Thursday, June 7, 2012

സമ നില (ഒരന്യോപദേശ കവിത)




നിന്നെ കാണുമ്പൊഴൊക്കെ
ഒരിഷ്ടം
നിന്റെ കൂടെ നടക്കുന്നു

നീ പോയിക്കഴിയുമ്പോള്‍
അതെന്റെകൂടെ നടക്കുന്നു

കുറേക്കഴിയുമ്പോള്‍
അതെങ്ങോട്ടോ നടക്കുന്നു


നീ നിന്റെ വഴിക്കു നടക്കുന്നു
ഞാന്‍ എന്റെ വഴിക്കു നടക്കുന്നു
നമുക്കിടയിലൊരിഷ്ടം
അതിന്റെ വഴിക്കു നടക്കുന്നു
(എല്ലാം അതിന്റെ വഴിക്ക് നടന്നിരുന്നെങ്കില്‍ )


വല്ലപ്പോഴുമൊരിക്കല്‍
ഇണചേരുന്നതിനു വേണ്ടി
അവനവന്റെ കാര്യം
നോക്കാതിരിക്കുന്നതിനുവേണ്ടി
ഇഷ്ടങ്ങളെ കെട്ടിപ്പൊക്കി
നാം
കോട്ട (രാവണന്‍ )പണിയുന്നു
ചീട്ടുപൊട്ടുമ്പോലെ
അതു
പൊട്ടിവീഴുന്നു

ഒരു മാറ്റവുമില്ല

അടുത്തവട്ടം
നാം
ഒരു നിലകൂടിപ്പണിയുന്നു

1 comment:

Rare Rose said...

കൊള്ളാം..നല്ലൊരു തമാശക്കാരന്‍ ഒളിഞ്ഞിരിക്കണ കവിത :)