പോള്‍ വഴിമാറി ഓടുന്നവര്‍ക്കുമുണ്ട് കയ്യടി.[ഉറക്കെയല്ല. കുട്ടിയുണര്‍ന്നാലോ] കവിത തുടരൂ

അത്ക്കന്‍ said...

ഇവിടെ ആരാണ് കവി..?ആരാണ് കഥാപാത്രങ്ങള്‍...?

പുള്ളോട് പ്രവീണ്‍(pullode praveen) said...

kollam vamatha..
kalangalkku munpe bloginte vilasam kitti..
innanu thurannu..
perinte prathekathayavam enne ee kavitha thanne vayikkan prerippichath..
athu samayanashtamaayilla..
estapadathirikkan onnum kavithayil kandilla..
athukondu thanne estamayi ee kavitha..
bhakki vayikkumbol ariyikkam..
thudarnnum ezuthuka..