Sunday, October 20, 2013

നാവികന്‍ (നാവുകൊണ്ടുതുഴയുന്നവന്‍ )


കടലിടുക്കുകള്‍
ഒരു വിഷയമേയല്ല
അവ കടക്കുന്നവര്‍ കടക്കട്ടേ
കടക്കാതിരിക്കട്ടേ
പക്ഷേ കാലിടുക്കുകള്‍ ...
എത്ര തുഴഞ്ഞാലാണ്‌ ഒന്ന് കരപറ്റുക
കരപറ്റിയാലോ...
മടക്കിവിളിക്കും മറുകര
പിന്നെയും പിന്നെയും 

Wednesday, March 6, 2013

പ്രണയചിഹ്നങ്ങള്‍ വില്‍ക്കുന്ന പെണ്‍കുട്ടി...


വൈകുന്നേരം
പൂഴിമണ്ണില്‍
പടിഞ്ഞിരുന്ന്
കടല്‍ കാണാനെത്തുന്നവര്‍ക്കു മുന്നില്‍
പ്രണയ ചിഹ്നങ്ങള്‍ വില്‍ക്കുകയായിരുന്നു അവള്‍

സന്ധ്യക്ക്
കടല്‍പ്പാലത്തിനു കീഴിലെ
ഇരുട്ടില്‍ കുനിഞ്ഞിരുന്ന്
കടന്നുപോകുന്നവരെ
കാലുകാട്ടി വിളിക്കുന്നു

രാത്രി തിരിച്ചുപോരുംവഴി
പ്ലാസ്റ്റിക് ചവറുകള്‍ കൂട്ടിയിട്ടിരുന്ന
പഴയ കെട്ടിടത്തിനുപിന്നിലെ ഇരുട്ടില്‍നിന്നും
ഒരുവളുടെ ഞരക്കമോ
നിലവിളിയോ
അങ്ങനെയെന്തോ കേട്ടു
അതവള്‍ തന്നെ
അവളാകാതെ തരമില്ല

പുലര്‍ച്ചക്ക് പത്രത്തില്‍ പടമാകാനായിരുന്നു
അവളുടെ യോഗം
ഒന്നാം പേജില്‍
ആറുകോളത്തില്‍
നീണ്ടുമലര്‍ന്നിങ്ങനെ

അവള്‍ക്കൊന്നും സംഭവിച്ചിട്ടില്ല
സംഭവിക്കാന്‍ തരമില്ല

ഞാനിന്നലെയും കണ്ടു അവളെ
അതേ കടല്‍ത്തീരത്ത്
ഒക്കത്തൊരു കൈക്കുഞ്ഞുമായി
പ്രണയചിഹ്നങ്ങള്‍ വില്ക്കുന്നു...

Friday, October 19, 2012