Wednesday, March 25, 2009

കരയാതെ കരയേ


ഓരോരോ തിരയായി വന്നുവന്ന്

നുരയുള്ള തലോടലില്‍ അലിഞ്ഞലിഞ്ഞ്

അടിവേരുനിന്ന നിലമാകെ പോയല്ലോ

അടിതൊട്ട് മുടിവരെ

ഉടലാകെ ഉലഞ്ഞല്ലോ

പത്രക്കാരെ

പടം പിടിക്കുന്നോരെ

ഓടിവരണെ

ഞാനിതാ

കടപുഴകി വീഴുന്നേ

കടല്‍ തഴുകി വീഴ്ത്തുന്നേ

Saturday, March 21, 2009

അതേ പഴയ പ്രഭാതം

വിനോദിനീ
ഒരു പ്രഭാതം കണ്ടിട്ട്
എത്രനാളായി

പോയവര്‍ഷം
ഇതുപോലൊരു ദിനത്തില്‍
ഇതുപോലൊരു വെളുപ്പിന്‌
ഇതുപോലെ ഉറക്കച്ചടവോടെ
ഉണര്‍ന്നതാണ്

പ്രണയദിനമാണ്‌
ഇന്നെങ്കിലും നേരത്തെ ഉണര്‍ന്നേപറ്റൂ
എന്നു നീ പറഞ്ഞിട്ടാണ്‌
എന്റെ
എസ്സെമ്മസിന്റെ മണിനാദം
കേട്ടുണരണമെന്നു ശഠിച്ചിട്ടാണ്

ഉറക്കത്തിലേക്കുള്ള പേച്ചുകള്‍ക്കിടയില്‍
ബാലന്‍സ് തീര്‍ന്നതറിയാതെ
ഉണര്‍ന്നതാണ്

മഞ്ഞ് ചുറ്റുന്ന മലകളെ നോക്കീട്ട്
പൂക്കള്‍ വീണുകിടക്കുന്ന ഇടവഴികള്‍ പിന്നിട്ട്
ഉലയുന്ന മുലയുമായ്
പെണ്‌കുട്ടികള്‍ ഉലാത്തുന്നത്‌ കണ്ടിട്ട്
മഴചാറുന്ന വഴിയില്‍
കുടയേതുമില്ലാതെ
റീചാര്‍ജ് കൂപ്പണ്‍ തേടി
അലഞ്ഞതാണ്‌

ഒന്നിനും ഒരു മാറ്റവുമില്ല
എല്ലാം പഴയതുപോലെതന്നെ

മലകളെ ചുറ്റാതെ
മഞ്ഞ് മാറിനില്‌ക്കുന്നുണ്ടാകാം
ഇടവഴിയില്‍ പൂക്കള്‍ വീഴ്ത്തുന്ന ചില മരങ്ങള്‍
വീണുപോയിട്ടുണ്ടാവാം
പെറ്റിക്കോട്ടിനുള്ളില്‍
ഇളകിയാടിക്കൊണ്ടിരുന്ന മുലകള്‍
സ്ഥാനക്കയറ്റം കിട്ടി
ഒന്നൊതുങ്ങി ഉറച്ചിട്ടുണ്ടാവാം

ഒന്നിനും ഒരു മാറ്റവുമില്ല
എല്ലാം പഴയതുപോലെതന്നെ

വിനോദിനീ
എനിക്കും നിനക്കുമിടയിലെ ശൂന്യതയില്‍
ഒഴുകിപ്പരന്ന വാക്കുകള്‍
വാക്കുകളുടെ വിലയിടിച്ചതല്ലാതെ
വിനിമയനിരക്ക് കുത്തനെ കൂട്ടിയതല്ലാതെ
വിനോദവ്യവസായത്തിന്‌
വെളുക്കുവോളം
വെള്ളംകോരിയതല്ലാതെ
ഒരുപാടു കലഹിച്ചതല്ലാതെ
ഒരുപാടു വിലോഭിച്ചതല്ലാതെ
ഒരിടത്തും നമ്മെ എത്തിച്ചില്ലല്ലോ
ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ

വിനോദിനീ
മുഷിഞ്ഞുമുഷിഞ്ഞു നാറിയ
ഈ പ്രണയത്തിന്റെ കുടുക്കുകളഴിച്ച്
നാമെന്നാണ്‌
നമ്മുടെ
സ്വന്തം
ശരീരത്തിലേക്കുണരുക ?

നാമെന്നാണ്‌
നമ്മുടെ
സ്വന്തം
ശരീരത്തില്‍
ശരിക്കൊന്നുറങ്ങുക ?

Wednesday, March 11, 2009

പുതുമഴ

ഉണക്കച്ചുള്ളികള്‍
കെട്ടിപ്പുണര്‍ന്നൊഴുകുന്ന
കലക്കവെള്ളത്തില്‍
വേനല്‍ബുദ്ധന്‍
ചീര്‍ത്തുകിടക്കുന്നു

Monday, March 2, 2009

മാങ്ങ പ്രണയത്തിന്റെ പ്രതീകമായതെങ്ങനെ?

പ്രണയത്തില്‍ വീഴുമ്പോള്‍

എല്ലാ വീഴ്ചകളിലുമെന്നതുപോലെ

പൊടുന്നനെ

ഒരുവന്‍

ഒറ്റക്കാകുന്നു



അവനോ ലോകമോ അറിയാതെ

അവന്‍ ലോകത്തെയും

ലോകം അവനെയും

വിട്ടുപോകുന്നു



ഒരുവള്‍ അവന്റെ കൈപിടിച്ച്

അസ്തിത്വത്തിന്റെ

അങ്ങാടിയിലൂടെ നടക്കുന്നു

ഭയം ,ഉത്കണ്ഠ, ഏകാകിത്വം

ഉണര്‍വ്വ്,ഉല്ലാസം , ഉന്മാദം

കരച്ചില്‍ ,എരിച്ചില്‍ ,പുകച്ചില്‍

അധികാരം ,അടിമത്തം ,അല്‍പത്തം

നാളിതുവരെ നിലനില്‍ക്കാത്തതോ

നിരീക്ഷിക്കപ്പെടാത്തതോ

നിര്‍വചിക്കപ്പെടാത്തതോ ആയ

നാനാജാതി നാറിത്തരങ്ങള്‍

എല്ലാം ഒന്നൊന്നായി

അവന്‌ കാണിച്ചുകൊടുക്കുന്നു


ഇത്രനാളും അവ എവിടെയായിരുന്നു,

അവളെവിടെയായിരുന്നു

താനെവിടെയായിരുന്നു

എന്നെല്ലാം

അവന്‍ അമ്പരക്കുന്നു


കണ്ണാടിയില്‍

തന്റെതന്നെ

പ്രതിബിംബങ്ങള്‍ കണ്ട്

പ്രതിച്ഛായകള്‍ കണ്ട്

പരാധീനതകള്‍ കണ്ട്

വിട്ടുപോകരുതേയെന്ന്

അവളെ കെട്ടിപ്പിടിച്ച്

പട്ടിയേപ്പോലെ കേഴുന്നു


അടഞ്ഞ മുറിയിലോ

ഇരുട്ടിലോ

ഇടനാഴിയിലോവെച്ച്

മുലകുടിച്ചോ

മടിയില്‍ തലചായ്ച്ചോ

മൂഡ്സിന്റെ മൂടുപൊട്ടിച്ചോ

അവളുടെ മാതൃത്വത്തെ ഉണര്‍ത്തി

തളര്‍ത്താന്‍ ശ്രമിക്കുന്നു


പ്രണയത്തില്‍ വീഴുമ്പോള്‍

എല്ലാ വീഴ്ചകളിലുമെന്നതുപോലെ

പൊടുന്നനെ

ഒരുവന്‍

ഒറ്റക്കാകുന്നു

ഉണരാന്‍

ഒരുപാടു വൈകിപ്പോകുന്നു

കൂട്ടിനോ

കുട്ടിക്കോ

കുമ്പസാരത്തിനോ

അവള്‍ പോരാതെയാകുന്നു

പരാതിയാകുന്നു

പരിഭവമാകുന്നു

പിണക്കമാകുന്നു

പിരിയലാകുന്നു

.........

ഒരു മാങ്ങ തലയില്‍ വീഴുമ്പോള്‍

മറ്റൊരുവന്‍ കണ്ടെത്തിയതുകൊണ്ടുമാത്രം

ഭൂഗുരുത്വം നിങ്ങള്‍ കണ്ടെത്തിയെന്നുവരില്ല

തരിപ്പിറങ്ങുമ്പൊഴെങ്കിലും

മാഞ്ചോട്ടില്‍നിന്ന്

മാറിനിന്നാലോയെന്നു

മനസ്സ്

മന്ത്രിച്ചുതുടങ്ങുന്നു

ഒന്നും കണ്ടെത്താത്തവര്‍

അടുത്തടുത്ത വീഴ്ച്ചകള്ക്കായി

അവിടെത്തന്നെ തുടരുന്നു