Saturday, March 21, 2009

അതേ പഴയ പ്രഭാതം

വിനോദിനീ
ഒരു പ്രഭാതം കണ്ടിട്ട്
എത്രനാളായി

പോയവര്‍ഷം
ഇതുപോലൊരു ദിനത്തില്‍
ഇതുപോലൊരു വെളുപ്പിന്‌
ഇതുപോലെ ഉറക്കച്ചടവോടെ
ഉണര്‍ന്നതാണ്

പ്രണയദിനമാണ്‌
ഇന്നെങ്കിലും നേരത്തെ ഉണര്‍ന്നേപറ്റൂ
എന്നു നീ പറഞ്ഞിട്ടാണ്‌
എന്റെ
എസ്സെമ്മസിന്റെ മണിനാദം
കേട്ടുണരണമെന്നു ശഠിച്ചിട്ടാണ്

ഉറക്കത്തിലേക്കുള്ള പേച്ചുകള്‍ക്കിടയില്‍
ബാലന്‍സ് തീര്‍ന്നതറിയാതെ
ഉണര്‍ന്നതാണ്

മഞ്ഞ് ചുറ്റുന്ന മലകളെ നോക്കീട്ട്
പൂക്കള്‍ വീണുകിടക്കുന്ന ഇടവഴികള്‍ പിന്നിട്ട്
ഉലയുന്ന മുലയുമായ്
പെണ്‌കുട്ടികള്‍ ഉലാത്തുന്നത്‌ കണ്ടിട്ട്
മഴചാറുന്ന വഴിയില്‍
കുടയേതുമില്ലാതെ
റീചാര്‍ജ് കൂപ്പണ്‍ തേടി
അലഞ്ഞതാണ്‌

ഒന്നിനും ഒരു മാറ്റവുമില്ല
എല്ലാം പഴയതുപോലെതന്നെ

മലകളെ ചുറ്റാതെ
മഞ്ഞ് മാറിനില്‌ക്കുന്നുണ്ടാകാം
ഇടവഴിയില്‍ പൂക്കള്‍ വീഴ്ത്തുന്ന ചില മരങ്ങള്‍
വീണുപോയിട്ടുണ്ടാവാം
പെറ്റിക്കോട്ടിനുള്ളില്‍
ഇളകിയാടിക്കൊണ്ടിരുന്ന മുലകള്‍
സ്ഥാനക്കയറ്റം കിട്ടി
ഒന്നൊതുങ്ങി ഉറച്ചിട്ടുണ്ടാവാം

ഒന്നിനും ഒരു മാറ്റവുമില്ല
എല്ലാം പഴയതുപോലെതന്നെ

വിനോദിനീ
എനിക്കും നിനക്കുമിടയിലെ ശൂന്യതയില്‍
ഒഴുകിപ്പരന്ന വാക്കുകള്‍
വാക്കുകളുടെ വിലയിടിച്ചതല്ലാതെ
വിനിമയനിരക്ക് കുത്തനെ കൂട്ടിയതല്ലാതെ
വിനോദവ്യവസായത്തിന്‌
വെളുക്കുവോളം
വെള്ളംകോരിയതല്ലാതെ
ഒരുപാടു കലഹിച്ചതല്ലാതെ
ഒരുപാടു വിലോഭിച്ചതല്ലാതെ
ഒരിടത്തും നമ്മെ എത്തിച്ചില്ലല്ലോ
ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ

വിനോദിനീ
മുഷിഞ്ഞുമുഷിഞ്ഞു നാറിയ
ഈ പ്രണയത്തിന്റെ കുടുക്കുകളഴിച്ച്
നാമെന്നാണ്‌
നമ്മുടെ
സ്വന്തം
ശരീരത്തിലേക്കുണരുക ?

നാമെന്നാണ്‌
നമ്മുടെ
സ്വന്തം
ശരീരത്തില്‍
ശരിക്കൊന്നുറങ്ങുക ?

10 comments:

സമാന്തരന്‍ said...

ഉള്ളീലനുരാഗത്തിന്റെ
കരുതലുണ്ടെന്നു കരുതി
നാമിതുവരെ പ്രണയിച്ചത്
ബാലന്‍സ് നോക്കാതെയായിരുന്നു

സുപ്രിയ said...

ഒന്നിനും ഒരു മാറ്റവുമില്ല
എല്ലാം പഴയതുപോലെതന്നെ


നന്നായിട്ടുണ്ട് കവിത.

പട്ടേപ്പാടം റാംജി said...

മുഷിഞ്ഞുമുഷിഞ്ഞു നാറിയ
ഈ പ്രണയത്തിണ്റ്റെ കുടുക്കുകളഴിച്ച്‌.....

നന്നായിരിക്കുന്നു മാഷെ

കൊടികുത്തി said...

oru chithalaricha orma ennil unarthunnu

പാമരന്‍ said...

loved it, maashe..

പകല്‍കിനാവന്‍ | daYdreaMer said...

ഒരു പ്രഭാതം കണ്ടിട്ട്
എത്രനാളായി...

നാമെന്നാണ്‌
നമ്മുടെ
സ്വന്തം ചോരയില്‍... !

the man to walk with said...

:)

അനിലൻ said...

:(

Radhika Nallayam said...

നാം എന്നാണ് ഒരുമിച്ച് ഒന്ന് ഉറങ്ങുക! ഹഹ

prathap joseph said...

നന്ദി, എല്ലാവര്‍ക്കും