Wednesday, January 12, 2011

വൈകുന്നേരത്തെ നടത്തം

വൈകുന്നേരം നടക്കാനിറങ്ങുമ്പോള്‍
പൊണ്ടാട്ടി

പിന്നില്നിന്ന് വിളിക്കും

ഉള്ളി
ഉരുളക്കിഴങ്ങ്

ഉണക്കമീന്‍ ...

വൈകുന്നേരത്തെ നടത്തം

തിരിച്ച് വീട്ടിലെത്തുമ്പോള്‍

നിരോധിച്ചിട്ടും നിലയ്ക്കാത്ത

അമ്പതു മൈക്രോണില്‍ കുറഞ്ഞ കവറില്‍

ഒന്നിനൊന്ന്

വിലകൂടുന്ന

ഉള്ളിക്കും

ഉണക്കമീനിനുമൊപ്പം

പത്തുരൂപയുടെ
സ്റ്റാമ്പുപതിച്ച്
പ്രസാധകനയച്ചുകൊടുത്താല്‍

പത്തുപൈസപോലും തിരിച്ചുകിട്ടാത്ത

പഞ്ഞം പിടിച്ച കവിത

Saturday, January 8, 2011

രൂപഭദ്രതാവാദം


പത്തിരുപത്തഞ്ചു വയസ്സുവരെ

ഒരു പെണ്ണിന്റെ

മൂടും മുലയുമല്ലാതെ

മറ്റൊന്നും കണ്ടിട്ടില്ല


സുന്ദരിയാണോയെന്നറിയാന്‍

മുഖത്തേക്കൊന്നു

നോക്കില്ലെന്നല്ല


പിന്നീടെപ്പെഴോ ആണ്‌

അവളുടെ

വളവുകളില്‍

ശ്രദ്ധിച്ചുതുടങ്ങിയത്‌


അപ്പഴെപ്പഴോ ആണ്‌

ഞാനൊരു രൂപഭദ്രതാവാദിയായി തീര്‍ന്നത്‌

'വിവരവും വിദ്യാഭ്യാസ'വും ഉണ്ടായാല്‍ പോരാ എന്ന്

കാര്‍ന്നോമ്മാര്‍ പറയുന്നതില്‍

കാര്യമുണ്ടെന്ന് മനസ്സിലായത്‌

Tuesday, January 4, 2011

അ വ ധാ ന ത



ധാ


ഒരു വാക്കല്ല
അതിന്റെ അര്‍ഥമല്ല
നൂറുനൂറു വിവക്ഷകളല്ല



ധാ


കവിതയാണ്‌

വേഗം വേഗം എന്ന്
വിറളിപിടിക്കുന്നവന്‌
മനസ്സിലാവില്ല


ധാ


എന്ന
കവിത

അവനറിയുന്നുണ്ടാകുമോ
വേഗത്തിന്റെ കവിത...?

Sunday, January 2, 2011

രണ്ടു മനുഷ്യരുടെ ഏകാന്തത

കാല്പനികമായൊരു ദൃശ്യഭംഗിയെങ്കിലുമുണ്ട്
ഒരു മനുഷ്യന്റെ ഏകാന്തതയ്ക്ക്
ആത്മധൈര്യമായി അത് ആഘോഷിക്കപ്പെട്ടേക്കാം

അങ്ങനെയല്ലാ രണ്ടു മനുഷ്യരുടെ ഏകാന്തത

അവനവനല്ലാതെ ആരറിയും
അതിന്റെ അലോസരപ്പെടുത്തുന്ന ആഴം