Saturday, September 27, 2008

നയന്‍താര നിത്യവും നനയുകയാണ്

മഴപെയ്യുമ്പോഴല്ലാതെ
ഒരു പെണ്‍കുട്ടി
കയറിവരികയും
ഇടിവെട്ടുമ്പോഴല്ലാതെ
അവള്‍
ഇറങ്ങിപ്പോകുകയും
ചെയ്തിരുന്നെങ്കില്‍

ഒരു പെണ്‍കുട്ടി
ജീവിതത്തിലേക്ക്
വരുകയും
പോവുകയും
ചെയ്യുന്നത്
തീര്‍ത്തും
നിസ്സാരമായതുകൊണ്ടല്ല
മഴപെയ്യുന്നതും
ഇടിവെട്ടുന്നതും
അത്രയും
സാധാരണമായതുകൊണ്ടാണ്‌

എന്നും നനഞ്ഞാലും കുളിരില്ല സാര്‍

Friday, September 19, 2008

ഉദ്ധാരണശേഷി

ഓരോ കവിത കഴിയുമ്പോഴും
ഇനിയൊന്നിന്‌
ശേഷിയില്ലല്ലോ എന്നോര്‍ത്ത്
ആകുലപ്പെടാറുണ്ട്

അത്രമാത്രം
ക്ഷീണിക്കുന്നുണ്ട്
ഹതാശനാവുന്നുണ്ട്
ഇല്ലായ്മ ബോധ്യപ്പെടുന്നുണ്ട്

ഇഷ്ടമില്ലാഞ്ഞിട്ടല്ല
തിരിഞ്ഞുകിടക്കുന്നത്
നെഞ്ചത്തുവെച്ച
കൈയെടുത്തുമാറ്റിവെക്കുന്നത്
എന്തൊരുചൂട് എന്ന്
ആവിപ്പെടുന്നത്

എന്തൊക്കെ വാക്കുകള്‍
അവ്യക്തമായി പുലമ്പിയിട്ടാണ്‌
ചക്കരക്കുട്ടീ എന്ന്
എത്രവട്ടം വിളിച്ചിട്ടാണ്‌
ഏതൊക്കെ നിലകളില്‍
ഉന്മാദിയെപ്പോലെ
ഉലഞ്ഞിട്ടാണ്‌
ഇപ്പൊഴീ വേണ്ടായ്ക
എന്നുനീ പുച്ഛിക്കേണ്ട

നാളെ പുറത്തുവരേണ്ട ബീജം
ഇന്നേ
വാക്കുവാക്കായി
പുറപ്പെട്ടിട്ടുണ്ട്
ശരീരത്തിന്റെ
കുണ്ടനിടവഴികളിലൂടെ

Saturday, September 6, 2008

പ്രണയകാലത്തെ ആത്മഗതങ്ങള്‍ ആത്മകഥനങ്ങള്‍

എന്‍റെ ഏകാന്തത
എനിക്ക് മടുത്തപ്പോഴാണ്‌
ഞാന്‍ നിന്‍റെ കണ്ണുകളിലേക്ക്
നോക്കിത്തുടങ്ങിയത്
നിന്‍റെ കണ്ണുകളിലെ നീരസം
കണ്ടു മടുത്തപ്പോഴാണ്‌
ഞാന്‍ എന്നിലേക്ക്‌ തിരിച്ചുപോന്നത്
എനിക്കറിയാം എല്ലാ യാത്രകളും നിന്നിലേക്ക്‌ മാത്രമാണെന്ന്
എനിക്കറിയാം എല്ലാ യാത്രകളും എന്നില്‍ വന്നവസാനിക്കുമെന്ന്.
എത്ര സേഫ്ടിപിന്‍ ഹെയര്‍പിന്‍ വളവുകള്‍ കയറി ഇറങ്ങേണ്ടി വന്നാലും
ഈ യാത്ര തുടര്‍ന്നെ പറ്റൂ എന്ന്

6/04/2008

1

ഏറ്റവും മോശം പ്രണയകവിതയെഴുതിയതിന്റെ പിറ്റേന്ന് കുറേനാളായി പിന്തുടരുന്ന പ്രണയജീവിതത്തോട് വിടപറയണമെന്നുതോന്നി.മറ്റൊന്നും കൊണ്ടല്ല,ഒരു മോശം കവിത എന്റെ അനാരോഗ്യത്തെ വ്യക്തമാക്കിത്തന്നു. അതു പ്രസിദ്ധപ്പെടുത്തിയപ്പോള്‍ ഞാന്‍ കോമയിലകപ്പെട്ടതിനു തുല്യമായി. എല്ലാ പ്രണയത്തിനും അതിന്റേതായ പരിമിതികളുണ്ട്. സദാചാരപരമായ പരിമിതികളല്ല, സ്ഥാപനവത്കരിക്കപ്പെടുന്നതിന്‌ പരിമിതികളുണ്ട്. അതല്ല ഇപ്പോള്‍ എന്റെ വിഷയം,സൌന്ദര്യപരമായ ആവിഷ്കാരപരമായ പരിമിതികള്‍.
2

രണ്ടുപകല്‍ മുഴുവന്‍

ഒരു വീട് പൊളിച്ചിറക്കുന്നത്

നോക്കിക്കൊണ്ടിരുന്നു

ഓടും ഉത്തരവും നിലത്തിറക്കിയ

പണിക്കാര്‍ അറിഞ്ഞിട്ടുണ്ടാകുമോ

ഇത്രകാലവും അതിനുള്ളില്‍ കെട്ടിക്കിടന്ന നെടുവീര്‍പ്പുകള്‍

നാലുചുവരുകള്‍ക്കുള്ളില്‍ അടഞ്ഞ

ഒരു മുറി പേറിയ ഭാരങ്ങള്‍

3

ഈചെറിയ നഗരം എന്നെ വല്ലാതെ ബോറടിപ്പിക്കുന്നുണ്ട്

ജീവിതത്തില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത വിധത്തില്‍

അതെന്റെ ദാരിദ്ര്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു

പലവട്ടം നടന്നുതീര്‍ത്ത അതിന്റെ വഴികളില്‍

പുതുതായി ഒന്നും ഉദയം ചെയ്യുന്നില്ല

ഒരു സിനിമപോലും മാറുന്നില്ല

ഒരു പുസ്തകവും പുതുതായി എത്തുന്നില്ല

എല്ലാ മരവും നിശ്ചലം

ഇലകള്‍ പൊഴിയുകയോ തളിര്‍ക്കുകയോ ചെയ്യുന്നില്ല

കോട്ടയുടെ കിടങ്ങിലെ വെള്ളം പായല്‍ മൂടി

സൂര്യന്‍ പ്രതിഫലിക്കുന്നേയില്ല

വാടികയുടെ പുല്‍മേടുകളില്‍ മഞ്ഞപ്പൂക്കള്‍ വീണ്‌ ചിതറിക്കിടപ്പുണ്ട്

കെട്ടിപ്പിടിച്ചും പൊട്ടിച്ചിരിച്ചും

നവദമ്പതിമാര്‍ വന്നുതിരക്കുന്നുണ്ട്

നൂറ്റാണ്ടുകളായി പഴകിയതുപോലെ

എല്ലാം അത്രമാത്രം പരിചിതമായിരിക്കുന്നു

മൈതാനത്തെ കുട്ടികള്‍മാത്രം

ഒരുബോളിനെ പലമട്ടില്‍ നേരിട്ട്

വിരസതയെ പ്രതിരോധിക്കുന്നുണ്ട്

ചിലപ്പോള്‍ അതിര്‍ത്തികടത്തുന്നുണ്ട്

അനാവശ്യമായ ഒരു ഷോട്ട് പക്ഷേ

അവരെയും അനന്തമായ വിരസതയുടെ

പുല്മേട്ടില്‍ തിരികെ എത്തിക്കുന്നുണ്ട്

4

എന്താണു പ്രണയം ?

നീ സ്ത്രീയായതിനാലാണോ

ഞാന്‍ പുരുഷനായതിനാലാണോ?

നീ സുന്ദരിയായതിനാലാണോ

ഞാന്‍ ദുര്‍ബലനായതിനാലാണോ?

രാത്രി നിലാവില്‍

കാറ്റ് ജനല്‍ തുറക്കുന്ന മുറിയില്‍

ഞാന്‍ തനിച്ചായതിനാലാണോ ?

ഒരു തണുപ്പ് വന്ന് തൊട്ടുപോകുന്നതിനാലാണോ

വെളിപ്പെടാനായിമാത്രം

വാക്കുകള്‍ വന്ന് തിരക്കുകൂട്ടുന്നതിനാലാണോ ?

എന്താണു പ്രണയം ?

നീയും ഞാനും മനുഷ്യരായതിനാലാണോ ?

ശരീരമുള്ളതിനാലാണോ ?

5

ചിലപ്പോള്‍ എനിക്കുതോന്നും ഞാന്‍ നിന്നെ പ്രേമിച്ചത് നീ മറ്റൊരുവന്റെ കാമുകിയായതിനാലാണെന്ന്.ഒരു സാധാരണ പെണ്‍കുട്ടി എന്നെ പ്രേമിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ല.ഞാന്‍ സുന്ദരനോ വിരൂപനോ ആയതുകൊണ്ടല്ല, അതില്‍ എന്നെ തൃപ്തിപ്പെടുത്തുന്ന ഒന്നുമില്ലാത്തതിനാലാണ്‌. നീ അവനെ പ്രേമിക്കുമ്പോള്‍ അവന്‍ നിന്നെ പ്രേമിക്കുമ്പോള്‍, നിന്റെ പ്രേമം എനിക്കുകൂടി വേണ്ടതാണെന്നു തോന്നി. അവന്‍ നിന്നെ പ്രേമിക്കുന്നതില്‍ എനിക്കു സങ്കടമില്ലാത്തതുകൊണ്ടുമാത്രം ഞാന്‍ നിന്നെ പ്രേമിക്കുമ്പോഴുള്ള അവന്റെ സങ്കടത്തെ ഞാന്‍ അവഗണിച്ചു. മറ്റൊരുവന്റെ കാമുകിയായതുകൊണ്ടുമാത്രമല്ല ഞാന്‍ നിന്നെ പ്രേമിച്ചത്, നീ സുന്ദരിയായതുകൊണ്ടുകൂടിയാണ്‌. സുന്ദരിയായൊരു പെണ്‍ കുട്ടിയെ അസുന്ദരമായൊരു ലോകത്ത് കണ്ടുമുട്ടാനിടയായാല്‍ അവളെ പ്രണയിക്കുകയല്ലാതെ മറ്റ് വഴികളില്ല. നീ സുന്ദരിയായതുകൊണ്ടുമാത്രമല്ല ഞാന്‍ നിന്നെ പ്രേമിച്ചത്‌, എന്റെ പരിമിതികള്കൊണ്ടുകൂടിയാണ്. പരിമിതികളെ മറികടക്കാന്‍ സൌന്ദര്യമല്ലാതെ മറ്റൊന്നും ഈ ഉലകത്തിലില്ലാത്തതിനാലാണ്.

6

കാമുകനായിരിക്കുന്നത് മറ്റൊന്നിനും വേണ്ടിയല്ല

കവിതക്കുവേണ്ടിയാണ്‌

എല്ലാകവിതകളും പെണ്‍കുട്ടികളുടെ കണ്ണുകളില്‍ നിന്ന്

മൊഴിമാറ്റിയവയാണ്

ശരീരത്തില്‍ നിന്ന് പകര്‍ത്തിയെഴുതിയവയാണ്

7

എന്റെ പ്രണയം

എനിക്കുവേണ്ടിമാത്രമാണെന്ന് അറിയാവുന്നതുകൊണ്ടാണ്‌

അത് നിന്നെ അറിയിക്കാതിരുന്നത്

പക്ഷെ ഒരുകാമുകന്‌

ഒറ്റയ്ക്ക് അവന്റെ പ്രണയത്തെ

എത്രകാലം കൊണ്ടുനടക്കാനാകും ?

എഴുത്തല്ലാതെ മറ്റു വിനിമയങ്ങളില്ലാതെ

കാഴ്ചയല്ലാതെ മറ്റ് വേഴ്ചകളില്ലാതെ

സ്വയംഭോഗമല്ലാതെ മറ്റു ഭോഗങ്ങളില്ലാതെ

ഒഴുകുന്ന, തെളിച്ചമുള്ള, എന്നാല്‍ ചുഴികളുള്ള

ഒരു നദിയുടെ കരയിലെന്നതുപോലെ

ഒരു മണ്ണിരയെപ്പോലും ചൂണ്ടയില്‍ കോര്‍ക്കാതെ

ഒരു കുളിയുടെ കുളിരുപോലും സ്മരണയിലില്ലാതെ

ഒറ്റക്ക് അവന്റെ പ്രണയത്തെ കൊണ്ടുനടക്കാനാകുമോ

അവളുടെ നിഷേധത്തെ പുണരാനാവുമോ

അവളുടെ അമര്‍ഷത്തില്‍ അലിയാനാവുമോ

പ്രണയമുണ്ടാവുകയും പ്രണയിക്കുന്നവള്‍

ശരീരം കൊണ്ട് അപ്രാപ്യയായിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍

ഒരുവന്‌ എത്രകാലം ജീവിക്കാം ?

മുഖത്ത് വികാരങ്ങള്‍ ‍ഓളങ്ങള്‍പോലെ ഒളിമിന്നിക്കൊണ്ടിരിക്കുന്ന

ഒരു പെണ്‌കുട്ടിയെ വെറുതെ നോക്കിക്കൊണ്ടിരിക്കാനാവുമോ

പുലരിവെളിച്ചത്തില്‍ കാടുകാണുന്നതുപോലെ

അന്തിവെളിച്ചത്തില്‍ തിരകളുള്ള കടല്‍ കാണുന്നതുപോലെ

ഇടക്ക് ചില ചിറകനക്കങ്ങളോടെ രണ്ട് ശലഭങ്ങള്‍

ഇണചേരുന്നത് കാണുന്നതുപോലെ

മുട്ടിലിഴയാന്പോലുമാവാത്ത ഒരു കുഞ്ഞ്

ഉടലനക്കങ്ങള്‍ കൊണ്ടുമാത്രം

വാതില്‍ വെളിച്ചത്തിലേക്കു നീന്തുന്നതുകാണുന്നതുപോലെ

വെറുതെ ഒരുവളെ നോക്കിയിരിക്കാനാകുമോ

തനിച്ചാവുന്നവന്റെ കരച്ചിലുകള്‍ ചിരിക്കലുകള്‍

ആരുകേള്‍ക്കും

ഈലോകം എത്ര വിരസമെന്ന്, ചിലപ്പോള്‍ സരസമെന്ന്

ആരെ പുണര്‍ന്നുകൊണ്ട് പറയും

ചുണ്ടുകള്കൊണ്ടുമാത്രം എഴുതാന്‍ കഴിയുന്ന ചില കവിതകള്‍

ഇണചേരുമ്പോള്‍ മാത്രം സാധ്യമാവുന്ന ചില പടവുകള്‍

എല്ലാം എത്രകാലം എഴുത്തുകൊണ്ടുമാത്രം പകരം വെക്കും

8

ഞാന്‍ നിന്നോട് വിചിത്രമായൊരു കഥപറയാം. വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനൊരു പെണ്‍കുട്ടിയെ പ്രേമിച്ചു.അവളെ മടുത്തപ്പോള്‍ അവളുടെ ഈഗോക്ക് പാത്രമായ വിവാഹിതയായ അവളുടെ കൂട്ടുകാരിയെ പ്രേമിച്ചു.കുറേക്കഴിഞ്ഞപ്പോള്‍ എന്റെ ഈഗോക്ക് പാത്രമായ എന്റെ സുഹൃത്തിനെ അവള്‍ പ്രേമിച്ചു. എന്റെ കാമുകി അവളുടെ ഭര്‍ത്താവിനെ പ്രേമിച്ചു. ഈസമയത്ത് എന്റെ സുഹൃത്തിന്റെ കാമുകി എന്നെ പ്രേമിച്ചു.എനിക്കപ്പോള്‍ മറ്റൊരുവളോട് പ്രണയം തോന്നി. അവള്ക്കും കാമുകനുണ്ടായിരുന്നു അവനും സുഹൃത്തുക്കളുണ്ടായിരുന്നു. ആ സുഹൃത്തുക്കള്ക്കും കാമുകിമാരും ഭാര്യമാരും സുഹൃത്തുക്കളുമുണ്ടായിരുന്നു. ഈ കഥ ഇങ്ങനെ എത്രവേണമെങ്കിലും നീണ്ടുപോകാം.ഈ കഥ വിചിത്രമെന്ന് ആദ്യം പറഞ്ഞത് എന്റെ ഒരുതെറ്റാണ്‌.പ്രണയം ചിലപ്പോള്‍ നാട്ടുവഴികള്‍പോലെ വിചിത്രവും ചിലപ്പോള്‍ നഗരവീഥികള്‍പോലെ സുന്ദരവുമാണ്‌.ഞാന്‍ അവിശ്വസിക്കുന്നത്‌ പ്രണയത്തെയോ സൌഹൃദത്തെയോ ബന്ധങ്ങളെ മുഴുവനായോ അല്ല. വിശ്വാസം എന്ന വാക്കിനെത്തന്നെയാണ്‌.

9

നിന്നെ ഞാന്‍ കണ്ടെത്തും വരെ

ഞാന്‍ വൈകുന്നേരങ്ങളില്‍

സുഹൃത്തുക്കളോടൊത്ത് നടക്കാന്‍ പോയി

അമ്പലത്തിന്റെ മുന്നിലിരുന്ന്

പെണ്‍കുട്ടികളുടെ മുന്നും പിന്നും ദര്‍ശിച്ചു

മുത്തോ മുത്തുച്ചിപ്പിയോ വാങ്ങി മടങ്ങി

ഇപ്പോള്‍ ഞാന്‍ നിന്നെ പ്രേമിക്കുന്നു

പട്ടിയെപ്പോലെ ചുരുണ്ടുകൂടി എന്റെ ജീവിതം കിടക്കുന്നു

നിന്നില്‍ സംത്രുപ്തനായിക്കൊണ്ട്

[1 കമലാദാസിന്റെ പ്രേമം എന്ന കവിതയെ അനുകരിച്ചെഴുതിയത്‌]

10

പള്ളിപ്പെരുന്നാളിന്റെ രാത്രിയില്‍

കതിനമുഴക്കങ്ങളുടെ പശ്ചാത്തലത്തില്‍

വലിച്ചുകെട്ടിയ ഡബിള്‍ മുണ്ടില്‍

ജീസസ് പടം തുടങ്ങുന്നതിനുമുമ്പുള്ള ആകാംക്ഷയുടെ ഇടവേളയില്‍

പള്ളിക്കൂടമുറ്റത്ത് ബലൂണ്‍ തട്ടി നടന്നിരുന്ന


ആളൊഴിഞ്ഞ നേരത്ത്

പെണ്‍ കുട്ടികളുടെ മൂത്രപ്പുരയുടെ ചുമരിലെ പച്ചപ്പായല്‍ ചുരണ്ടി

ഹൃദയം തുളച്ചുകയറുന്ന അമ്പിന്റെ

-അതോ യോനി തുളച്ചുകയറുന്ന ലിംഗമോ-?

ചിത്രം വരച്ച

ഒരിക്കലും മടങ്ങിവരികയോ

അടിച്ചുവരികയോ ചെയ്യാത്ത കവിതകള്‍ക്കായി

ആഴ്ചപ്പതിപ്പുകള്‍ മാറിമാറി പരതിക്കൊണ്ടിരുന്ന


വീട്ടിലുള്ള ദിവസങ്ങളില്‍

അച്ഛാ കോഴിയെ നോക്കണെ പൂച്ചക്ക് ചോറുകൊടുക്കണേ എന്ന്

അവളുടെ അമ്മയെ അനുകരിച്ച് പറഞ്ഞ്

അങ്കണവാടിയിലേക്ക് പോകുന്ന

മൂന്നരവയസ്സുകാരിയെ ഓര്‍മിച്ചിരിക്കുന്ന

കാലത്തില്‍ നിന്ന്

ഒരു തരി നിന്റെ കണ്ണില്‍ വീണുകിടപ്പുണ്ട്

എത്രകണ്ടിട്ടും മതിവരാതെ

തമസ്കരിച്ചിട്ടും തികട്ടാതെ

ഞാന്‍ നിന്നെ നോക്കിക്കൊണ്ടിരിക്കുന്നത്‌ മറ്റൊന്നും കൊണ്ടായിരിക്കില്ല

11

ഈയിടെയായി കണ്ണുകള്‍ കവിതയില്‍ കൂടുതലാണല്ലോ എന്താ വല്ല കണ്ണിലും കുടുങ്ങിയോ എന്നുചോദിച്ച വായനക്കാരിയോട് കെട്ടിക്കിടക്കുന്നവന്റെ കവിത കാല്‍പനികമാകാതെ തരമില്ല ദുഷിക്കാതെയും തരമില്ല എന്നുപറഞ്ഞൊഴിഞ്ഞു.

12

ഉറങ്ങുമ്പോള്‍ ഉറങ്ങുന്നത് ഉറങ്ങുന്നവന്‍ മാത്രമല്ല

ഉണരുമ്പോള്‍ ഉണരുന്നത്‌ ഉണരുന്നവന്‍ മാത്രമല്ല

ഉലകം മുഴുവന്‍ അവനോടൊപ്പം ഉറങ്ങുകയും ഉണരുകയുമാണ്‌

എന്നൊടൊപ്പം ഉറങ്ങിപ്പോയ ലോകത്തെക്കുറിച്ച് എനിക്കു പരാതികളില്ല. എന്നൊടൊപ്പം ഉണര്‍ന്ന ലോകത്തിലേക്ക് എനിക്ക് വീണ്ടും ഉണരേണ്ടതുണ്ട്. പുറപ്പെട്ടേടത്തുതന്നെ എനിക്കു തിരിച്ചെത്തേണ്ടതുണ്ട്. പുറപ്പെട്ട ആളായിത്തന്നെ തിരിച്ചെത്തണമെന്ന നിര്‍ബന്ധമില്ലാതെ