Monday, June 11, 2012

ഒരു ശവത്തെയും അത്രയെളുപ്പം മറവുചെയ്യാനാകില്ല (കൊല്ലാനാവും കുഴിച്ചുമൂടാനാകില്ല)


കുറച്ചുനാളായി
ഒരു ശവത്തോടൊപ്പമാണ്‌
എന്റെ നടപ്പ്

പേടിക്കണ്ട
മനുഷ്യന്റെ ശവമല്ല
മീനിന്റെ ശവമാണ്‌
കൃത്യമായിപ്പറഞ്ഞാല്‍
അരയലയുടെ ശവം

വീട്ടില്‍ ചോറിരിപ്പുണ്ടല്ലോ
എന്നോര്‍ത്ത്
തനിച്ചായൊരു ദിവസം
തട്ടുകടയില്‍ നിന്ന് വാങ്ങിയതാണ്‌
ഒരു പൊരിച്ച അയലയെ
ഇലയില്‍ കെട്ടി
പേപ്പറില്‍ പൊതിഞ്ഞിരുന്നതുകൊണ്ട്
പോക്കറ്റിലേക്കിട്ടു
വീട്ടിലെത്തി
പുറത്തെടുക്കുമ്പോള്‍
ഷര്‍ട്ടിലാകെ
എണ്ണ കിനിഞ്ഞിറങ്ങിയ പാട്
പൊതിഞ്ഞുകൊണ്ടുവന്ന പത്രത്തിലോ
ഒരു മനുഷ്യനെ വെട്ടിവെട്ടിക്കൊന്നതിന്റെ
ചോരകിനിഞ്ഞിറങ്ങിയ വാര്‍ത്ത

എത്ര കഴുകിയിട്ടും
പോക്കറ്റിലെ എണ്ണക്കറ മായുന്നില്ല
ചോരക്കറപോലെ അതു
പതിഞ്ഞുകിടക്കുന്നു

കുറച്ചുനാളായി
ഒരു ശവത്തോടൊപ്പമാണ്‌
എന്റെ നടപ്പ്

പത്രമെടുത്താല്‍
ടിവി തുറന്നാല്‍
നെറ്റുവിരിച്ചാല്‍
കൊല്ലപ്പെട്ടവരുടെ മാത്രം
കഥകളാണ്‌

ആദ്യമൊക്കെ അത്
ഒരു മനുഷ്യന്റേതു മാത്രമായിരുന്നു
പിന്നെപ്പിന്നെ
കൊന്നവരും കൊല്ലിച്ചവരും
ഒന്നൊന്നായി
വിളിച്ചുപറയാന്‍ തുടങ്ങി
അവന്‍ കൊന്നു
ഇവന്‍ കൊന്നു
മറ്റവന്‍ കൊന്നു എന്ന്
അവന്‍ കൊന്നവരെപ്പറ്റി ഇവനും
ഇവന്‍ കൊന്നവരെപ്പറ്റി അവനും
മറ്റവന്‍ കൊന്നവരെപ്പറ്റി മര്‍ച്ചവനും
പറയാന്‍ തുടങ്ങി
ശവങ്ങള്‍ക്ക്
ശവപ്പറമ്പുകളില്‍ പോലും
ശാന്തിയില്ലാതായി

തന്റെ മരണം പുനരന്വേഷിക്കണമെന്ന്
തനിക്കു നീതികിട്ടിയില്ലെന്ന്
വെട്ടിയവരും വെട്ടിച്ചവരും
കണ്ടവരും കൂട്ടിക്കൊടുത്തവരും
സുഖമായി ഉണ്ടുറങ്ങുന്നുണ്ടെന്ന്
ഓരോ ശവങ്ങളും
പറഞ്ഞുതുടങ്ങി

കുറച്ചുനാളായി
ഒരു ശവത്തോടൊപ്പമാണ്‌
എന്റെ നടപ്പ്
ഇരിപ്പ്
കിടപ്പ്

അച്ഛാ പ്രേതം എന്ന്
അടുത്ത മുറിയില്‍ കളിച്ചുകൊണ്ടിരുന്ന
മകള്‍
ഓടിവരുന്നു
വഴിയരുകില്‍
ടിപ്പറിടിച്ച് തലതകര്‍ന്നു കിടന്ന കുട്ടികളെക്കുറിച്ച്
ഉത്തരക്കടലാസില്‍നിന്ന്
തലയുയര്‍ത്തി
ഭാര്യ പറയുന്നു

അങ്ങാടിയിലേക്കിറങ്ങിയാലോ
അവിടെയും മരിച്ചവരുടെ കഥകളാണ്‌
മരിച്ചവരില്‍
രമിച്ച്
രമിച്ചവരില്‍
മദിച്ച് ...
ചോറിറങ്ങണമെങ്കില്‍
ചോരക്കഥ
വേണമെന്നായിരിക്കുന്നു

കുറച്ചുനാളായി
ഒരു ശവത്തോടൊപ്പമാണ്‌
എന്റെ നടപ്പ്
ഇരിപ്പ്
കിടപ്പ്

പോക്കറ്റിലെ ചോരക്കറ മായുന്നില്ല
ഏതു ഷര്‍ട്ടിട്ടാലും ഷര്‍ട്ടിടാതിരുന്നാലും
വീട്ടിലായാലും നാട്ടിലായാലും
ഓഫീസിലായാലും ബാറിലായാലും
നെഞ്ചോടുചേര്‍ന്ന്
ഒരേ ചോരക്കറ
അതേ ചോരക്കറ

ഇതെന്റെ മാത്രം
തോന്നലാണോയെന്ന്
തോന്നാതിരുന്നില്ല

ആണെന്നോ
പെണ്ണെന്നോ
ഹിജഡയെന്നോ
ഭേദമില്ല
തൊഴിലാളിയെന്നോ
മുതലാളിയെന്നോ
തൊഴിലില്ലാത്തവനെന്നോ
ഭേദമില്ല
ഇല്ലസ്ട്റേറ്ററെന്നോ
ഇറച്ചിവെട്ടുകാരനെന്നോ
ഭേദമില്ല
എല്ലാവരും
ഒരു കൈ പോക്കറ്റില്‍ തിരുകുന്നു
മറ്റൊരുവനറിയാതെ
പാതിഹൃദയം മറയ്ക്കുന്നു

ഒരു കൈകൊണ്ട്
വണ്ടിയോടിക്കുന്നു
ഒരു കൈകൊണ്ട്
തെണ്ടി നടക്കുന്നു
ഒരു കൈകൊണ്ട്
ചേര്‍ത്തുപിടിക്കുന്നു
ഒരു കൈകുത്തി
ഇണചേരുന്നു

ഒരു കൈ ചെയ്യുന്നത്
മറുകൈ അറിയുന്നില്ല
ഒരു കണ്ണടയുന്നത്
മറുകണ്ണുകാണുന്നില്ല
ഒരു സിമ്മിലെ വിളികള്‍
മറുസിമ്മു കേള്‍ക്കുന്നില്ല

കുറച്ചുനാളായി
ഒരു ശവത്തോടൊപ്പമാണ്‌
എന്റെ നടപ്പ്
ഇരിപ്പ്
കിടപ്പ്

പേടിക്കണം
മീനിന്റെ ശവമല്ല
മനുഷ്യന്റെ ശവമാണ്‌
അയലയുടെ ശവമല്ല
അയലത്തെ ശവമാണ്‌

4 comments:

Satheesan .Op said...

പേടിക്കണം
മീനിന്റെ ശവമല്ല
മനുഷ്യന്റെ ശവമാണ്‌
അയലയുടെ ശവമല്ല
അയലത്തെ ശവമാണ്‌

വരികളിലെ അഗ്നി കൊണ്ട് പൊള്ളുന്നത് വായനക്കാരന്റെ മനസ്സ്

എം പി.ഹാഷിം said...

ഒരു കൈകൊണ്ട്
വണ്ടിയോടിക്കുന്നു
ഒരു കൈകൊണ്ട്
തെണ്ടി നടക്കുന്നു
ഒരു കൈകൊണ്ട്
ചേര്‍ത്തുപിടിക്കുന്നു
ഒരു കൈകുത്തി
ഇണചേരുന്നു

പേടിപ്പെടുത്തുന്ന കണ്ടെത്തല്‍ !

പ്രവീണ്‍ ശേഖര്‍ said...

വളരെ കാലത്തിനു ശേഷം മനസ്സില്‍ ശ്വാസം പിടിച്ചു കൊണ്ട് വായിച്ചു തീര്‍ത്ത ഒരു എഴുത്ത്. വ്യത്യസ്തമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. നല്ല പ്രാസ ബോധം ഉളവാക്കുന്ന രീതിയില്‍ പലയിടങ്ങളിലും വാക്കുകളും വാചകങ്ങളും കൂടി ചേര്‍ന്ന് കിടന്നത് വളരെ ഇഷ്ടമായി. കൈകാര്യം ചെയ്ത വിഷയം ആനുകാലികമെങ്കിലും, ഏത് സമയത്ത് വായിച്ചാലും ആ പുതുമ നഷ്ടപെടാത്ത വിധം എഴുതി ചേര്‍ത്തതിനു അഭിനന്ദനങ്ങള്‍..ആശംസകള്‍.

ജയരാജ്‌മുരുക്കുംപുഴ said...

ആശംസകള്‍..... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌........ ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ, നാളെ.......?