Wednesday, September 30, 2009

മണ്ണാങ്കട്ടയും കരിയിലയും

മണ്ണാങ്കട്ടയും കരിയിലയും

കാശിക്കുപോയി

കാശിയിലേക്കുമാത്രമല്ല

ഹരിദ്വാറിലേക്കും ഗയയിലേക്കും

അയോധ്യയിലേക്കും നൈമിഷാരണ്യത്തിലേക്കും പോയി

വിവേകാനന്ദ ട്രാവല്‍സിന്റെ

ടൂര്‍പാക്കേജിലാണു പോയത്‌

ഗംഗയില്‍ മുങ്ങിനിവര്‍ന്നു

കൈലാസനാഥനെ തൊഴുതുനിവര്‍ന്നു

ഉറക്കച്ചടവില്‍ മൂരിനിവര്‍ന്നു

കാറ്റുവീശാതിരുന്നില്ല

മഴ പെയ്യാതെയുമിരുന്നില്ല

സ്വറ്ററിട്ടിട്ടുണ്ടായിരുന്നു

ഷട്ടറുതാഴ്ത്തിയിരുന്നു

ഒരു ചുക്കും സംഭവിച്ചില്ല

Friday, September 25, 2009

ജീവിതമേ

ഗൃഹാതുരമായൊന്ന്

പല്ലുതേക്കാമെന്നുകരുതി

നീണ്ടതാണ്‌

വെളിച്ചത്തിനെതിരേ നില്‍ക്കുന്ന

മാവിലക്കുനേരെ

ഒരു കൈ

പച്ചയുടെ വരമ്പിലെ

വേരുകളുടെ വെപ്രാളംകണ്ട്

ഓ ജീവിതമേ എന്ന്

ആര്‍ത്തലച്ച്

ഉള്‍വലിഞ്ഞു അത്‌

Tuesday, September 22, 2009

ഇലകളുടെ ബൈബിള്‍

കൈയ്യാലപ്പുറത്തുവീണ ഒരില
ഏതുപറമ്പിലെ വളമാകണമെന്ന്
ഒരുനിമിഷം ശങ്കിച്ച്
കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌ എന്ന
ഇലകളുടെ ബൈബിളിലെ ഒന്നാം പ്രമാണം
ആവര്‍ത്തിച്ചുരുവിട്ടുകൊണ്ട്
താഴേക്കുതുഴഞ്ഞു

Wednesday, September 16, 2009

പ്രതി സന്ധി


വെളുക്കുവോളം

വെള്ളംകോരി

വിലോഭിപ്പിച്ചതെന്തിനായിരുന്നൂ

വിലാസിനീ ...

നിന്നെ സന്ധിക്കുന്നതിനായിമാത്രം

വാങ്ങിവെച്ച

വി.ഐ.പി. ഫ്രെഞ്ചി

വെറുതെയായല്ലോ

Saturday, September 5, 2009

വെളിച്ചം

വെളിച്ചം വീണതിന്റെ
ഉല്ലാസം
പുരപ്പുറത്തുനിന്ന്
ഉദ്ഘോഷിക്കുന്നു
പൂവന്‍കോഴി

വെളിവുപോണതിന്റെ
ഉന്മാദം
പൂരപ്പറമ്പില്‍ കിടന്ന്
ആഘോഷിക്കുന്നവരുടെ
നാട്ടില്‍