Sunday, January 24, 2010

വേരുകള്‍ക്കുമിലകള്‍ക്കുമിടയിലെവിടെയോ...

കോഴിയാണോ
മുട്ടയാണോ
ആദ്യമുണ്ടായതെന്ന്
എല്ലാവരും ചോദിച്ചു

ദൈവമില്ലെന്നു പറഞ്ഞപ്പോഴൊക്കെ
ഉത്തരം മുട്ടിക്കാന്‍
ആവര്‍ത്തിച്ചു ചോദിച്ചു

വേരാണോ
ഇലയാണോ
ആദ്യമുണ്ടായതെന്ന്
ആരും ചോദിച്ചില്ല

കോഴികളെപ്പോലെയല്ല
ഇലകള്‍

നട്ടുച്ചയ്ക്ക്
ഉറങ്ങിയുണരുന്നവന്റെ കട്ടിലില്‍
മുട്ടയുടെ ചുടുഗന്ധമില്ല

സ്മരണകളിലുലാത്തുമ്പോള്‍
അയ്യേ എന്ന
ദുര്‍ഗന്ധമില്ല
കേബിള്‍ വയറില്‍നിന്ന്
ഫാന്‍ ചിറകിലേക്കും
ഉത്തരത്തിലേക്കും
ഊണുമേശയിലേക്കുമുള്ള
എടുത്തുചാട്ടങ്ങളില്ല

ഇരുപത്തിയൊന്നു ദിവസത്തെ
കാത്തിരിപ്പിന്റെ
കുഞ്ഞുകൌതുകങ്ങളില്ല

പൊരുന്നക്കോഴിയുടെ
പിടിവാശികളില്ല
അമ്മക്കോഴിയുടെ
അവസരവാദങ്ങളില്ല

കിണറ്റില്‍ച്ചാടുമോയെന്ന
ആധിയില്ല
പൂതബാധകളില്ല

കോഴികളെപ്പോലെയല്ല
ഇലകള്‍

വല്ലപ്പോഴുമൊരിക്കല്‍
ആകാംക്ഷകൊണ്ടുമാത്രം
ജനല്‍ച്ചില്ലില്‍
വന്നെത്തിനോക്കിയാലായി

കാറ്റിന്റെ
കൂട്ട് കൂടിയതുകൊണ്ടുമാത്രം
അടുത്ത പറമ്പിലെങ്ങാനുമെത്തിയാലായി

കോഴികളെപ്പോലെയല്ല
ഇലകള്‍

ഇലകളുടെ പുസ്തകം
മറിച്ചുനോക്കാതെ
ഒരുകോഴിയും
ഇന്നുവരെ
വളര്‍ന്നിട്ടില്ല

വേരുകളാണോ
ഇലകളാണോ
ആദ്യമുണ്ടായത്‌?

വേരുകളില്ലാത്ത
ഇലകളുണ്ടോ
ഇലകളില്ലാത്ത
വേരുകളുണ്ടോ?

ആറടി താഴ്ചയ്ക്കും താഴെ
പാതാളത്തോളമെത്തുന്ന
വേരുകള്‍

ആറടി ഉയരത്തിനുമുയരെ
ആകാശത്തോളമെത്തുന്ന
വേരുകള്‍

ഓരോ ചുവടുപറിയുമ്പോഴും
വേരുപറിയുന്ന ഒച്ച
ഓരോ ചുവടു പതിയുമ്പോഴും
വേരുപൊട്ടുന്ന ഒച്ച

വേരുകളില്‍നിന്ന്
ഇലകളിലേക്കും
ഇലകളില്‍നിന്ന്
വേരുകളിലേക്കുമുള്ള
നെട്ടോട്ടത്തിനിടയില്‍
ഒന്നു
നിന്നു
മുഖം നോക്കാന്‍
എന്റെ ട്രാഫിക് ഐലന്ട്
എവിടെയാണ്‌ ?