Saturday, August 23, 2008

വിന്യാസം

ഒരിക്കല്‍

എല്ലാവരേയുംപോലെ

നിന്നെ

കാണുന്നതിനുവേണ്ടിമാത്രം

ഞാന്‍

നിന്റെ
കണ്ണുകളിലേക്കു

നോക്കിക്കൊണ്ടിരുന്നു



മറ്റൊരിക്കല്‍

എല്ലാവര്‍ക്കും

സംഭവിക്കുന്നതുപോലെ

എന്നെ

കാണുന്നതിനുവേണ്ടിമാത്രം

ഞാന്‍

നിന്റെ

കണ്ണുകളിലേക്കു

നോക്കിക്കൊണ്ടിരുന്നു



എത്ര കണ്ണാടികള്‍

ചേര്‍ത്തുവെച്ചാലും

എത്ര ചേര്‍ന്ന്

നാം നിന്നാലും

എന്നെയും നിന്നെയും

ഇതേ താളത്തില്‍

ഇതേ അളവില്‍

മറ്റെവിടെയും

കാണാനാവില്ലെന്നതുകൊണ്ട്

ഞാന്‍

വീണ്ടും

വീണ്ടും

നിന്റെ കണ്ണുകളിലേക്കുതന്നെ

നോക്കിക്കൊണ്ടേയിരിക്കുന്നു

നോ

ക്കി

ക്കൊ

ണ്ടേ

യി

രി

ക്കു

ന്നു

Tuesday, August 19, 2008

പകലുകളുടെ രാത്രികള്‍

നീ അടുത്തില്ലാത്ത
പകലുകളുടെ രാത്രികളില്‍

വെളിച്ചം
നിഴലായിമാത്രം
വീണിട്ടുള്ള
വഴികളിലൂടെ
നിന്നെ ഓര്‍മിച്ച്
നടക്കുമ്പോള്‍

ഒരു കാറ്റ്
എതിരെ വന്ന്
എന്നെ പൊതിഞ്ഞ്
ഒന്നുതണുപ്പിച്ച്
കടന്നുപോകുമ്പോള്‍

വഴിയരികിലെ
ഒറ്റമരം
തനിച്ചാണെന്നുകരുതി
തലകുലുക്കി
വെറുതെ
കുശലം പറയാനൊരുങ്ങുമ്പോള്‍

ഒരു പട്ടി
വന്ന്‌
നിന്ന്
കുരച്ച്
മണത്ത്
സംശയം മാറാതെ
പോകാനൊരുങ്ങുമ്പോള്‍

ചീവീടുകളുടെ
നീട്ടിനീട്ടിയുള്ള
നിലയ്ക്കാത്ത
നിലവിളിക്ക്
ഒരുനിമിഷം നിന്ന്
ചെവികൊടുക്കുമ്പോള്‍

ഒരു പോലീസുവണ്ടി
ചവിട്ടിനിര്‍ത്തി
ആരാ
എന്താ
ഈനേരത്ത് തനിച്ച്
എങ്ങോട്ടാ
എന്നൊക്കെ
ചോദ്യം ചെയ്ത്
കണ്ണുരുട്ടി
വിറപ്പിച്ച്
ഇരപ്പിച്ച്
പോകുമ്പോള്‍

നിന്റെ
കളി
ചിരി
വിഷാദം
ചിലനേരങ്ങളിലെ
കരച്ചില്‍
മുഷിച്ചില്‍
ദേഷ്യം
ഇങ്ങനെ
ഒന്നൊന്നായി
എന്റെ
ശരീരത്തിലൂടെ
കടന്നുപോകുമ്പോള്‍

നീ അടുത്തില്ലാത്ത
പകലുകളുടെ രാത്രികളില്‍
നിന്നെ ഓര്‍മിച്ച് നടക്കുമ്പോള്‍ .....

Monday, August 11, 2008

കാമുകി

എന്റെ
പേടികള്‍കൊണ്ട്
ഊതിവീര്‍പ്പിച്ച
ഒരു ബലൂണ്‍മാത്രമാണ്‌
നീ യെന്നറിയാഞ്ഞിട്ടല്ല

പക്ഷെ

നീ പൊട്ടുമ്പോള്‍
ചിതറുന്നത്
ഞാനാണല്ലോ