Monday, September 6, 2010

മാതംഗി

[കുമാരനാശാന്റെയും കല്പറ്റ നാരായണന്റെയും ലതീഷ് മോഹന്റെയും മാതംഗിമാരെ ഓര്‍മിച്ച്]

വെളുക്കുവോളം
വെള്ളം കോരിയിട്ടും
ആനന്ദന്‍ വന്നില്ല

വെളുക്കാന്‍ മാത്രം
അവള്‍ കറുത്തിട്ടൊന്നുമായിരുന്നില്ല

വെളുത്തു കഴിഞ്ഞപ്പോള്‍
ഒരു മിസ്സ്കോളുവന്നു
മിസ്സാകണ്ട എന്നുകരുതി
റോഡ്‌സൈഡിലേക്ക് മാറിനിന്നുവിളിച്ചു

പെണ്ണുകെട്ടി
പുരകെട്ടി
പൊറുക്കുകയാണെന്നും
പൊറുക്കണമെന്നും
ആനന്ദന്‍ പറഞ്ഞു
പെങ്ങളെ കെട്ടിക്കാനുള്ള
പണം തന്നത്‌ അവളാണ്‌
വേറെ വഴിയുണ്ടായിരുന്നില്ല

വഴികളെക്കുറിച്ചും
വിദ്യകളെക്കുറിച്ചും
മാതംഗി ചോദിച്ചില്ല
അവള്‍ സുന്ദരിയാണോ
എന്നുമാത്രം ചോദിച്ചു

നിന്റെയത്ര വരില്ല
ആനന്ദന്‍ പറഞ്ഞു

അവള്‍ മിടുക്കിയാണോ
നിനക്കു വേണ്ടതൊക്കെ
ചെയ്തുതരുന്നുണ്ടോ

അവളോരു പൊട്ടിയാണ്‌
ലജ്ജാവതിയുമാണ്‌
ആനന്ദന്‍ പറഞ്ഞു

കോളുകട്ടുചെയ്ത്‌
മാതംഗി
കിണറ്റിന്‍കരയിലേക്ക് നടന്നു

വെള്ളം കോരാനോ
വെള്ളത്തില്‍ ചാടാനോ അല്ല
കിണറിന്റെ ആഴമുള്ള കൂട്ട്
അവള്‍ കൊതിച്ചിരുന്നതുകൊണ്ട്