Thursday, July 24, 2008

നീ ശ്വാസം

ഞാന്‍ ശ്വസിക്കുന്നത്
നിന്റെ
കണ്ണുകളില്‍ നിന്നാണ്‌

കിതപ്പോ
കഴപ്പോ കൊണ്ടല്ല
പ്രണയമോ
പ്രണയരാഹിത്യമോ അല്ല

വാക്കുകൊണ്ടുള്ള കൂട്ട്
ഈ ദിവസങ്ങളില്‍
അത്രക്കും
അനിഷ്ടകരമായതുകൊണ്ടുമാത്രം

Wednesday, July 23, 2008

വിസ്താരവ്യാധി

കവികളും
വില്ലന്‍മാരും
വിജയിക്കാത്തതെന്തുകൊണ്ട് ?
[വിജയിച്ച കവികള്‍ ക്ഷമിക്കുക]

ഒറ്റുന്നത്
മറ്റാരുമല്ല
വാക്കുകള്‍ തന്നെ

വിസ്തരിക്കാന്‍
പോയതുകൊണ്ടാണ്‌
ബലാത്സംഗം
വൈകിയത്
നായകനെത്തിയത്

Sunday, July 20, 2008

ഈയിടെയായി കണ്ണടയ്ക്കാതെ കവിത വരുന്നില്ല

ഞാന്‍ നോക്കുന്നത്
എന്റെ കണ്ണുകൊണ്ടാണെങ്കിലും
എന്റെ ശരീരം മുഴുവന്‍
നിന്നെ ആഗ്രഹിക്കുന്നുണ്ട്

ഞാന്‍ നോക്കുന്നത്
നിന്റെ കണ്ണിലേക്കാണെങ്കിലും
നിന്റെ ശരീരം മുഴുവന്‍
ഞാന്‍ ആഗ്രഹിക്കുന്നുണ്ട്

എങ്കിലും
എന്റെ കണ്ണും
നിന്റെ കണ്ണും
കൂട്ടിമുട്ടുന്ന ആ നിമിഷം
എന്റെ ശരീരവും
നിന്റെ ശരീരവും
എവിടെയോ
വിസ്മരിക്കപ്പെടുന്നുണ്ട്

എന്റെ ശരീരവും
നിന്റെ ശരീരവും
കൂട്ടിമുട്ടുന്ന
ആ നിമിഷം
എന്റെ കണ്ണുകളും
നിന്റെ കണ്ണുകളും
അത്രതന്നെ
അനാവശ്യവുമായിത്തീരുന്നുണ്ട്

Tuesday, July 15, 2008

കാതല്‍ എന്റാല്‍ എന്നാ?

പകലുറക്കത്തില്‍
സ്വപ്നത്തില്‍
ഒരു പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടു

രാവിലെ
വായിച്ചുവലിച്ചെറിഞ്ഞ
പത്രത്തില്‍
അവള്‍ തൂങ്ങിച്ചത്ത
വാര്‍ത്തയുണ്ടായിരുന്നു

കാമുകന്റെ കൂടെ ഒളിച്ചോടിയെന്നും
പീഡിപ്പിക്കപ്പെട്ടുവെന്നും
ഉപേക്ഷിക്കപ്പെട്ടുവെന്നും
പലമട്ടില്‍
വാര്‍ത്തതുടരുന്നുണ്ടായിരുന്നു

പ്രണയിച്ചു
എന്ന തെറ്റാണോ
ഞാന്‍ ചെയ്തത്
അവള്‍ ചോദിച്ചു
പ്രണയം ഒരു തെറ്റല്ല
പക്ഷെ പ്രണയം
മറ്റുപലതുമാണെന്നുകരുതിയത്
വലിയ തെറ്റാണ്‌
നിന്റെ തെറ്റിലുപരി
നിന്നെ വളര്‍ത്തിയ
ലോകത്തിന്റെ തെറ്റ്

നേരത്തെ എഴുതിത്തയാറാക്കിയ
പ്രണയത്തിന്റെ മാനിഫെസ്റ്റോ
ഞാനവളെ
വായിച്ചുകേള്‍പ്പിച്ചു

പ്രണയം
കെട്ടിപ്പൊറുക്കുന്നതിനോ
കുട്ടിയെപ്പേറുന്നതിനോ
കൂട്ടുകാരിയുടെമേല്‍ കുതിരകയറുന്നതിനോ ഉള്ള
ആമുഖമല്ല
പരിചിതരോ
അപരിചിതരോ ആയ
രണ്ടുമനുഷ്യര്‍ക്കിടയില്‍
ഒരു സുപ്രഭാതത്തില്‍
സ്നേഹം വന്നുദിച്ചതിന്റെ
അടയാളവുമല്ല
പ്രണയത്തിന്‌
സൌന്ദര്യപരമായല്ലാതെ
മറ്റൊരുമൂല്യവുമില്ല
ഭോഗിക്കുക/ഭോഗിക്കപ്പെടുക
എന്നതുമാത്രമാണതിന്ടെ
ഒരേയൊരു ലക് ഷ്യം ​

ഇണചേരുന്നത്
ഇണചേരുന്നതിനുവേണ്ടി മാത്രമാണ്‌
തുണയാകുന്നതിന്റെ പ്രശ്നം
അതില്‍ ഉദിക്കുന്നേയില്ല

മാനിഫെസ്റ്റോ
ഇങ്ങനെ തുടരുന്നതിനിടയില്‍
സ്വപ്നത്തിന്റെ ബാല്‍ക്കണിയിലിരുന്ന്
ഇതെഴുതിയവന്‌
അമ്മയും പെങ്ങമ്മാരുമില്ലെ എന്ന
പതിവുചോദ്യമുയര്‍ന്നു
നീയും നിന്റെ അച്ചനും കുടിച്ചത്
ഒരേമുലതന്നെയാണെന്ന്
അവനോടു പറഞ്ഞപ്പൊഴേക്കും
ഉണര്‍ന്നു

Thursday, July 10, 2008

സാമൂഹ്യപാഠം

പള്ളിയുടെ മുന്‍പില്‍,
വണ്ടിയിലിരുന്ന കൈയ്യെടുത്ത്
കുരിശുവരച്ച
ബൈക്ക് യാത്രക്കാരനെ
എതിരെവന്ന ലോറി
ഇടിച്ചുവീഴ്ത്തി

പാഠങ്ങളില്‍നിന്ന്
പഠിക്കാതിരുന്നതിനാല്‍
ശ്രദ്ധപതിയേണ്ടത്
പള്ളിയിലല്ല
പരിസരത്താണ്‌ എന്ന്
ദൈവം
ഒരടികൊടുത്ത്
പഠിപ്പിച്ചതാകുമോ ?

Thursday, July 3, 2008

രണ്ടുതുള്ളിയുടെ ആധി

ദേഹംപുഴക്കുന്ന

വാക്കിന്റെ ചുഴലിയെ

ഒന്നരയിഞ്ചിന്റെ

കോലുകൊണ്ട്

എങ്ങനെ

കടയും ഞാന്‍ ?