Sunday, October 20, 2013

നാവികന്‍ (നാവുകൊണ്ടുതുഴയുന്നവന്‍ )


കടലിടുക്കുകള്‍
ഒരു വിഷയമേയല്ല
അവ കടക്കുന്നവര്‍ കടക്കട്ടേ
കടക്കാതിരിക്കട്ടേ
പക്ഷേ കാലിടുക്കുകള്‍ ...
എത്ര തുഴഞ്ഞാലാണ്‌ ഒന്ന് കരപറ്റുക
കരപറ്റിയാലോ...
മടക്കിവിളിക്കും മറുകര
പിന്നെയും പിന്നെയും 

Wednesday, March 6, 2013

പ്രണയചിഹ്നങ്ങള്‍ വില്‍ക്കുന്ന പെണ്‍കുട്ടി...


വൈകുന്നേരം
പൂഴിമണ്ണില്‍
പടിഞ്ഞിരുന്ന്
കടല്‍ കാണാനെത്തുന്നവര്‍ക്കു മുന്നില്‍
പ്രണയ ചിഹ്നങ്ങള്‍ വില്‍ക്കുകയായിരുന്നു അവള്‍

സന്ധ്യക്ക്
കടല്‍പ്പാലത്തിനു കീഴിലെ
ഇരുട്ടില്‍ കുനിഞ്ഞിരുന്ന്
കടന്നുപോകുന്നവരെ
കാലുകാട്ടി വിളിക്കുന്നു

രാത്രി തിരിച്ചുപോരുംവഴി
പ്ലാസ്റ്റിക് ചവറുകള്‍ കൂട്ടിയിട്ടിരുന്ന
പഴയ കെട്ടിടത്തിനുപിന്നിലെ ഇരുട്ടില്‍നിന്നും
ഒരുവളുടെ ഞരക്കമോ
നിലവിളിയോ
അങ്ങനെയെന്തോ കേട്ടു
അതവള്‍ തന്നെ
അവളാകാതെ തരമില്ല

പുലര്‍ച്ചക്ക് പത്രത്തില്‍ പടമാകാനായിരുന്നു
അവളുടെ യോഗം
ഒന്നാം പേജില്‍
ആറുകോളത്തില്‍
നീണ്ടുമലര്‍ന്നിങ്ങനെ

അവള്‍ക്കൊന്നും സംഭവിച്ചിട്ടില്ല
സംഭവിക്കാന്‍ തരമില്ല

ഞാനിന്നലെയും കണ്ടു അവളെ
അതേ കടല്‍ത്തീരത്ത്
ഒക്കത്തൊരു കൈക്കുഞ്ഞുമായി
പ്രണയചിഹ്നങ്ങള്‍ വില്ക്കുന്നു...

Friday, October 19, 2012

Thursday, September 13, 2012

ഉള്ളേ വെളിയേ...

ഒരു ചീവീടു ചിലക്കുന്നു
ഉള്ളില്‍ ഒരു ചീവീടു ചിലക്കുന്നു
ഉള്ളുപൊള്ളയായൊരുള്ളില്‍ ഒരു ചീവീടു ചിലക്കുന്നു

വെളിയില്‍ ഒരു ചീവീടു ചിലക്കുന്നു
ഉള്ളുപൊള്ളയായൊരുള്ളിന്റെ വെളിയില്‍ ഒരു ചീവീടു ചിലക്കുന്നു

ഒരു ചീവീടു ചിലക്കുന്നു

ചിലക്കുന്നു

Tuesday, September 4, 2012

പുതുമൊഴി


കാക്ക കണ്ടറിയും
കൊക്ക് കൊണ്ടറിയും

മനുഷ്യന്‍ കല്ലെറിയും

Friday, August 10, 2012

സദാചാരം

സദാ ചാരം
ചിലപ്പോള്‍ ആളും

അപ്പോള്‍ ആളും ചാരം

Monday, July 23, 2012

ഒച്ചിഴയുമ്പോലെ...

വൈകിയെഴുന്നേറ്റ്
തൂറാനിരിക്കുന്നു

താഴേക്കുനോക്കുന്നു
മേലേക്ക് നോക്കുന്നു
നിവര്‍ന്നിരിക്കുന്നു
കുനിഞ്ഞിരിക്കുന്നു

ടൈലിലൂടെ ഒരൊച്ച്
ഇഴഞ്ഞു നീങ്ങുന്നു

പാവം ഒച്ച്
ഒരു ടൈലു പിന്നിടാന്‍
കുറഞ്ഞതു മൂന്നു മിനിറ്റ്
പത്തു ടൈലുകടന്ന്
ഭിത്തിയിലെത്തണമെങ്കില്‍
അര മണിക്കൂര്‍

മനുഷ്യനാണെങ്കില്‍ ...

കാറിലാണെങ്കില്‍ 30 കിലോമീറ്റര്‍
പ്ലെയിനിലാണെങ്കിലോ
രാജ്യങ്ങള്‍ ...

വൈകിയെഴുന്നേറ്റ്
തൂറാനിരിക്കുന്നു

താഴേക്കുനോക്കുന്നു
മേലേക്ക് നോക്കുന്നു
നിവര്‍ന്നിരിക്കുന്നു
കുനിഞ്ഞിരിക്കുന്നു

ഒച്ചിഴഞ്ഞ്
ഭിത്തിയിലെത്തിയിരിക്കുന്നു

മൂലം പൊട്ടുമാറൊരൊച്ച്
വെള്ളത്തില്‍ വീഴുന്നു...

Tuesday, July 3, 2012

അത്രമാത്രം

ശ്രമിച്ചാല്‍
ആകുമായിരുന്ന
പലതുമുണ്ട്

ശ്രമിച്ചില്ലെന്നതുകൊണ്ട്
സത്തയുടെ ഒരു തുണ്ട്
കൈയ്യിലുണ്ട്

അതുകൊണ്ട്
വല്ല
കാര്യവുമുണ്ടോ

ഉടുമുണ്ട്
ഉറച്ചിരിക്കുന്ന മട്ടിലൊരു
സമാധാനമുണ്ട്

അത്രമാത്രം

Saturday, June 30, 2012

കറുത്ത പക്ഷിയുടെ കവിത

(കൊടിയുടെ കീഴില്‍ കുമ്പിട്ടോ കുന്തിച്ചോ നില്‍ക്കാറുള്ള
നമ്മുടെ ചില മുതിര്‍ന്ന പാട്ടുകവികളെ ഓര്‍മിച്ചുകൊണ്ട്)


കുന്ന്


മണ്ണുമാന്തി
വന്നു മാന്തി
ബാക്കിയായതിന്റെ
അങ്ങേച്ചെരുവ്


ഒന്നാം ക്ലാസ്സുകാരിയുടെ
ഉത്തരക്കടലാസ്സുപോലെ
വെളുവെളുത്ത മാനത്ത്
ചില്ലകള്‍കൊണ്ട്
കോറിവരച്ച്
ഒരു കറുത്ത മരം

ഇലയില്ല
പൂവില്ല
കായില്ല

ഇഷ്ടം കൂടാനൊ-
രിത്തിള്‍ക്കണ്ണിപോലുമില്ല

കവരയിലൊരു
കാക്കവന്നിരിക്കും
കാ..കാ.. എന്ന്
വേനലിന്റെ
കവിത ചൊല്ലും

പദ്യമോ ഗദ്യമോ അല്ല
നീട്ടലോ കുറുകലോ ഇല്ല
ആദിമുതല്‍ അന്ത്യം വരെ
ഏകാക്ഷരപ്രാസം

മഴയും വേണ്ടൊരു
മൈരും വേണ്ട
ആ കവിത മതി
ഏതു കൊടിയകാലവും
കീഴ്മേല്‍ മറിയാന്‍

പോകാന്‍ പറ
പാട്ടുകവികളോട്
മാനം കറുക്കുമ്പോള്‍
പീലിവിടര്‍ത്തിയാടുന്നവരോട്

Monday, June 11, 2012

ഒരു ശവത്തെയും അത്രയെളുപ്പം മറവുചെയ്യാനാകില്ല (കൊല്ലാനാവും കുഴിച്ചുമൂടാനാകില്ല)


കുറച്ചുനാളായി
ഒരു ശവത്തോടൊപ്പമാണ്‌
എന്റെ നടപ്പ്

പേടിക്കണ്ട
മനുഷ്യന്റെ ശവമല്ല
മീനിന്റെ ശവമാണ്‌
കൃത്യമായിപ്പറഞ്ഞാല്‍
അരയലയുടെ ശവം

വീട്ടില്‍ ചോറിരിപ്പുണ്ടല്ലോ
എന്നോര്‍ത്ത്
തനിച്ചായൊരു ദിവസം
തട്ടുകടയില്‍ നിന്ന് വാങ്ങിയതാണ്‌
ഒരു പൊരിച്ച അയലയെ
ഇലയില്‍ കെട്ടി
പേപ്പറില്‍ പൊതിഞ്ഞിരുന്നതുകൊണ്ട്
പോക്കറ്റിലേക്കിട്ടു
വീട്ടിലെത്തി
പുറത്തെടുക്കുമ്പോള്‍
ഷര്‍ട്ടിലാകെ
എണ്ണ കിനിഞ്ഞിറങ്ങിയ പാട്
പൊതിഞ്ഞുകൊണ്ടുവന്ന പത്രത്തിലോ
ഒരു മനുഷ്യനെ വെട്ടിവെട്ടിക്കൊന്നതിന്റെ
ചോരകിനിഞ്ഞിറങ്ങിയ വാര്‍ത്ത

എത്ര കഴുകിയിട്ടും
പോക്കറ്റിലെ എണ്ണക്കറ മായുന്നില്ല
ചോരക്കറപോലെ അതു
പതിഞ്ഞുകിടക്കുന്നു

കുറച്ചുനാളായി
ഒരു ശവത്തോടൊപ്പമാണ്‌
എന്റെ നടപ്പ്

പത്രമെടുത്താല്‍
ടിവി തുറന്നാല്‍
നെറ്റുവിരിച്ചാല്‍
കൊല്ലപ്പെട്ടവരുടെ മാത്രം
കഥകളാണ്‌

ആദ്യമൊക്കെ അത്
ഒരു മനുഷ്യന്റേതു മാത്രമായിരുന്നു
പിന്നെപ്പിന്നെ
കൊന്നവരും കൊല്ലിച്ചവരും
ഒന്നൊന്നായി
വിളിച്ചുപറയാന്‍ തുടങ്ങി
അവന്‍ കൊന്നു
ഇവന്‍ കൊന്നു
മറ്റവന്‍ കൊന്നു എന്ന്
അവന്‍ കൊന്നവരെപ്പറ്റി ഇവനും
ഇവന്‍ കൊന്നവരെപ്പറ്റി അവനും
മറ്റവന്‍ കൊന്നവരെപ്പറ്റി മര്‍ച്ചവനും
പറയാന്‍ തുടങ്ങി
ശവങ്ങള്‍ക്ക്
ശവപ്പറമ്പുകളില്‍ പോലും
ശാന്തിയില്ലാതായി

തന്റെ മരണം പുനരന്വേഷിക്കണമെന്ന്
തനിക്കു നീതികിട്ടിയില്ലെന്ന്
വെട്ടിയവരും വെട്ടിച്ചവരും
കണ്ടവരും കൂട്ടിക്കൊടുത്തവരും
സുഖമായി ഉണ്ടുറങ്ങുന്നുണ്ടെന്ന്
ഓരോ ശവങ്ങളും
പറഞ്ഞുതുടങ്ങി

കുറച്ചുനാളായി
ഒരു ശവത്തോടൊപ്പമാണ്‌
എന്റെ നടപ്പ്
ഇരിപ്പ്
കിടപ്പ്

അച്ഛാ പ്രേതം എന്ന്
അടുത്ത മുറിയില്‍ കളിച്ചുകൊണ്ടിരുന്ന
മകള്‍
ഓടിവരുന്നു
വഴിയരുകില്‍
ടിപ്പറിടിച്ച് തലതകര്‍ന്നു കിടന്ന കുട്ടികളെക്കുറിച്ച്
ഉത്തരക്കടലാസില്‍നിന്ന്
തലയുയര്‍ത്തി
ഭാര്യ പറയുന്നു

അങ്ങാടിയിലേക്കിറങ്ങിയാലോ
അവിടെയും മരിച്ചവരുടെ കഥകളാണ്‌
മരിച്ചവരില്‍
രമിച്ച്
രമിച്ചവരില്‍
മദിച്ച് ...
ചോറിറങ്ങണമെങ്കില്‍
ചോരക്കഥ
വേണമെന്നായിരിക്കുന്നു

കുറച്ചുനാളായി
ഒരു ശവത്തോടൊപ്പമാണ്‌
എന്റെ നടപ്പ്
ഇരിപ്പ്
കിടപ്പ്

പോക്കറ്റിലെ ചോരക്കറ മായുന്നില്ല
ഏതു ഷര്‍ട്ടിട്ടാലും ഷര്‍ട്ടിടാതിരുന്നാലും
വീട്ടിലായാലും നാട്ടിലായാലും
ഓഫീസിലായാലും ബാറിലായാലും
നെഞ്ചോടുചേര്‍ന്ന്
ഒരേ ചോരക്കറ
അതേ ചോരക്കറ

ഇതെന്റെ മാത്രം
തോന്നലാണോയെന്ന്
തോന്നാതിരുന്നില്ല

ആണെന്നോ
പെണ്ണെന്നോ
ഹിജഡയെന്നോ
ഭേദമില്ല
തൊഴിലാളിയെന്നോ
മുതലാളിയെന്നോ
തൊഴിലില്ലാത്തവനെന്നോ
ഭേദമില്ല
ഇല്ലസ്ട്റേറ്ററെന്നോ
ഇറച്ചിവെട്ടുകാരനെന്നോ
ഭേദമില്ല
എല്ലാവരും
ഒരു കൈ പോക്കറ്റില്‍ തിരുകുന്നു
മറ്റൊരുവനറിയാതെ
പാതിഹൃദയം മറയ്ക്കുന്നു

ഒരു കൈകൊണ്ട്
വണ്ടിയോടിക്കുന്നു
ഒരു കൈകൊണ്ട്
തെണ്ടി നടക്കുന്നു
ഒരു കൈകൊണ്ട്
ചേര്‍ത്തുപിടിക്കുന്നു
ഒരു കൈകുത്തി
ഇണചേരുന്നു

ഒരു കൈ ചെയ്യുന്നത്
മറുകൈ അറിയുന്നില്ല
ഒരു കണ്ണടയുന്നത്
മറുകണ്ണുകാണുന്നില്ല
ഒരു സിമ്മിലെ വിളികള്‍
മറുസിമ്മു കേള്‍ക്കുന്നില്ല

കുറച്ചുനാളായി
ഒരു ശവത്തോടൊപ്പമാണ്‌
എന്റെ നടപ്പ്
ഇരിപ്പ്
കിടപ്പ്

പേടിക്കണം
മീനിന്റെ ശവമല്ല
മനുഷ്യന്റെ ശവമാണ്‌
അയലയുടെ ശവമല്ല
അയലത്തെ ശവമാണ്‌

Thursday, June 7, 2012

സമ നില (ഒരന്യോപദേശ കവിത)




നിന്നെ കാണുമ്പൊഴൊക്കെ
ഒരിഷ്ടം
നിന്റെ കൂടെ നടക്കുന്നു

നീ പോയിക്കഴിയുമ്പോള്‍
അതെന്റെകൂടെ നടക്കുന്നു

കുറേക്കഴിയുമ്പോള്‍
അതെങ്ങോട്ടോ നടക്കുന്നു


നീ നിന്റെ വഴിക്കു നടക്കുന്നു
ഞാന്‍ എന്റെ വഴിക്കു നടക്കുന്നു
നമുക്കിടയിലൊരിഷ്ടം
അതിന്റെ വഴിക്കു നടക്കുന്നു
(എല്ലാം അതിന്റെ വഴിക്ക് നടന്നിരുന്നെങ്കില്‍ )


വല്ലപ്പോഴുമൊരിക്കല്‍
ഇണചേരുന്നതിനു വേണ്ടി
അവനവന്റെ കാര്യം
നോക്കാതിരിക്കുന്നതിനുവേണ്ടി
ഇഷ്ടങ്ങളെ കെട്ടിപ്പൊക്കി
നാം
കോട്ട (രാവണന്‍ )പണിയുന്നു
ചീട്ടുപൊട്ടുമ്പോലെ
അതു
പൊട്ടിവീഴുന്നു

ഒരു മാറ്റവുമില്ല

അടുത്തവട്ടം
നാം
ഒരു നിലകൂടിപ്പണിയുന്നു

Tuesday, May 29, 2012

ആര്‍ത്തിക്കാരന്‍


തിന്നു തിന്നു തിന്ന്
താനിരുന്ന ഇലയും തിന്ന്
തണ്ടിലേക്കുകടക്കുമ്പോള്‍
താഴ്ന്നിറങ്ങി
ഒരു തുന്നാരന്‍ കിളി


അപ്പൊഴേക്കും

ചീര്‍ത്തു ചീര്‍ത്തു ചീര്‍ത്ത്
ചീങ്കണ്ണിയോളം ചീര്‍ത്ത്
ഇപ്പോള്‍ പുറപ്പെടും മട്ടില്‍
ഒരൊറ്റക്കണ്ണന്‍ മെമു വണ്ടിയായി
മാറിക്കഴിഞ്ഞിരുന്നു
ആ ശലഭപ്പുഴു

ഒന്നു ചുറ്റും കണ്ണോടിച്ചിരുന്നെങ്കില്‍
ഒരിലയെങ്കിലും കാത്തുവെച്ചിരുന്നെങ്കില്‍
ബാക്കിയാവുമായിരുന്നല്ലോ
ഒരു ചെടിയും
ചിറകനക്കവും

Friday, May 25, 2012

51

51 അക്ഷരങ്ങള്‍കൊണ്ട്
ഒരു ഭാഷ
51 വെട്ടുകള്‍കൊണ്ട്
അതിന്റെ ജീവന്‍

വെട്ടിനും വെട്ടിനുമിടയില്‍
അ... ആ...എന്ന്
അക്ഷരമാല
ആദിയിലേപ്പോലെ
ആവര്‍ത്തിച്ചിട്ടുണ്ടാകണം
അല്ലെങ്കില്‍
അതിനു ശ്രമിച്ചിട്ടുണ്ടാകണം

വെട്ടിയവര്‍ പോയി
വെട്ടുകൊണ്ടവനും പോയി

അ എന്ന അക്ഷരം
അരുതേ എന്ന് പൂരിപ്പിക്കാന്‍
മടിച്ച്,
പേടിച്ച്
ഭാഷ മരിച്ചവരെപ്പോലെ
ആള്‍ക്കൂട്ടത്തില്‍
നാം

Friday, December 23, 2011

മുല്ലപ്പെരിയാര്‍

മഹാനഗരത്തില്‍
നാലുംകൂടിയ കവലയില്‍
ട്രാഫിക് ഐലന്‍ഡിലെ
ഗാന്ധിപ്രതിമയ്ക്കൂ മുന്നില്‍നിന്ന്
ഒരു തെരുവുപട്ടി
തലയില്‍ ചാക്കുകെട്ടുമായി
നടന്നുപോകുന്ന
തമിഴനെ നോക്കി കുരയ്ക്കുന്നു

കുരയുടെ കാരണമറിയണം തമിഴന്‌

അയാള്‍ ചാക്കുകെട്ട് താഴെയിട്ട്
പട്ടിക്കുനേരെ നടക്കുന്നു
പട്ടി
കുരച്ച് കുരച്ച്
കുറച്ചുകുരച്ച്
കുരമറന്ന്
ഗാന്ധിക്കുപിന്നിലൊളിക്കുന്നു

Sunday, August 28, 2011

tea4travel

പുതിയ ട്രാവല്‍ ബ്ലോഗ് ലിങ്ക് ചുവടെ

സാംസ്കാരിക നായ

കൂടുതുറന്നാലുടനെ
കുതിച്ചുപായാറുള്ള
വളര്‍ത്തുനായക്ക്
ഒരെല്ലിന്‍ കഷണമിട്ടുകൊടുത്തു ഇന്ന്

കാളയുടേയോ (കാളനുമാവാം )
കോഴിയുടെയോ
എല്ലല്ല
കെന്നല്‍ കടയില്നിന്ന്
കവറില്‍ വാങ്ങിയ
ഒരു പ്ലാസ്റ്റിക് എല്ല്

കാലത്ത്
കോഴി ( മൂന്നുവട്ടം ) കൂവുന്നതുവരെ
കുരയോ
കുറുകലോ കൂത്താട്ടമോ ഇല്ലാതെ
കടിച്ചതില്‍ തന്നെ കടിച്ചുകിടന്നു അത്‌

Friday, August 19, 2011

എന്റെ രാഷ്ട്രീയം

കവിതക്കോ
ഇനി എഴുതാന്‍ പോകുന്ന കവിതകള്‍ക്കോ

ഞാഞ്ഞൂലുകള്‍ തലപൊക്കുമ്പോള്‍ എന്ന്

തലക്കെട്ടിടില്ല,
പരാമര്‍ശിക്കുകയുമില്ല


മനുഷ്യന്‍ അല്പനല്ലാത്തതുകൊണ്ടല്ല

അതിന്‌

ഞാഞ്ഞൂലുകള്‍

വിലകൊടുക്കേണ്ടതില്ലാത്തതുകൊണ്ടാണ്‌

Thursday, August 11, 2011

മഴപെയ്യുന്നത്‌ ...

മഴപെയ്യുന്നത്‌ പൊറുക്കാം
മരം പെയ്യുന്നതോ..?

Monday, July 25, 2011

വേരുകളിലേക്ക് തിരികെയെത്തുന്ന ഇലകള്‍ ...

ഓരോ കാല്‍ പറിക്കുമ്പൊഴും
വേരുപൊട്ടുന്ന

ഒച്ച കേള്ക്കുന്നു


ഓരോ കാല്‍ പതിയുമ്പൊഴും

നനവുള്ള

മണ്ണ്‌ പരതുന്നു


ആറടി താഴ്ചക്കുതാഴെ

പാതാളത്തോളമെത്തുന്ന വേരുകള്‍


ആറടി ഉയരത്തിനുമുയരെ

ആകാശത്തോളമെത്തുന്ന വേരുകള്‍


എനിക്കുമടുത്തു ആഴത്തിലാഴത്തിലീ

ആരായലുകള്‍

ആളാകലുകള്‍


എനിക്കുമടുത്തു

നിന്നനില്പില്‍ നിന്നുള്ള കാഴ്ചകള്‍

നിന്നിടം കുഴിക്കുന്ന വിദ്യകള്‍


ഇനി വേരുകള്‍ വേണ്ട

ഇലയായാല്‍ മതി


വെയിലോ മഞ്ഞോ മഴയോ

എത്രവേണമെങ്കിലും പെയ്തോട്ടെ

ഋതുക്കള്‍ മാറുന്നതിനനുസരിച്ച്

ഏതുടുപ്പുമണിഞ്ഞോട്ടേ

ഒരു കാറ്റുവന്ന് ചുറ്റിപ്പിടിച്ച്

ഏതിരുട്ടിലേക്കും

കൂട്ടട്ടേ


ഒടുവിലൊടുവില്‍

അലിഞ്ഞലിഞ്ഞവസാനമെത്തുമ്പോള്‍

നിറങ്ങളും നിധാനങ്ങളും നഷ്ടമാകുമ്പോള്‍

കൈനോട്ടക്കാരന്റെ കണ്ണാടിയിലെന്നപോലെ

തെളിഞ്ഞുവരുമോ

എന്റെ ഇലകള്ക്കുള്ളിലെ

വേരുകള്‍

Thursday, June 30, 2011

ഉണര്‍വുകള്‍

ഉയര്‍ന്നുപൊങ്ങുന്ന ഒരു ബലൂണിനെ നോക്കി
നമുക്ക് സ്വാതന്ത്ര്യദാഹി എന്ന് വിളിക്കാം
അതിന്‌ ഉറച്ചിരിക്കാനുള്ള
ത്രാണിയില്ലെന്നും പറയാം

ഉയര്‍ന്നുപൊങ്ങുന്നത്‌ തെറ്റല്ല
ഉറച്ചിരിക്കുന്നതും

അത്‌
അതതിന്റെ
പ്രകൃതം