Tuesday, July 15, 2008

കാതല്‍ എന്റാല്‍ എന്നാ?

പകലുറക്കത്തില്‍
സ്വപ്നത്തില്‍
ഒരു പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടു

രാവിലെ
വായിച്ചുവലിച്ചെറിഞ്ഞ
പത്രത്തില്‍
അവള്‍ തൂങ്ങിച്ചത്ത
വാര്‍ത്തയുണ്ടായിരുന്നു

കാമുകന്റെ കൂടെ ഒളിച്ചോടിയെന്നും
പീഡിപ്പിക്കപ്പെട്ടുവെന്നും
ഉപേക്ഷിക്കപ്പെട്ടുവെന്നും
പലമട്ടില്‍
വാര്‍ത്തതുടരുന്നുണ്ടായിരുന്നു

പ്രണയിച്ചു
എന്ന തെറ്റാണോ
ഞാന്‍ ചെയ്തത്
അവള്‍ ചോദിച്ചു
പ്രണയം ഒരു തെറ്റല്ല
പക്ഷെ പ്രണയം
മറ്റുപലതുമാണെന്നുകരുതിയത്
വലിയ തെറ്റാണ്‌
നിന്റെ തെറ്റിലുപരി
നിന്നെ വളര്‍ത്തിയ
ലോകത്തിന്റെ തെറ്റ്

നേരത്തെ എഴുതിത്തയാറാക്കിയ
പ്രണയത്തിന്റെ മാനിഫെസ്റ്റോ
ഞാനവളെ
വായിച്ചുകേള്‍പ്പിച്ചു

പ്രണയം
കെട്ടിപ്പൊറുക്കുന്നതിനോ
കുട്ടിയെപ്പേറുന്നതിനോ
കൂട്ടുകാരിയുടെമേല്‍ കുതിരകയറുന്നതിനോ ഉള്ള
ആമുഖമല്ല
പരിചിതരോ
അപരിചിതരോ ആയ
രണ്ടുമനുഷ്യര്‍ക്കിടയില്‍
ഒരു സുപ്രഭാതത്തില്‍
സ്നേഹം വന്നുദിച്ചതിന്റെ
അടയാളവുമല്ല
പ്രണയത്തിന്‌
സൌന്ദര്യപരമായല്ലാതെ
മറ്റൊരുമൂല്യവുമില്ല
ഭോഗിക്കുക/ഭോഗിക്കപ്പെടുക
എന്നതുമാത്രമാണതിന്ടെ
ഒരേയൊരു ലക് ഷ്യം ​

ഇണചേരുന്നത്
ഇണചേരുന്നതിനുവേണ്ടി മാത്രമാണ്‌
തുണയാകുന്നതിന്റെ പ്രശ്നം
അതില്‍ ഉദിക്കുന്നേയില്ല

മാനിഫെസ്റ്റോ
ഇങ്ങനെ തുടരുന്നതിനിടയില്‍
സ്വപ്നത്തിന്റെ ബാല്‍ക്കണിയിലിരുന്ന്
ഇതെഴുതിയവന്‌
അമ്മയും പെങ്ങമ്മാരുമില്ലെ എന്ന
പതിവുചോദ്യമുയര്‍ന്നു
നീയും നിന്റെ അച്ചനും കുടിച്ചത്
ഒരേമുലതന്നെയാണെന്ന്
അവനോടു പറഞ്ഞപ്പൊഴേക്കും
ഉണര്‍ന്നു

5 comments:

നവരുചിയന്‍ said...

അവസാനത്തെ രണ്ടുവരികള്‍ അത് എനിക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു

Latheesh Mohan said...

‘’പ്രണയത്തിന്‌
സൌന്ദര്യപരമായല്ലാതെ
മറ്റൊരുമൂല്യവുമില്ല‘‘

നീയിന്നാ, മേഘരൂപന്റെ ഗോത്രത്തില്‍
ബാക്കിയായവന്‍
ഏതോ വളകിലുക്കം കേട്ടലയും
ഭൃഷ്ടകാമുകന്‍

:)

Glocalindia said...

പതിനെട്ട് കഴിഞ്ഞാലെങ്കിലും വയസ്സറിയിക്കേണ്ടതല്ലേ?

വയസ്സെത്ര? പറഞ്ഞാളീ...

prathap joseph said...

ചിലവരികള്‍ വിട്ടുപോയിരുന്നു/ താത്പര്യമുള്ളവര്‍ വീണ്ടും വായിക്കണമെന്ന് അപേക്ഷ

പാമരന്‍ said...

വീണ്ടും വായിച്ചു. വിമതം, വിമതം.