Monday, July 25, 2011

വേരുകളിലേക്ക് തിരികെയെത്തുന്ന ഇലകള്‍ ...

ഓരോ കാല്‍ പറിക്കുമ്പൊഴും
വേരുപൊട്ടുന്ന

ഒച്ച കേള്ക്കുന്നു


ഓരോ കാല്‍ പതിയുമ്പൊഴും

നനവുള്ള

മണ്ണ്‌ പരതുന്നു


ആറടി താഴ്ചക്കുതാഴെ

പാതാളത്തോളമെത്തുന്ന വേരുകള്‍


ആറടി ഉയരത്തിനുമുയരെ

ആകാശത്തോളമെത്തുന്ന വേരുകള്‍


എനിക്കുമടുത്തു ആഴത്തിലാഴത്തിലീ

ആരായലുകള്‍

ആളാകലുകള്‍


എനിക്കുമടുത്തു

നിന്നനില്പില്‍ നിന്നുള്ള കാഴ്ചകള്‍

നിന്നിടം കുഴിക്കുന്ന വിദ്യകള്‍


ഇനി വേരുകള്‍ വേണ്ട

ഇലയായാല്‍ മതി


വെയിലോ മഞ്ഞോ മഴയോ

എത്രവേണമെങ്കിലും പെയ്തോട്ടെ

ഋതുക്കള്‍ മാറുന്നതിനനുസരിച്ച്

ഏതുടുപ്പുമണിഞ്ഞോട്ടേ

ഒരു കാറ്റുവന്ന് ചുറ്റിപ്പിടിച്ച്

ഏതിരുട്ടിലേക്കും

കൂട്ടട്ടേ


ഒടുവിലൊടുവില്‍

അലിഞ്ഞലിഞ്ഞവസാനമെത്തുമ്പോള്‍

നിറങ്ങളും നിധാനങ്ങളും നഷ്ടമാകുമ്പോള്‍

കൈനോട്ടക്കാരന്റെ കണ്ണാടിയിലെന്നപോലെ

തെളിഞ്ഞുവരുമോ

എന്റെ ഇലകള്ക്കുള്ളിലെ

വേരുകള്‍